തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിൽ വിദേശ കമ്പനികളുടെ പങ്കാളിത്തവും ഇടപെടലുകളും വർധിച്ചു വരുന്നതായി കോൺഗ്രസ് നേതവും മന്ത്രിയുമായ കെ. മുരളീധരൻ. കേരളത്തിന്റെ ആരോഗ്യമേഖലയിൽ പൂർണ്ണമായി പിടിമുറുക്കാനാണ് വിദേശ സാമ്പത്തിക ശക്തികൾ ശ്രമിക്കുന്നത്. ഇത് സാധാരണക്കാരുടെ ചികിത്സാച്ചെലവ് വർധിപ്പിക്കാനും പൊതുജനാരോഗ്യ സംവിധാനത്തെ തകർക്കാനും മാത്രമേ ഉപകരിക്കൂ എന്ന് അദ്ദേഹം ആരോപിച്ചു.
സ്വകാര്യ ആശുപത്രികളിൽ കൂടുതൽ ലാഭം ഉണ്ടാക്കുന്നതിനായി സർജറികളുടെയും ഓപ്പറേഷനുകളുടെയും എണ്ണം കൂട്ടാൻ മാനേജ്‌മെന്റുകൾ ഡോക്ടർമാർക്ക് നിർദേശം നൽകുന്നുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി. രോഗികളുടെ ആരോഗ്യത്തേക്കാൾ ഉപരിയായി ബിസിനസ്സ് ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് പല സ്വകാര്യ സ്ഥാപനങ്ങളും പ്രവർത്തിക്കുന്നത്. കൂടുതൽ ആളുകളെ സ്വകാര്യ മേഖലയിലേക്ക് ആകർഷിക്കുന്നതിനായി ബോധപൂർവ്വമായ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സർക്കാർ ആശുപത്രികളെ ജനമധ്യത്തിൽ ഇടിച്ചുതാഴ്ത്താൻ ലക്ഷ്യമിട്ട് ആസൂത്രിതമായ നീക്കങ്ങൾ നടക്കുന്നുണ്ടെന്നും കെ. മുരളീധരൻ ചൂണ്ടിക്കാട്ടി. പൊതുജനാരോഗ്യ കേന്ദ്രങ്ങളിൽ നടക്കുന്ന വളരെ ചെറിയ വീഴ്ചകളെപ്പോലും പർവ്വതീകരിച്ച് കാണിച്ച് ജനങ്ങളിൽ ഭീതിയും അവിശ്വാസവും വളർത്താനാണ് ശ്രമം. പൊതുജനാരോഗ്യ മേഖലയെ ദുർബലപ്പെടുത്തി വിദേശ-സ്വകാര്യ ശക്തികൾക്ക് സൗകര്യമൊരുക്കുന്ന ഇത്തരത്തിലുള്ള നീക്കങ്ങൾക്കെതിരെ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

















