ദോഹ: യുഎസ്-ഇസ്രയേൽ യുദ്ധനീക്കങ്ങൾ ഗൾഫ് രാജ്യങ്ങൾക്കിടയിലെ ഭിന്നതകൾ കൂടുതൽ വ്യക്തമാക്കുന്നതിനൊപ്പം, പുതിയ സുരക്ഷാ മാതൃകകൾ തേടാൻ അവരെ പ്രേരിപ്പിച്ചതായി മിഡിൽ ഈസ്റ്റ് കൗൺസിൽ ഓഫ് ഗ്ലോബൽ അഫയേഴ്‌സിലെ സീനിയർ ഫെലോ മുഹന്നദ് സലൂം. ശക്തമായ യുദ്ധസാഹചര്യത്തിൽ ഗൾഫ് രാജ്യങ്ങൾക്ക് സുരക്ഷ ഉറപ്പാക്കുന്നതിനായി മേഖലയിലെ യുഎസ് സൈനിക താവളങ്ങളെ ആശ്രയിക്കുന്ന നിലവിലെ സുരക്ഷാ മാതൃക പരാജയപ്പെട്ടുവെന്നാണ് വിലയിരുത്തലെന്ന് അദ്ദേഹം അൽ ജസീറയോട് പറഞ്ഞു.
ഇതിന്റെ ഭാഗമായി ഖത്തർ നാറ്റോയുമായും തുർക്കിയുമായും, കുവൈത്ത് പാകിസ്ഥാനുമായും ഉഭയകക്ഷി പ്രതിരോധ കരാറുകളിൽ ഏർപ്പെട്ടതായി സലൂം ചൂണ്ടിക്കാട്ടി. സൗദി അറേബ്യ, തുർക്കി, പാകിസ്ഥാൻ എന്നീ രാജ്യങ്ങൾ ചേർന്ന് ത്രികക്ഷി സുരക്ഷാ സഖ്യവും രൂപീകരിച്ചിട്ടുണ്ട്. എന്നാൽ പുതിയ സുരക്ഷാ കരാറുകളുടെ പ്രായോഗികതയും ഫലപ്രാപ്തിയും ഇനിയും തെളിയിക്കപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
യുദ്ധത്തിന്റെ സാമ്പത്തിക ആഘാതം
യുദ്ധം ഗൾഫ് രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥകളെ വ്യത്യസ്ത രീതിയിലാണ് ബാധിച്ചതെന്നും സലൂം വിലയിരുത്തി. യുഎഇ, കുവൈത്ത്, ബഹ്‌റൈൻ, ഖത്തർ തുടങ്ങിയ രാജ്യങ്ങളുടെ സാമ്പത്തിക മേഖലയ്ക്ക് യുദ്ധം കനത്ത ആഘാതമുണ്ടാക്കിയപ്പോൾ, ഒമാനും സൗദി അറേബ്യയും താരതമ്യേന കുറഞ്ഞ പ്രത്യാഘാതമാണ് നേരിട്ടത്. എന്നിരുന്നാലും, സംഘർഷത്തിന്റെ മുൻനിര പോരാട്ടഭൂമിയായി മാറിയ ഗൾഫ് മേഖലയിലെ രാജ്യങ്ങൾ തന്നെയാണ് യുദ്ധത്തിന്റെ ഏറ്റവും വലിയ സാമ്പത്തിക പ്രത്യാഘാതങ്ങൾ നേരിടുന്നതെന്നും സലൂം കൂട്ടിച്ചേർത്തു.

















