ഓണ നാളുകളിൽ സംസ്ഥാനത്ത് പരക്കെ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതിൽ ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ 6 ജില്ലകളിൽ അതിശക്തമായ മഴ പ്രവചിച്ച് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ടും നിലവിലുണ്ട്.
ഉത്രാടത്തിനും തിരുവോണത്തിനും സംസ്ഥാനത്ത് മഴ സാധ്യത ശക്തമായി തുടരുമെന്നാണ് പ്രവചനം. ഉത്രാട ദിനമായ നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. തിരുവോണ ദിനത്തിൽ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ നാല് ജില്ലകളിൽ ശക്തമായ മഴ മുന്നറിയിപ്പുണ്ട്.
വരും ദിവസങ്ങളിലും കനത്ത മഴ തുടരാൻ സാധ്യതയുള്ളതിനാൽ കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ യഥാക്രമം 204.4 മില്ലിമീറ്റർ വരെയും 115.5 മില്ലിമീറ്റർ വരെയും മഴ ലഭിക്കാൻ സാധ്യതയുള്ളതിനാൽ മലയോര-തീരദേശ മേഖലകളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

















