swayamvara
pulimoottil

വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ പ്രസിഡന്റായി ജോളി തടത്തില്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു

വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ പ്രസിഡന്റായി ജോളി തടത്തില്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു

എ.എസ് ശ്രീകുമാര്‍

ഡാളസ്: ജന്‍മനാടിന് പുറത്ത് ലോകത്താകമാനം വസിക്കുന്ന മലയാളികളെ രാഷ്ട്രീയേതരമായി ഒന്നിപ്പിക്കുന്ന വേള്‍ഡ് മലയാളി കൗണ്‍സിസിന്റെ പുതിയ ഗ്ലോബല്‍ പ്രസിഡന്റായി, നിലവിലെ യൂറോപ്യന്‍ റീജിയന്‍ ചെയര്‍മാനും മുതിര്‍ന്ന നേതാവുമായ ജോളി തടത്തില്‍ (ജര്‍മനി) ഐകകണ്‌ഠ്യേന തിരഞ്ഞെടുക്കപ്പെട്ടു. ഡാളസിലെ വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ 15-ാമത് ഗ്ലോബല്‍ കോണ്‍ഫറന്‍സില്‍ വച്ചായിരുന്നു തിരഞ്ഞെടുപ്പ്. ലോക മലയാളികളെ ഒരുമിപ്പിക്കുന്നതിനായി 1995 ജൂലൈ 3-ന് ന്യൂജേഴ്‌സിയില്‍ രൂപം കൊണ്ട വേള്‍ഡ് മലയാളി കൗണ്‍സില്‍ 30-ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയിലുള്ള ഈ സ്ഥാന ലബ്ധി ഏറെ സന്തേഷകരവും തന്റെ ഉത്തരവാദിത്വങ്ങള്‍ വര്‍ധിപ്പിക്കുന്നതുമാണെന്ന് ജോളി തടത്തില്‍ പറഞ്ഞു.

ജോളി തടത്തില്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത് അദ്ദേഹത്തിന്റെ സൗമ്യവും ദീപ്തവുമായ സംഘടനാ പാരമ്പര്യത്തിനുള്ള അംഗീകാരമാണെന്ന് പ്രൗഢഗംഭീരമായ കോണ്‍ഫറന്‍സില്‍ പങ്കെടുത്ത ഏവരും ഒരേ സ്വരത്തില്‍ അഭിപ്രായപ്പെട്ടു. വേള്‍ഡ് മലയാളി കൗണ്‍സില്‍ രൂപം കൊണ്ടതു മുതല്‍ ഈ കൂട്ടായ്മയില്‍ നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്ന ജോളി തടത്തില്‍ സംഘടനയുടെ വിവിധ തലങ്ങളില്‍ തന്റെ നേതൃപരമായ സാന്നിധ്യമറിയിച്ചിട്ടുണ്ട്.

കൗണ്‍സിലിന്റെ യൂറോപ്പ് റീജിയന്‍ പ്രസിഡന്റ്, ചെയര്‍മാന്‍ എന്നീ നിലകളില്‍ തിളക്കമാര്‍ന്ന സേവനം കാഴ്ചവച്ച അദ്ദേഹം 2002-ല്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, എം.എ ബേബി, പി.ജെ ജോസഫ്, എം.എം ഹസന്‍, ജി.ജി തോംസണ്‍ ഐ.എ.എസ് തുടങ്ങിയ രാഷ്ട്രീയ വ്യക്തിത്വങ്ങളും കലാ-സാംസ്‌കാരിക-സാഹിത്യ പ്രതിഭകളും ഉള്‍പ്പെടെ ആയിരത്തിലധികം പേരെ പങ്കെടുപ്പിച്ച് നടത്തിയ ഗ്ലോബല്‍ കോണ്‍ഫറന്‍സിന് നേതൃത്വം നല്‍കി. 2006-ല്‍ എറണാകുളം ടൗണ്‍ ഹാളില്‍ 25 ഭിന്നശേഷിക്കാര്‍ക്ക് വീല്‍ചെയറുകളും മറ്റും നല്‍കിയ സമ്മേളനത്തിന്റെ ജനറല്‍ കണ്‍വീനറായിരുന്നു ജോളി തടത്തില്‍.

യൂറോപ്പ് റീജിയന്റെ പ്രസിഡന്റായിരിക്കെ കൊച്ചി ഗോകുലം പാര്‍ക്കില്‍, സംസ്ഥാന മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത കോണ്‍ഫറന്‍സില്‍ നിര്‍ധനര്‍ക്കുള്ള 5 വീടുകളുടെ താക്കോല്‍ നല്‍കി. കൗണ്‍സിലിന്റെ ഭവനപദ്ധതി ഉള്‍പ്പെടെയുള്ള ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ സാക്ഷാത്കരിക്കുന്നതില്‍ റീജിയണ്‍-ഗ്ലോബല്‍ തലങ്ങളില്‍ ജോളി തടത്തില്‍ സജീവമാണ്. നോര്‍ക്ക രൂപികരിക്കുന്നതിനായുള്ള ശ്രമങ്ങളില്‍ ജോളി തടത്തില്‍ സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.

1991-ല്‍ ജര്‍മനിയിലെത്തിയ ജോളി തടത്തില്‍ മുവാറ്റുപുഴ തോട്ടക്കര സ്വദേശിയാണ്. എം.എസ്.സി കരസ്ഥമാക്കിയ ശേഷം ഫെഡറല്‍ ബാങ്കില്‍ ജോലി ചെയ്യുന്നതിനിടെയാണ് ഇദ്ദേഹം ജര്‍മനിയിലേയ്ക്ക് കുടിയേറിയത്. അവിടെ നിന്ന് ഹോസ്പിറ്റല്‍ മാനേജ്‌മെന്റില്‍ ബിരുദം സമ്പാദിച്ചു. ഹോം കെയര്‍ പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ജോളി തടത്തില്‍ 10 ഓള്‍ഡ് ഏജ് ഹോമുകളുടെ സാരഥ്യം വഹിക്കുന്നു. ഈസ്റ്റ് വെസ്റ്റ് ഫുഡ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ നാട്ടില്‍ നിന്നുള്ള ഈസ്റ്റേണ്‍, വിശ്വാസ്, മലബാര്‍ ചോയ്‌സ്, ഡബിള്‍ ഹോഴ്‌സ്, സാറാസ് തുടങ്ങിയ കമ്പനികളുടെ കറി പൗഡറുകളുടെയും മറ്റും യൂറോപ്പിലെ അംഗീകൃത വിതരണ ഏജന്‍സിയും ജോളി തടത്തിലിനുണ്ട്.

നേഴ്‌സിങ് ഡയറക്ടറായ മേഴ്‌സി തടത്തിലാണ് ജോളിയുടെ ഭാര്യ. നിക്കോള്‍, നെല്‍സണ്‍, നാന്‍സി എന്നിവര്‍ മക്കള്‍. ഇതില്‍ നിക്കോള്‍ ‘അങ്ങനെയൊരവധിക്കാലത്ത്’ എന്ന ചിത്രത്തില്‍ നെടുമുടി വേണുവിന്റെ മകളായി ശ്രദ്ധേയമായ വേഷം ചെയ്തു. നാന്‍സി ‘കടല്‍ കടന്ന മാത്തുക്കുട്ടി’ എന്ന സിനിമയില്‍ മമ്മൂട്ടിയുടെ മകളായി തിളങ്ങിയിട്ടുണ്ട്.

Jolly Thadathil Elected Unopposed as Global President of the World Malayalee Council

Share Email
LATEST excelnclexrn
More Articles
Top