swayamvara
pulimoottil

ഓരോ പ്രഭാതവും പുതുജന്മ ദാനം

ഓരോ പ്രഭാതവും പുതുജന്മ ദാനം
Share Email

ഡോ. മാത്യു ജോയിസ്, ലാസ് വേഗാസ്

ആയുസ്സിന്‍ നീളമൊരു ശാപമല്ലോര്‍ക്കുക,

ആകാശനാഥന്റെ പുണ്യദാനം!

ദൈവിക കൃപയുടെ പൊന്‍തൂവലുകളാല്‍

തീര്‍ത്തൊരു വാഴ് വിന്റെ സൗഭാഗ്യമത്.

ശിരസ്സിലെ വെള്ളിനര വാര്‍ധക്യ ചിഹ്നമല്ല,

കര്‍ത്താവിന്‍ സന്നിധിയില്‍ നട്ടൊരു വൃക്ഷം പോല്‍

വാര്‍ധക്യവേളയിലും പൂത്തുലയുന്നു;

തന്‍ കരംപിടിച്ചവന്‍ വഴിനടത്തീടുമ്പോള്‍

ഏതു സായന്തനവും സുന്ദരമാണ്.

ഈ ജന്മസാഫല്യം ഈശന്റെ ദാനമായ്

നെഞ്ചോടു ചേര്‍ക്കുക ആനന്ദമായ്!

ശിരസ്സിലെ വെള്ളിനര വാര്‍ധക്യ ചിഹ്നമല്ല,

നീതിതന്‍ വീഥിയില്‍ ചൂടും കിരീടം.

ജീവിത സാഗരം നീന്തിക്കടന്നവര്‍ക്ക്

ഉള്ളിലുദിക്കുന്നു ജ്ഞാനസൂര്യന്‍.

കര്‍ത്താവിന്‍ സന്നിധിയില്‍ നട്ടൊരു വൃക്ഷം പോല്‍

വാര്‍ധക്യവേളയിലും പൂത്തുലയും;

പച്ചപ്പൊടുങ്ങാത്ത പാവന ചിന്തകള്‍

മറ്റുള്ളവര്‍ക്കെന്നും സാന്ത്വനമാകും.

കാലിടറി വീണാലും തളരരുതേ മനമേ,

ജീവിത സായന്തനം ശാന്തമാം തീരം.

ദേഹത്തിനതിരുകള്‍ വീണുതുടങ്ങിയാലും,

ആത്മാവിന്‍ ചിറകുകള്‍ക്കതിരുകളില്ല!

കൈക്കുമ്പിളിലുണ്ട് വിജ്ഞാനക്കടലുകള്‍,

കണ്‍മുന്നിലുണ്ട് പുസ്തകപ്പൂങ്കാവനം.

നവസാങ്കേതിക വിസ്മയ നാളുകളില്‍

വിരല്‍ത്തുമ്പിലുണരുന്നു വിസ്മയലോകം;

ഇരുളടഞ്ഞ മുറികളില്‍ തളച്ചിടേണ്ടതില്ലിനി

സ്വപ്നങ്ങള്‍ നെയ്യുന്ന നിന്‍ ചിന്തകളെ.

മാറ്റമാണല്ലോ ജീവന്റെ നിത്യതാളം,

ഓരോ പ്രഭാതവും പുതുജന്മ ദാനം.

ഇന്നലെയല്ല നീ ഇന്നത്തെ പുലരിയില്‍,

നിന്നെത്തന്നെ നീ വീണ്ടും തീര്‍ക്കുക.

അറിവിന്റെ യാത്രയൊടുങ്ങാത്ത കാലത്തോളം

വാര്‍ധക്യം നിന്നില്‍ തളര്‍ച്ചയല്ലൊരുനാളും.

നാടകവേദിയിതെന്നപോല്‍ ജീവിതം,

ആറാം രംഗവും നിറപ്പകിട്ടാര്‍ന്നതാവട്ടെ.

കണ്ണീരും പുഞ്ചിരിയും തോല്‍വിയും വിജയവും

ഹൃദയം തുറന്നു നീ സ്വീകരിച്ചിടുക.

കാതങ്ങളേറെ താണ്ടാനുണ്ട് മുന്നില്‍,

കാത്തുസൂക്ഷിക്കാനുണ്ട് പല വാഗ്ദാനങ്ങള്‍.

വാര്‍ധക്യമേ, നിന്‍ കരംപിടിച്ചു ഞാന്‍ ചൊല്ലിടാം:

‘ഇനിയുള്ള നാളുകളാവട്ടെ ഏറ്റവും സുന്ദരം!’

Each morning is the gift of a new birth.

Share Email
Top