swayamvara
pulimoottil

കള്ളൻ വിജയൻ ലേഖന വിവാദം: ദേശാഭിമാനി വാരാന്തപ്പതിപ്പ് മുൻ എഡിറ്റർ കെ.ആർ. അജയൻ രാജിവെച്ചു

കള്ളൻ വിജയൻ ലേഖന വിവാദം: ദേശാഭിമാനി വാരാന്തപ്പതിപ്പ് മുൻ എഡിറ്റർ കെ.ആർ. അജയൻ രാജിവെച്ചു
Share Email

‘കള്ളൻ വിജയൻ’ എന്ന ലേഖനത്തിന്റെ തലക്കെട്ടുമായി ബന്ധപ്പെട്ട തർക്കങ്ങൾക്കൊടുവിൽ ദേശാഭിമാനി വാരാന്തപ്പതിപ്പ് മുൻ എഡിറ്റർ കെ.ആർ. അജയൻ രാജിവെച്ചു. വാരാന്തപ്പതിപ്പിന്റെ ചുമതലയിൽ നിന്ന് നേരത്തെ തന്നെ ഇദ്ദേഹത്തെ മാറ്റിനിർത്തിയിരുന്നു. ഇതിനുപിന്നാലെ ഒന്നുകിൽ രാജി സമർപ്പിക്കുക, അല്ലെങ്കിൽ നീണ്ട അവധിയിൽ പ്രവേശിക്കുക എന്ന നിർദേശം മാനേജ്‌മെന്റ് മുന്നോട്ടുവെക്കുകയായിരുന്നു.

ലേഖനത്തിന്റെ തലക്കെട്ട് പാർട്ടി വിരുദ്ധമല്ലെന്ന വിശദീകരണമാണ് അജയൻ റസിഡന്റ് എഡിറ്റർക്ക് നൽകിയത്. എന്നാൽ, നിർദേശിച്ചിട്ടും തലക്കെട്ട് മാറ്റാൻ തയ്യാറാകാതിരിക്കുകയും വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകുകയും ചെയ്തുവെന്ന് ചൂണ്ടിക്കാട്ടിയാണ് റസിഡന്റ് എഡിറ്റർ അദ്ദേഹത്തിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.

പുല്ലമ്പാറയിലെ അറിയപ്പെടുന്ന നാടകപ്രവർത്തകൻ വിജയനെക്കുറിച്ച് മാധ്യമപ്രവർത്തകനായ ടി.സി. രാജേഷ് എഴുതിയതായിരുന്നു ഈ ലേഖനം. ‘കള്ളൻ വിജയൻ, ധന്യ നാടക ഗ്രാമം, മുത്തിപ്പാറ പി.ഒ’ എന്ന തലക്കെട്ടിൽ തയ്യാറാക്കിയ ലേഖനത്തിൽ പാർട്ടി വിരുദ്ധമായി ഒന്നുമില്ലായിരുന്നുവെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

ലേഖനത്തിന്റെ തലക്കെട്ട് മാറ്റണമെന്ന് എഡിറ്റോറിയൽ ബോർഡിലെ ചില അംഗങ്ങൾ ആവശ്യപ്പെട്ടതിനെത്തുടർന്നുണ്ടായ തർക്കമാണ് ഒടുവിൽ വാരാന്തപ്പതിപ്പിന്റെ പ്രസിദ്ധീകരണം തന്നെ മുടങ്ങുന്ന സാഹചര്യത്തിലേക്ക് നയിച്ചത്. ദേശാഭിമാനി ഒഴിവാക്കിയ ഈ ലേഖനം പിന്നീട് എഴുത്തുകാരൻ അതേ തലക്കെട്ടോടെ തന്നെ സ്വന്തം ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടു. മുതിർന്ന മാധ്യമപ്രവർത്തകനായ കെ.ആർ. അജയന്റെ രാജി, സ്ഥാപനത്തിനുള്ളിലെ എഡിറ്റോറിയൽ തർക്കങ്ങൾ വീണ്ടും സജീവ ചർച്ചയാക്കി മാറ്റിയിരിക്കുകയാണ്.

Share Email
Top