ഒറിഗണ്‍: അമേരിക്കയിലെ ഒറിഗണില്‍ അഞ്ചുപേരെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തി. പോര്‍ട്ട്ലാന്‍ഡില്‍ നിന്ന് ഏകദേശം 30 മൈല്‍ അകലെയുള്ള ഫോറസ്റ്റ് ഗ്രോവിന് സമീപത്തെ ഗ്രാമപ്രദേശത്താണ് സംഭവം നടന്നത്. ശനിയാഴ്ച രാവിലെ തീപിടിത്തത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ അഗ്‌നിശമന സേനാംഗങ്ങളാണ് അഞ്ച് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
സംഭവസ്ഥലത്ത് നിരവധി വളര്‍ത്തുമൃഗങ്ങളെയും ചത്ത നിലയില്‍ കണ്ടെത്തിയതായി വാഷിംഗ്ടണ്‍ കൗണ്ടി ഷെരീഫ് ഓഫീസ് അറിയിച്ചു. കൊലപാതകങ്ങള്‍ യാദൃച്ഛികമായി നടന്നതല്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം. കൊല്ലപ്പെട്ടവരുടെ വ്യക്തിവിവരങ്ങള്‍ അധികൃതര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
സംഭവത്തിന്റെ സങ്കീര്‍ണത തന്നെ ഞെട്ടിച്ചുവെന്ന് വാഷിംഗ്ടണ്‍ കൗണ്ടി ഷെരീഫ് കാപ്രിസ് മാസി പറഞ്ഞു. 22 വര്‍ഷത്തെ സേവനത്തിനിടെ ഇത്രയും സങ്കീര്‍ണമായ ഒരു അന്വേഷണവുമായി ബന്ധപ്പെട്ട സാഹചര്യം ഞാന്‍ കണ്ടിട്ടില്ലെന്നു ഞായറാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അവര്‍ പറഞ്ഞു. സംഭവം പ്രദേശത്തെ ജനങ്ങളില്‍ വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ടെന്നും ഷെരീഫ് വ്യക്തമാക്കി.
കൊലപാതകങ്ങളില്‍ പ്രതിയെന്ന് സംശയിക്കുന്ന 36കാരനായ ബെഞ്ചമിന്‍ ചാള്‍സ് പാര്‍ക്കറെ പിന്നീട് വാഷിംഗ്ടണിലെ എനമ്‌ക്ലോ നഗരത്തില്‍ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം. കൊലപാതകങ്ങള്‍ നടന്ന സ്ഥലത്തെ സ്വത്ത് രേഖകളില്‍ പാര്‍ക്കറുടെ പേരും ഉണ്ടായിരുന്നതായി അധികൃതര്‍ അറിയിച്ചു.
സംഭവത്തെ തുടര്‍ന്ന് പൊതുജനങ്ങള്‍ക്ക് നിലവില്‍ ഭീഷണിയില്ലെന്നാണ് ഷെരീഫ് ഓഫീസ് വ്യക്തമാക്കിയത്. എന്നാല്‍ കൊലപാതകങ്ങളുടെ കാരണം, ഇരകളുടെ വ്യക്തിത്വം, സംഭവത്തിലേക്ക് നയിച്ച സാഹചര്യങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അന്വേഷണം തുടരുകയാണ്. സംഭവം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ പിന്നീട് പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Incident involving the killing of five people in Oregon; accused found dead.

















