swayamvara
pulimoottil

ONAM orphosis:ഓണരൂപാന്തരം, മാവേലിയെപ്പോലും മേക്കോവര്‍ ചെയ്ത AI-കാല ഓണക്കാഴ്ച

ONAM orphosis:ഓണരൂപാന്തരം, മാവേലിയെപ്പോലും മേക്കോവര്‍ ചെയ്ത AI-കാല ഓണക്കാഴ്ച

പിന്റോ കണ്ണംപള്ളി

കസവുടുപ്പും രാജവേഷവും ആരോഗ്യവടിവും ഇനി ഒരു ക്ലിക്കിന്റെ അകലം; ആഘോഷങ്ങളെ പുതുക്കുന്ന കൃത്രിമബുദ്ധിയുടെ ചിരിയും ചിന്തയും

കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇന്‍സ്റ്റാഗ്രാമും ഫേസ്ബുക്കും വാട്ട്സ്ആപ്പ് സ്റ്റാറ്റസുകളും എടുത്തു നോക്കിയവര്‍ ഒന്നടങ്കം അത്ഭുതപ്പെട്ടു കാണും. ‘ഇതെന്താ നമ്മുടെ നാട് പെട്ടെന്ന് സിനിമാ താരങ്ങളുടെയും ബോഡി ബില്‍ഡര്‍മാരുടെയും നാടായി മാറിയോ?’ എന്ന് സംശയിച്ചെങ്കില്‍ തെറ്റുപറയാനാകില്ല. കാരണം, ഈ ഓണത്തിന് മലയാളി പങ്കുവെച്ച ആശംസാ ചിത്രങ്ങളിലും വീഡിയോകളിലും കണ്ടത് ഒന്നൊന്നര ഫിറ്റ്നസ് ഉള്ള, രാജകീയ ലുക്കിലുള്ള ആളുകളെയാണ്!

ഈ വര്‍ഷത്തെ ഓണത്തിന് മലയാളികള്‍ക്കിടയില്‍ ഒരു അപൂര്‍വ ആരോഗ്യവിപ്ലവം നടന്നു. ഓണത്തിന് മലയാളികള്‍ക്കൊക്കെ സിക്സ് പാക്ക്!

പണ്ടൊക്കെ ഇതുപോലൊരു രാജകീയ ലുക്കില്‍, അഴളളളവുകളുള്ള ശരീരത്തോടെ, മികച്ച ലൈറ്റിംഗും കോസ്റ്റ്യൂമും ഒക്കെ ഒപ്പിച്ചു ഫോട്ടോയെടുക്കാന്‍ വന്‍ തുക മുടക്കേണ്ടിയിരുന്നു. വന്‍കിട സിനിമകളുടെ പ്രൊമോ വീഡിയോകളും മോഡലുകളുടെ ഹൈ-പെയ്ഡ് ഫോട്ടോഷൂട്ടുകളും കണ്ടു ‘ഹാ! എനിക്കും ഇതുപോലെ ആകാന്‍ പറ്റിയിരുന്നെങ്കില്‍’ എന്ന് ആഗ്രഹിച്ച ഒരു കാലമുണ്ടായിരുന്നു. എഡിറ്റിംഗിനും വിഎഫ്എക്‌സിനുമായി വന്‍ തുക വാങ്ങുന്ന വിദഗ്ദ്ധരായിരുന്നു അന്ന് താരം. എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ മാറിമറിഞ്ഞു.

ശരാശരി അരക്കെട്ട് ഒരൊറ്റ രാത്രിയില്‍ നാലിഞ്ച് കുറഞ്ഞു; മുഖം ചന്ദ്രികപോലെ തെളിഞ്ഞു; തലമുടി മഴക്കാലത്തെ പുല്‍മേടുപോലെ നിറഞ്ഞു; പല്ലുകള്‍ നിലവിളക്കിനേക്കാള്‍ പ്രകാശിച്ചു.ജിം ഉടമകള്‍ക്കും ഡയറ്റീഷ്യന്‍മാര്‍ക്കും മാത്രം ഈ വിപ്ലവത്തിന്റെ സര്‍ക്കുലര്‍ കിട്ടിയില്ല. അവര്‍ ഇപ്പോഴും ട്രെഡ്മില്‍ തുടച്ചുകൊണ്ടിരിക്കുമ്പോള്‍, സമൂഹമാധ്യമങ്ങളില്‍ മലയാളികള്‍ എല്ലാവരും രാജകീയ വേഷത്തില്‍ നിവര്‍ന്നുനില്‍ക്കുകയായിരുന്നു.

എങ്ങനെ എന്നല്ലേ? ഉത്തരം വളരെ ലളിതം: ഒരു നല്ല ഫോട്ടോ, രണ്ടുമൂന്ന് വരിയുള്ള ഒരു നിര്‍ദേശം, പിന്നെ ഒരു ക്ലിക്ക്. ‘എന്നെ കേരളീയ ഓണവേഷത്തില്‍, പൂക്കളത്തിനരികില്‍, ആരോഗ്യവാനായും രാജകീയമായും കാണിക്കണം’ എന്ന് പറഞ്ഞാല്‍ മതി. അടുത്ത നിമിഷം കസവുമുണ്ട് കൃത്യമായി വീഴും, തോളില്‍ നേരിയ പൊന്‍വെളിച്ചം പതിയും, പിന്നില്‍ വള്ളവും തെങ്ങുകളും വരും. യഥാര്‍ഥ ജീവിതത്തില്‍ മുണ്ട് ഉടുക്കാന്‍ രണ്ടുപേര്‍ സഹായിക്കേണ്ടവനും ചിത്രത്തില്‍ തൃപ്പൂണിത്തുറ രാജവംശത്തിന്റെ അവസാന അവകാശിയെപ്പോലെ നില്‍ക്കും.

ഈ ഓണക്കാലത്ത് ആശംസാചിത്രങ്ങള്‍ തുറന്നുനോക്കിയപ്പോള്‍ ഒരു കാര്യം വ്യക്തമായി: നമ്മള്‍ വെറും ഓണം ആഘോഷിച്ചില്ല; നമ്മുടേതായ ഡിജിറ്റല്‍ സിനിമയും പുറത്തിറക്കി. ഇന്നലെവരെ സാധാരണ ഷര്‍ട്ടിട്ട് കുടുംബഗ്രൂപ്പില്‍ ‘ഹാപ്പി ഓണം’ എന്ന് എഴുതിയിരുന്ന അമ്മാവന്‍, ഇന്ന് പൊന്‍കിരീടവും പട്ടുടുപ്പും അണിഞ്ഞ മഹാബലി. കഴിഞ്ഞ ആഴ്ച സദ്യയില്‍ നാലാമത്തെ പായസവും എടുത്ത ചേട്ടന്‍, ചിത്രത്തില്‍ കൈമുട്ട് മടക്കിയാല്‍ ബൈസെപ്‌സ് തെളിയുന്ന ഫിറ്റ്‌നസ് അംബാസഡര്‍. ആരെയും കുറ്റം പറയാനാകില്ല; ചിത്രം കണ്ടപ്പോള്‍ അവര്‍ക്കുതന്നെ പുതിയൊരു ആത്മവിശ്വാസം വന്നിട്ടുണ്ടാകും. ഈ വര്‍ഷത്തെ ഓണത്തിലെ ഏറ്റവും വേഗമേറിയ വ്യായാമം: ‘Generate’ ബട്ടണ്‍ അമര്‍ത്തിയ ചൂണ്ടുവിരലിന്റേത്!

ചാറ്റ്ജിപിടി, ജെമിനി, കോപൈലറ്റ് തുടങ്ങി നിരവധി എ.ഐ. അധിഷ്ഠിത സംവിധാനങ്ങള്‍ ഇന്ന് എഴുത്തും ചിത്രവും ശബ്ദവും വീഡിയോയും സൃഷ്ടിക്കാന്‍ സഹായിക്കുന്നു. ഒരാള്‍ക്ക് ആശംസയുടെ വാക്കുകള്‍ വേണം; മറ്റൊരാള്‍ക്ക് പൂക്കളത്തിനുമുകളില്‍ കുടുംബപ്പേര് പതിച്ചൊരു ഫ്‌ലയര്‍; മൂന്നാമന് നാട്ടില്‍ എത്താനാകാത്തതിനാല്‍, ന്യൂയോര്‍ക്കിലെ മഞ്ഞുകാലത്ത് എടുത്ത ഫോട്ടോയെ ആലപ്പുഴയിലെ ഓണപ്രഭാതമാക്കണം. എ.ഐ. ഓരോരുത്തരുടെയും ആവശ്യത്തിന് അനുസരിച്ച് ഡിജിറ്റല്‍ തയ്യല്‍ക്കാരന്‍, ഫോട്ടോഗ്രാഫര്‍, കലാസംവിധായകന്‍, തിരക്കഥാകൃത്ത് എന്നീ ജോലികള്‍ മാറിമാറി ചെയ്യുന്നു. പ്രവാസി മലയാളിക്കാണ് ഇതിന്റെ രസം കൂടുതല്‍ മനസ്സിലാകുന്നത്. അലമാരയില്‍ കസവുസാരി ഇല്ലെങ്കിലും ചിത്രത്തില്‍ അത് കിട്ടും; അടുത്തുള്ള കടയില്‍ വള്ളംകളിക്കുള്ള വേഷം ഇല്ലെങ്കിലും വീഡിയോയില്‍ വള്ളത്തിന്റെ നടുവില്‍ ഇരിക്കാം. കുട്ടികള്‍ സ്‌കൂളില്‍നിന്ന് വന്നിട്ട് അഞ്ചുമിനിറ്റിനകം രാജകുമാരനും രാജകുമാരിയുമായി മാറും. കുടുംബാംഗങ്ങള്‍ നാല് രാജ്യങ്ങളില്‍ ആയാലും ഒരേ പൂക്കളത്തിനു ചുറ്റും നില്‍ക്കുന്ന ചിത്രം സൃഷ്ടിക്കാം. വിമാനം കയറാതെ നാട്ടിലെത്തിക്കുന്ന ഈ ഡിജിറ്റല്‍ യാത്രയ്ക്ക് ബാഗേജ് ചാര്‍ജും ഇല്ല.

മുമ്പ് ഒരു സംഘടനയുടെ ഓണാഘോഷ പോസ്റ്റര്‍ തയ്യാറാകണമെങ്കില്‍ പ്രസിഡന്റിന്റെ പേര് രണ്ടുതവണ തെറ്റും, സ്‌പോണ്‍സറുടെ ലോഗോ കാണാതാകും, തീയതി തിരുത്തുമ്പോള്‍ വേദി മാറിപ്പോകും. ഇന്ന് ആശയം വ്യക്തമായി പറഞ്ഞാല്‍ നിരവധി രൂപകല്‍പ്പനകള്‍ നിമിഷങ്ങള്‍ക്കകം ലഭിക്കും. അതില്‍നിന്ന് നല്ലത് തിരഞ്ഞെടുക്കാനും ഭാഷ മെച്ചപ്പെടുത്താനും നിറങ്ങള്‍ ക്രമപ്പെടുത്താനും എ.ഐ. സഹായിക്കും. ചെറിയ കൂട്ടായ്മകള്‍ക്കും കുടുംബങ്ങള്‍ക്കും സന്നദ്ധസംഘടനകള്‍ക്കും പ്രൊഫഷണല്‍ നിലവാരമുള്ള ഉള്ളടക്കം സൃഷ്ടിക്കാനുള്ള വാതില്‍ ഇതോടെ തുറന്നു.

ഇതില്‍ ഏറ്റവും വലിയ മാറ്റം ചെലവ് കുറഞ്ഞതല്ല; സൃഷ്ടിക്കാനുള്ള ധൈര്യം കൂടിയതാണ്. ‘എനിക്ക് ഡിസൈന്‍ അറിയില്ല’, ‘വീഡിയോ എഡിറ്റിംഗ് എന്റെ പണിയല്ല’ എന്ന് കരുതിയിരുന്നവര്‍ പരീക്ഷിക്കാന്‍ തുടങ്ങി. ആദ്യ ഫലം അല്പം വിചിത്രമായാലും രണ്ടാമത്തെ നിര്‍ദേശം മെച്ചപ്പെടും. മൂന്നാമത്തെ ശ്രമത്തില്‍ സ്വന്തം ആശയം രൂപംകൊള്ളുന്നത് കാണുമ്പോള്‍ ഒരാള്‍ക്ക് ലഭിക്കുന്ന സന്തോഷം ചെറിയ കാര്യമല്ല. കലയുടെ വാതില്‍ക്കല്‍ നിന്നിരുന്ന പലരും ഇപ്പോള്‍ അകത്തുകയറി കസേര വലിച്ചിരിക്കുന്നു. എന്നാല്‍ എ.ഐ. ഒരു മായാജാലക്കാരനാണെങ്കിലും മനസ്സുവായിക്കുന്ന ജ്യോത്സ്യനല്ല. ‘ഒരു നല്ല ഓണചിത്രം ഉണ്ടാക്കൂ’ എന്ന നിര്‍ദേശം നല്‍കിയാല്‍, നല്ലത് എന്നതിന്റെ അര്‍ഥം അത് സ്വന്തം രീതിയില്‍ തീരുമാനിക്കും. ഫലം ചിലപ്പോള്‍ കേരളസാരിക്ക് പകരം വിവാഹവേദിയിലെ തിരശ്ശീലയും, ചെണ്ടയ്ക്ക് പകരം വലിയ പാത്രവും ആയേക്കാം. അതിനാല്‍ വ്യക്തമായ നിര്‍ദേശം എഴുതുന്ന കല, അഥവാ ‘പ്രോംപ്റ്റിംഗ്’, പുതിയ കാലത്തിന്റെ ചെറിയൊരു സാക്ഷരതയാണ്. വേഷം, പശ്ചാത്തലം, ഭാവം, നിറം, ചിത്രത്തിന്റെ വലിപ്പം, എഴുതേണ്ട വാക്കുകള്‍ എന്നിവ പറഞ്ഞാല്‍ ഫലം കൂടുതല്‍ മനോഹരമാകും.

അങ്ങനെ നോക്കുമ്പോള്‍ എ.ഐ. നമ്മെ മാറ്റിനിര്‍ത്തുന്ന കലാകാരനല്ല; നമ്മോടൊപ്പം ഇരുന്ന് വേഗത്തില്‍ കരട് വരയ്ക്കുന്ന കൂട്ടുകാരനാണ്. അവസാന തിരഞ്ഞെടുപ്പും രുചിയും തിരുത്തലും മനുഷ്യന്റേതായിരിക്കണം. ഓണസദ്യയില്‍ റോബോട്ട് അവിയലിന്റെ അളവ് പറഞ്ഞുതന്നാലും, ഉപ്പ് ശരിയാണോ എന്ന് നാവുകൊണ്ട് നോക്കേണ്ടത് നമ്മളല്ലേ? ഉള്ളടക്കസൃഷ്ടിയിലും അതേ നിയമം ബാധകമാണ്.

ഈ വര്‍ഷം മഹാബലിക്ക് ലഭിച്ച രൂപഭേദങ്ങള്‍ മാത്രം ശേഖരിച്ചാല്‍ ഒരു പ്രത്യേക പ്രദര്‍ശനം നടത്താം. അങ്ങനെ മാവേലിക്കും കിട്ടി ‘എ.ഐ. മേക്കോവര്‍’; ഒരിടത്ത് അദ്ദേഹം പാരമ്പര്യ രാജാവ്; മറ്റൊരിടത്ത് ജിം പരിശീലകന്‍; വേറൊരിടത്ത് സിനിമയിലെ ആക്ഷന്‍ ഹീറോ. ചില ചിത്രങ്ങളില്‍ അദ്ദേഹത്തിന്റെ താടിക്ക് തന്നെ മറ്റൊരു പിന്‍കോഡ് വേണം. പഴയ കഥയില്‍ വാമനന്‍ മൂന്നു ചുവടാണ് ചോദിച്ചത്; പുതിയ ചിത്രങ്ങളില്‍ മാവേലി ആദ്യം ചോദിക്കുന്നത് ‘ക്യാമറ പോര്‍ട്രെയിറ്റ് മോഡിലാണോ?’ എന്നായിരിക്കും. കാലം മാറുമ്പോള്‍ രാജാവിനും പ്രൊഫൈല്‍ ചിത്രം പുതുക്കേണ്ടിവരും.

ഇതിനെ വെറും തമാശയായി തള്ളിക്കളയേണ്ടതില്ല. സ്വന്തം മുഖം മനോഹരമായി, ആത്മവിശ്വാസത്തോടെ, സാംസ്‌കാരിക വേഷത്തില്‍ കാണുന്നത് പലര്‍ക്കും ഒരു മാനസിക ഉണര്‍വ് നല്‍കുന്നു. പതിവായി ക്യാമറയെ ഒഴിവാക്കിയിരുന്ന ഒരാള്‍ ആദ്യമായി സ്വന്തം ചിത്രം സന്തോഷത്തോടെ പങ്കിടുന്നു. വിദേശത്ത് വളരുന്ന കുട്ടിക്ക് കേരളീയ വേഷത്തിന്റെ ഭംഗി പരിചയപ്പെടുന്നു. പ്രായമായ മാതാപിതാക്കളോടൊപ്പം സ്വപ്നസദൃശമായ കുടുംബചിത്രം സൃഷ്ടിക്കുമ്പോള്‍ അകലം കുറയുന്നതുപോലെ തോന്നുന്നു. ചിത്രം കൃത്രിമമായിരിക്കാം; അതുണര്‍ത്തുന്ന സ്‌നേഹവും ഓര്‍മ്മയും പലപ്പോഴും യഥാര്‍ഥമാണ്.

വര്‍ഷങ്ങളായി ചാരുമേശയില്‍ നിന്ന് എഴുന്നേല്‍ക്കാത്ത അയല്‍പക്കത്തെ ചേട്ടന്‍ പെട്ടെന്ന് സോഷ്യല്‍ മീഡിയയില്‍ അര്‍ണോള്‍ഡ് സ്വാര്‍സ്‌നെഗറെപ്പോലെ കസവുമുണ്ടുടുത്ത് നില്‍ക്കുന്നത് കാണുമ്പോള്‍ ചിരി വരുന്നത് സ്വാഭാവികമാണ്. എങ്കിലും, ഇതിനൊരു വളരെ പോസിറ്റീവ് ആയ വശമുണ്ട്. തങ്ങളെത്തന്നെ ഇത്രയും മനോഹരവും ആരോഗ്യകരവുമായ രൂപത്തില്‍ കാണുന്നത് ആളുകളില്‍ വലിയൊരു ആത്മവിശ്വാസം (Self-boost) ഉണ്ടാക്കുന്നുണ്ട്. നമ്മുടെ ഉപബോധമനസ്സ് നമ്മെ എങ്ങനെ കാണാന്‍ ആഗ്രഹിക്കുന്നുവോ, അതിലേക്കുള്ള ഒരു ആദ്യ പടിയാണിത്. ‘എഐയില്‍ ഞാന്‍ കാണാന്‍ കൊള്ളാമല്ലോ, എങ്കില്‍പ്പിന്നെ യഥാര്‍ത്ഥ ജീവിതത്തിലും ഈ ഫിറ്റ്നസ് ഒന്നു ട്രൈ ചെയ്താലോ?’ എന്ന് ചിന്തിക്കാന്‍ ഇത് ആളുകളെ പ്രേരിപ്പിക്കുന്നു. എഐ നിര്‍മ്മിച്ച ആ വടിവൊത്ത ശരീരം സ്വന്തമാക്കാന്‍ ആളുകള്‍ ജിമ്മിലേക്കും വ്യായാമത്തിലേക്കും ഇറങ്ങിത്തിരിച്ചാല്‍ അതിനേക്കാള്‍ വലിയൊരു നേട്ടം വേറെന്താണുള്ളത്? ആരോഗ്യവാനായ സ്വന്തം എ.ഐ. രൂപം കണ്ടാല്‍ അത് ഒരു ‘ഡിജിറ്റല്‍ റിഹേഴ്‌സല്‍’ ആകാനും കഴിയും. ‘ഇങ്ങനെ ഉന്മേഷത്തോടെ കാണാന്‍ കഴിഞ്ഞെങ്കില്‍ യഥാര്‍ഥ ജീവിതത്തിലും കുറച്ചുകൂടി ശ്രദ്ധിക്കാമല്ലോ’ എന്ന ചിന്ത ഉയര്‍ന്നാല്‍ അതൊരു നല്ല തുടക്കം. അടുത്ത ദിവസം പത്തു മിനിറ്റ് നടക്കുക, പിന്നെ ഉറക്കം ക്രമപ്പെടുത്തുക, ക്രമേണ ശക്തിവര്‍ധക വ്യായാമം ചേര്‍ക്കുക, ഭക്ഷണത്തില്‍ അളവും സമതുലിതത്വവും പാലിക്കുക. എ.ഐ. ചിത്രത്തിലെ തോളുകള്‍ യഥാര്‍ഥമാകാന്‍ ജിം മാത്രം വേണ്ടെന്നില്ല; സ്ഥിരമായ ചെറിയ ശീലങ്ങളാണ് വലിയ മാറ്റത്തിന്റെ യഥാര്‍ഥ ‘പ്രോംപ്റ്റ്’.

പക്ഷേ ഒരു പ്രധാന വ്യത്യാസം മറക്കരുത്: എ.ഐ. ചിത്രം ആരോഗ്യപരിശോധനാ റിപ്പോര്‍ട്ടല്ല. അരക്കെട്ട് ചെറുതായി കാണുന്നതുകൊണ്ട് ആ രൂപം എല്ലാവര്‍ക്കും അനുയോജ്യമായ ആരോഗ്യലക്ഷ്യമാകണമെന്നില്ല. പ്രായം, ശരീരഘടന, ആരോഗ്യം, ജീവിതരീതി എന്നിവ ഓരോരുത്തര്‍ക്കും വേറെയാണ്. അതിനാല്‍ ചിത്രത്തെ പ്രചോദനമായി കാണാം; വിധിപത്രമായി കാണരുത്. സ്വയം സ്‌നേഹിക്കാതെ സ്വയം മെച്ചപ്പെടുത്താന്‍ ശ്രമിച്ചാല്‍, ഫിറ്റ്‌നസ് യാത്ര ജിമ്മിലെ ആദ്യദിവസം വാങ്ങിയ വെള്ളക്കുപ്പിപോലെ രണ്ടാഴ്ചയ്ക്കകം കാണാതാകും.

സൗന്ദര്യത്തിന്റെ ജനാധിപത്യം ശരീരങ്ങളെ ഒരേ അച്ചില്‍ ഒഴിക്കുന്നതല്ല; ഓരോരുത്തര്‍ക്കും സ്വന്തം മികച്ച രൂപം സങ്കല്‍പ്പിക്കാനുള്ള അവസരം നല്‍കുന്നതാണ്. ആരെയെങ്കിലും മെലിഞ്ഞവനാക്കുക, വെളുപ്പിക്കുക, ചെറുപ്പമാക്കുക എന്നത് മാത്രമല്ല എ.ഐ.യുടെ സാധ്യത. ചിരി കൂടുതല്‍ സ്വാഭാവികമാക്കാം, കണ്ണിലെ ആത്മവിശ്വാസം ഉയര്‍ത്താം, ശരീരവൈവിധ്യം മാനിച്ചുകൊണ്ട് മനോഹരമായ ചിത്രങ്ങള്‍ സൃഷ്ടിക്കാം. നമ്മുടെ നിര്‍ദേശങ്ങള്‍ നല്ലതായാല്‍ സാങ്കേതികവിദ്യയും നല്ല ദിശയില്‍ പോകും.

അതിനാല്‍ ഈ ഓണക്കാലത്തെ എ.ഐ. മേക്കോവറിന് ഒരു രസകരമായ തുടര്‍ച്ച നല്‍കാം. ഫോണിലെ ചിത്രത്തില്‍ കിട്ടിയ ഉന്മേഷം ജീവിതത്തിലേക്ക് ഇറക്കുക. കുടുംബമായി നടക്കാന്‍ പോകുക; കുട്ടികളോടൊപ്പം കളിക്കുക; ഓണത്തിന് ശേഷം ശേഷിച്ച ഏത്തക്ക ഉപ്പേരി ഒറ്റയ്ക്കിരുത്താതെ അയല്‍ക്കാരുമായി പങ്കിടുക. പായസം പൂര്‍ണമായി ഉപേക്ഷിക്കേണ്ടതില്ല; മൂന്നാമത്തെ കപ്പിന് മുമ്പ് എ.ഐ. സൃഷ്ടിച്ച സ്വന്തം ഫിറ്റ്‌നസ് ചിത്രം ഒരിക്കല്‍ നോക്കിയാല്‍ മതി. ചില ചിത്രങ്ങള്‍ ഉപദേശം പറയാതെ തന്നെ നല്ല ഉപദേശകരാകും. എ.ഐ. ചിത്രം കണ്ണാടിയല്ല; നമുക്ക് ആകാനാകുന്ന ഒരുപാട് സാധ്യതകളില്‍ ഒരെണ്ണത്തിന്റെ വര്‍ണരേഖ മാത്രമാണ്.

എ.ഐ.യുടെ കലാപരിപാടി എല്ലായ്‌പ്പോഴും തെറ്റില്ലാതെ നടക്കുമെന്ന് കരുതരുത്. ഒരു കൈയില്‍ പൂക്കളം, മറ്റേ കൈയില്‍ ചെണ്ട, മൂന്നാമത്തെ കൈയില്‍ നിലവിളക്ക് പിടിച്ചുനില്‍ക്കുന്ന മനുഷ്യനെ അത് സൃഷ്ടിച്ചേക്കാം. വിരലുകള്‍ എണ്ണാന്‍ തുടങ്ങിയാല്‍ ഓണബമ്പറിനേക്കാള്‍ വലിയ സംഖ്യ കിട്ടും. കുടുംബചിത്രത്തില്‍ അച്ഛന് ഇരുപത്തഞ്ച് വയസും മകന് ഇരുപത്തേഴും; അമ്മൂമ്മയുടെ കണ്ണട കൊച്ചുമകന്റെ മുഖത്തും. എ.ഐ.യുടെ ഭാഷയില്‍ ഇതെല്ലാം പിശകല്ല, ‘കുടുംബസാമ്യം’ ആയിരിക്കാം.

വേഷത്തിലും സംസ്‌കാരത്തിലും ഇത്തരം തമാശകള്‍ വരാം. കസവുമുണ്ട് എവിടെ അവസാനിക്കുന്നു, രാജവേഷം എവിടെ തുടങ്ങുന്നു എന്ന് ചില ചിത്രങ്ങള്‍ക്ക് തന്നെ അറിയില്ല. കഥകളി, മോഹിനിയാട്ടം, തെയ്യം, പുലികളി എന്നിവയെല്ലാം ഒരാളുടെ ശരീരത്തില്‍ ചേര്‍ത്താല്‍ അത് കേരളീയ വൈവിധ്യമല്ല; ഡിജിറ്റല്‍ അവിയലാണ്. അതുകൊണ്ട് സാംസ്‌കാരിക ചിഹ്നങ്ങളെക്കുറിച്ച് വ്യക്തമായ നിര്‍ദേശം നല്‍കുകയും, അന്തിമഫലം അറിയാവുന്ന ഒരാള്‍ പരിശോധിക്കുകയും വേണം. ഭംഗിക്കായി പാരമ്പര്യത്തെ വളച്ചൊടിക്കാതിരിക്കുന്നത് ആദരവിന്റെ ഭാഗമാണ്.

സ്വകാര്യതയും അതിലും പ്രധാനമാണ്. മറ്റൊരാളുടെ ചിത്രം മാറ്റുന്നതിന് മുമ്പ് അനുവാദം ചോദിക്കണം. പ്രത്യേകിച്ച് കുട്ടികളുടെ ചിത്രങ്ങള്‍, വ്യക്തിപരമായ സാഹചര്യങ്ങള്‍ വ്യക്തമാക്കുന്ന ഫോട്ടോകള്‍, തിരിച്ചറിയല്‍ രേഖകള്‍, സ്വകാര്യ ഇടങ്ങളില്‍ എടുത്ത ദൃശ്യങ്ങള്‍ എന്നിവ ഓണ്‍ലൈന്‍ സംവിധാനങ്ങളിലേക്ക് അപ്ലോഡ് ചെയ്യുമ്പോള്‍ അതീവ ജാഗ്രത വേണം. ‘അമ്മാവനെ മാവേലിയാക്കാം’ എന്ന ആശയം നല്ലതാണ്; പക്ഷേ അമ്മാവന്‍ സമ്മതിച്ചില്ലെങ്കില്‍ കുടുംബഗ്രൂപ്പില്‍ അടുത്ത ഓണംവരെ വാമനാവതാരം നടക്കാം.

യഥാര്‍ഥവും സൃഷ്ടിച്ചതുമായ ചിത്രങ്ങളുടെ അതിര്‍ത്തി മങ്ങിയിരിക്കുന്ന കാലമാണിത്. സ്വകാര്യ ആശംസയില്‍ ചെറിയൊരു സങ്കല്‍പ്പചിത്രം പ്രശ്‌നമല്ല. എന്നാല്‍ വാര്‍ത്ത, പൊതുപരിപാടി, പരസ്യം, ധനശേഖരണം, രാഷ്ട്രീയമോ സാമൂഹികമോ ആയ സന്ദേശം എന്നിവയില്‍ എ.ഐ. സൃഷ്ടിച്ച ചിത്രം യഥാര്‍ഥ സംഭവമായി അവതരിപ്പിക്കുന്നത് തെറ്റിദ്ധാരണ സൃഷ്ടിക്കും. ആവശ്യമായിടത്ത് ‘എ.ഐ. സഹായത്തോടെ സൃഷ്ടിച്ചത്’ എന്ന് തുറന്നു പറയുന്നത് വിശ്വാസം കുറയ്ക്കുന്നില്ല; മറിച്ച് വിശ്വാസ്യത വര്‍ധിപ്പിക്കുന്നു.

മറ്റുള്ളവരുടെ മുഖം, ശബ്ദം, കലാസൃഷ്ടി, ലോഗോ, സംഗീതം എന്നിവ ഉപയോഗിക്കുമ്പോള്‍ അവകാശങ്ങളും മാന്യതയും ഓര്‍ക്കണം. പ്രശസ്തനായ ഒരാളുടെ ശബ്ദത്തില്‍ അദ്ദേഹം പറഞ്ഞിട്ടില്ലാത്ത ഓണസന്ദേശം ഉണ്ടാക്കുന്നത് സാങ്കേതിക കഴിവിന്റെ പ്രകടനം മാത്രമല്ല; അത് അപകടകരമായ അനുകരണവുമാകാം. എ.ഐ. ലഭ്യമാണെന്നത് എന്തും ചെയ്യാനുള്ള അനുമതിപത്രമല്ല. അടുക്കളയില്‍ കത്തി എല്ലാവര്‍ക്കും ലഭ്യമാണ്; അതുകൊണ്ട് സദ്യയ്ക്ക് വന്നവരുടെ മുടി മുറിക്കാന്‍ തുടങ്ങാറില്ലല്ലോ. അതിനാല്‍ എ.ഐ. ഉപയോഗത്തിന്റെ നല്ല ശീലം വളരെ ലളിതം: സൃഷ്ടിക്കുക, നിര്‍ത്തി നോക്കുക, തിരുത്തുക, അനുമതി ഉറപ്പാക്കുക, പിന്നെ മാത്രം പങ്കിടുക. ആദ്യ ഫലം തന്നെ ലോകത്തിന് അയയ്‌ക്കേണ്ട അടിയന്തരാവസ്ഥ ഒന്നുമില്ല. പായസം അടുപ്പില്‍നിന്ന് ഇറങ്ങിയ ഉടനെ കുടിക്കാതെ അല്പം തണുപ്പിക്കുന്നതുപോലെ, എ.ഐ. ഉള്ളടക്കത്തിനും ഒരു മനുഷ്യ ഇടവേള വേണം.

എ.ഐ. ഓണത്തെ മാറ്റിയ ഏറ്റവും നല്ല കാര്യം പുതിയ ചിത്രങ്ങള്‍ മാത്രമല്ല; പുതിയ പങ്കാളിത്തമാണ്. ഡിസൈന്‍ ചെയ്യാത്തവര്‍ ഫ്‌ലയര്‍ ഉണ്ടാക്കി, ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കാത്തവര്‍ രാജവേഷത്തില്‍ ചിരിച്ചു, നാട്ടില്‍ എത്താത്തവര്‍ ഡിജിറ്റല്‍ പൂക്കളത്തിനരികില്‍ കുടുംബത്തോടൊപ്പം നിന്നു. സാങ്കേതികവിദ്യ ശരിയായി ഉപയോഗിക്കുമ്പോള്‍ അത് ആളുകളെ ഒറ്റപ്പെടുത്തുന്ന സ്‌ക്രീന്‍ അല്ല; ഒരുമിപ്പിക്കുന്ന മറ്റൊരു ഓണപ്പന്തലാകാം.

ആരോഗ്യകരമായ രൂപം കണ്ടുള്ള ആത്മപ്രചോദനം യഥാര്‍ഥ ശീലങ്ങളായി മാറുമ്പോഴാണ് ഈ ഡിജിറ്റല്‍ മേക്കോവര്‍ പൂര്‍ണമാകുന്നത്. ദിവസവും കുറച്ച് നടത്തം, ശരീരശേഷിക്ക് അനുയോജ്യമായ വ്യായാമം, മതിയായ ഉറക്കം, സമതുലിതമായ ഭക്ഷണം, സൗഹൃദസംഭാഷണം, മാനസികവിശ്രമം – ഇവയ്ക്ക് ‘Generate’ ബട്ടണ്‍ ഇല്ല. ആവര്‍ത്തനമാണ് അവയുടെ ആല്‍ഗോരിതം. രണ്ടാഴ്ചകൊണ്ട് സിനിമാതാരം ആകേണ്ടതില്ല; കഴിഞ്ഞ മാസത്തേക്കാള്‍ ഉന്മേഷമുള്ള ഒരാളാകുക മതി.

കുടുംബങ്ങള്‍ക്കും സംഘടനകള്‍ക്കും എ.ഐ. വലിയ അവസരമാണ്. പഴയ ഓണഫോട്ടോകള്‍ ക്രമപ്പെടുത്തി ഓര്‍മ്മവീഡിയോ ഉണ്ടാക്കാം; മുതിര്‍ന്നവരുടെ കഥകള്‍ എഴുത്താക്കി സൂക്ഷിക്കാം; കുട്ടികള്‍ക്കായി മഹാബലിയുടെ കഥ ചിത്രരൂപത്തില്‍ അവതരിപ്പിക്കാം; മലയാളം വായിക്കാന്‍ ബുദ്ധിമുട്ടുന്ന തലമുറക്ക് ശബ്ദരൂപം നല്‍കാം. നല്ല ആശയം, ശരിയായ പരിശോധന, മനുഷ്യന്റെ സ്‌നേഹമുള്ള തിരുത്തല്‍ – ഈ മൂന്നു ചേര്‍ന്നാല്‍ എ.ഐ. നമ്മുടെ സംസ്‌കാരത്തെ മങ്ങിയതാക്കാതെ പുതിയ തലമുറയിലേക്ക് കൊണ്ടുപോകുന്ന പാലമാകും.

എങ്കിലും എ.ഐ.യ്ക്ക് ചില കാര്യങ്ങള്‍ ഇന്നും കഴിയില്ല. പൂക്കളത്തിന്റെ മണം അത് സൃഷ്ടിക്കില്ല. അടുക്കളയില്‍ പപ്പടം പൊരിയുന്ന ശബ്ദം കേട്ട് ഓടിയെത്തുന്ന കുട്ടിയുടെ ആവേശം അതിന് പകര്‍ത്താനാവില്ല. അമ്മയുടെ കൈയിലെ അവിയലിന്റെ ‘കുറച്ചുകൂടി തേങ്ങ വേണം’ എന്ന രഹസ്യനിര്‍ദേശം അതിന്റെ ഡാറ്റാബേസിലില്ല. സദ്യ കഴിഞ്ഞ് ഇല മടക്കുന്നതിനിടയില്‍ പൊട്ടുന്ന കുടുംബചിരിയുടെ ചൂടും ഒരു റെന്‍ഡറിംഗ് എന്‍ജിനില്‍ ലഭ്യമല്ല. ഓണത്തിന്റെ ഹൃദയം ഇപ്പോഴും മനുഷ്യരുടെ ഇടയിലാണ്.

അതുകൊണ്ട് എ.ഐ.യെ പേടിക്കേണ്ടതുമില്ല, പൂജാമുറിയില്‍ വെക്കേണ്ടതുമില്ല. നല്ലൊരു ഉപകരണമെന്ന നിലയില്‍ ഉപയോഗിക്കാം. നമ്മുടെ ഭാഷയും സംസ്‌കാരവും മനുഷ്യബന്ധങ്ങളും അതിന് ദിശ കാണിക്കട്ടെ. സൃഷ്ടിച്ച ചിത്രം മനോഹരമാണെങ്കില്‍ സന്തോഷത്തോടെ പങ്കിടാം; പക്ഷേ അത് സൃഷ്ടിച്ചതാണെന്ന് ആവശ്യമായിടത്ത് പറയാം. ചിത്രം നമ്മെ ആരോഗ്യത്തിലേക്ക് പ്രചോദിപ്പിക്കുന്നുവെങ്കില്‍ ഷൂ ധരിച്ച് നടക്കാം; മറ്റൊരാളെ അപമാനിക്കുന്നുവെങ്കില്‍ ഉടന്‍ ഡിലീറ്റ് ചെയ്യാം. നിയന്ത്രണം നമ്മുടെ കൈയില്‍ തന്നെയിരിക്കണം.

എനിക്ക് പറയാനുള്ള ഈ വര്‍ഷത്തെ ഓണസന്ദേശം ഇത്രമാത്രം. എ.ഐ.ക്ക് നമ്മെ മാവേലിയാക്കാം, രാജാവാക്കാം, ആറുപാക്ക് കൊടുക്കാം, പിന്നില്‍ പത്തു ഏക്കര്‍ പൂക്കളം വിരിയിക്കാം. പക്ഷേ നല്ല മനുഷ്യനാക്കാനുള്ള ‘പ്രോംപ്റ്റ്’ നമ്മള്‍ തന്നെയാണ് എഴുതേണ്ടത്. ആ നിര്‍ദേശം ദിവസവും ജീവിതത്തില്‍ പ്രവര്‍ത്തിപ്പിച്ചാല്‍, അടുത്ത ഓണത്തിലെ ചിത്രത്തില്‍ എഡിറ്റിംഗ് കുറയും; ചിരിയില്‍ യാഥാര്‍ഥ്യം കൂടും. അതാണ് ഈ ഡിജിറ്റല്‍ ഓണക്കാലം നല്‍കുന്ന ഏറ്റവും സുന്ദരമായ ആശംസ

ONAMorphosis: An AI-era vision of Onam featuring a makeover—even for Maveli.

Share Email
Top