swayamvara
pulimoottil

അമേരിക്കയുടെ സാമ്പത്തിക ഉപരോധം ‘ഭരണകൂട ഭീകരവാദം’; ലോകരാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ഇറാൻ

അമേരിക്കയുടെ സാമ്പത്തിക ഉപരോധം ‘ഭരണകൂട ഭീകരവാദം’; ലോകരാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ഇറാൻ

ടെഹ്‌റാൻ: ഇറാനെതിരെ അമേരിക്ക നടപ്പാക്കുന്ന പുതിയ സാമ്പത്തിക ഉപരോധ നടപടികളെ രൂക്ഷമായി വിമർശിച്ച് ഇറാൻ വിദേശകാര്യ മന്ത്രാലയം. സ്വതന്ത്ര രാജ്യങ്ങളുടെ മേൽ അനധികൃത സ്വാധീനം ചെലുത്താനുള്ള വാഷിംഗ്ടണിന്റെ ശ്രമങ്ങൾക്ക് പിന്തുണ നൽകുന്നത് നിയമവിരുദ്ധ നടപടികളിൽ പങ്കാളികളാകുന്നതിന് തുല്യമാണെന്ന് മന്ത്രാലയം ലോകരാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകി. അമേരിക്കയുടെ സാമ്പത്തിക ഉപരോധങ്ങൾ ഐക്യരാഷ്ട്രസഭാ ചാർട്ടറിന്റെ നഗ്നമായ ലംഘനമാണെന്നും ഇറാൻ ആരോപിച്ചു.

അമേരിക്കയും ഇസ്രയേലും ചേർന്ന് ഇറാനെതിരെ നടത്തുന്ന സൈനിക നടപടികളുടെ തുടർച്ചയായാണ് പുതിയ സാമ്പത്തിക ഉപരോധങ്ങളെയും കാണുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. അമേരിക്കയുടെ നടപടികളെ ‘ഭരണകൂട ഭീകരവാദം’ (State Terrorism) എന്നും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യമെന്നും വിശേഷിപ്പിച്ച ഇറാൻ, ഇത്തരം ഉപരോധങ്ങൾ ദശലക്ഷക്കണക്കിന് സാധാരണക്കാരുടെ ആരോഗ്യത്തെയും ഉപജീവനത്തെയും ഗുരുതരമായി ബാധിക്കുമെന്നും ചൂണ്ടിക്കാട്ടി.

വാഷിംഗ്ടണും ഇസ്രയേലും നടത്തുന്ന അന്താരാഷ്ട്ര നിയമലംഘനങ്ങൾക്കെതിരെ ഐക്യരാഷ്ട്രസഭയും അംഗരാജ്യങ്ങളും ഫലപ്രദമായി പ്രതികരിക്കുന്നില്ലെന്നും ഇറാൻ കുറ്റപ്പെടുത്തി. ഇത്തരം നിഷ്ക്രിയത്വം കൂടുതൽ നിയമലംഘനങ്ങൾക്ക് അവരെ പ്രേരിപ്പിക്കുകയാണെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ ആരോപിച്ചു. അമേരിക്കൻ-ഇസ്രയേൽ സഖ്യത്തിന്റെ സൈനിക, സാമ്പത്തിക നീക്കങ്ങളെ ശക്തമായി ചെറുക്കുന്നതിനും രാജ്യത്തിന്റെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനും ലഭ്യമായ എല്ലാ മാർഗങ്ങളും ഉപയോഗിക്കുമെന്നും ഇറാൻ വ്യക്തമാക്കി.

Share Email
LATEST excelnclexrn
More Articles
Top