swayamvara
pulimoottil

വൈറ്റ് ഹൗസില്‍ കോടികള്‍ ചെലവഴിച്ച ഹെലിപാഡ്; നിര്‍മ്മാണ സ്ഥലത്ത് കൈയ്യൊപ്പ് ചാര്‍ത്തി ട്രംപ്

വൈറ്റ് ഹൗസില്‍ കോടികള്‍ ചെലവഴിച്ച ഹെലിപാഡ്; നിര്‍മ്മാണ സ്ഥലത്ത് കൈയ്യൊപ്പ് ചാര്‍ത്തി ട്രംപ്

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസിന്റെ സൗത്ത് ലോണില്‍ നിര്‍മിക്കുന്ന കോടികള്‍ ചെലവഴിക്കുന്ന പുതിയ ഹെലിപാഡ് സന്ദര്‍ശിച്ച് നിര്‍മ്മാണ സ്ഥലത്തെ കല്ലില്‍ സ്വന്തം കൈയൊപ്പ് പതിപ്പിച്ചു. മില്യണ്‍ കണക്കിന് ഡോളര്‍ ചെലവില്‍ ഗ്രാനൈറ്റ് ഉപയോഗിച്ചാണ് ഹെലിപാഡ് നിര്‍മിക്കുന്നത്. അമേരിക്കന്‍ ദേശീയ മുദ്രയും ഹെലിപാഡില്‍ ഉള്‍പ്പെടുത്തും. പദ്ധതിയുടെ നിര്‍മ്മാണ പുരോഗതി ട്രംപ് മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ വിശദീകരിച്ചു.

പദ്ധതിക്ക് 6 മില്യണ്‍ ഡോളര്‍ വരെ ചെലവാകുമെന്നും അതിന്റെ മുഴുവന്‍ തുകയും മറൈന്‍ വണ്‍ ഹെലികോപ്റ്ററുകളുടെ നിര്‍മ്മാതാക്കളായ സികോര്‍സ്‌കി നല്‍കുമെന്നും ട്രംപ് നേരത്തെ പറഞ്ഞിരുന്നു. ബുധനാഴ്ചയും പദ്ധതിയുടെ വലിയൊരു ഭാഗം സികോര്‍സ്‌കിയാണ് വഹിക്കുന്നതെന്ന് ട്രംപ് ആവര്‍ത്തിച്ചു. താനുള്‍പ്പെടെ നിരവധി പേരുടെ സംഭാവനകളും പദ്ധതിക്കായി ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സികോര്‍സ്‌കിയുടെ മാതൃകമ്പനിയായ ലോക്ക്ഹീഡ് മാര്‍ട്ടിന്‍, തങ്ങളുടെ സംഭാവന നാഷണല്‍ പാര്‍ക്ക് സര്‍വീസിനാണ് നല്‍കിയതെന്ന് വ്യക്തമാക്കി. ഭരണകൂടവുമായി സഹകരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ കര്‍ശനമായ വ്യവസ്ഥകളും നിയമാനുസൃത നടപടികളും പാലിച്ചാണ് നടത്തുന്നതെന്നും കമ്പനി അറിയിച്ചു. അതേസമയം, പദ്ധതിക്ക് പണം നല്‍കുന്നത് ആരാണെന്നും ഭാവിയില്‍ ഇതിന്റെ ചെലവ് നികുതിദായകരുടെ മേല്‍ വരുമോ എന്നതിലും ചോദ്യങ്ങള്‍ ഉയരുന്നുണ്ട്.

മറൈന്‍ വണ്‍ ഹെലികോപ്റ്ററുകള്‍ക്ക് പുറമെ വിദേശ രാഷ്ട്രത്തലവന്മാരുടെ സന്ദര്‍ശന സമയത്തും ഹെലിപാഡ് ഉപയോഗിക്കാനാണ് പദ്ധതി. വൈറ്റ് ഹൗസില്‍ നിര്‍മിക്കുന്ന പുതിയ ബോള്‍ റൂമിലെ പരിപാടികള്‍ക്ക് മുന്നോടിയായി സ്വീകരണ വേദിയായും ഇത് ഉപയോഗിക്കാമെന്ന് ട്രംപ് പറഞ്ഞു. ലോകത്തിലെ വലുതും ശക്തവുമായ ഏത് ഹെലികോപ്റ്ററിനും ഇറങ്ങാന്‍ കഴിയുന്ന തരത്തിലാണ് പുതിയ ഹെലിപാഡ് നിര്‍മിക്കുന്നതെന്നും ട്രംപ് അവകാശപ്പെട്ടു. പുതിയ മറൈന്‍ വണ്‍ ഹെലികോപ്റ്ററുകള്‍ വൈറ്റ് ഹൗസിന്റെ സൗത്ത് ലോണില്‍ ഇറങ്ങുമ്പോള്‍ പുല്ലിന് കേടുപാടുകള്‍ സംഭവിക്കാതിരിക്കാനാണ് പുതിയ ലാന്‍ഡിംഗ് സംവിധാനം ഒരുക്കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.

സെപ്റ്റംബര്‍ 24ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് വൈറ്റ് ഹൗസ് സന്ദര്‍ശിക്കാനിരിക്കെയാണ് നിര്‍മ്മാണം വേഗത്തിലാക്കുന്നത്. ഹെലിപാഡ് ഉയര്‍ത്തി നിര്‍മിക്കണമെന്ന ട്രംപിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് നിര്‍മ്മാണം ഏകദേശം ഒരാഴ്ച വൈകിയതായും റിപ്പോര്‍ട്ടുണ്ട്.

Multi-million dollar White House helipad; Trump leaves his mark at the construction site.

Share Email
Top