swayamvara
pulimoottil

യുക്രെയിനെതിരേ സൈനീക നടപടി കൂടുതല്‍ രൂക്ഷമാക്കാന്‍ പുടിന്‍; അഞ്ചു ലക്ഷം സൈനികരെ അണിനിരത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്

യുക്രെയിനെതിരേ സൈനീക നടപടി കൂടുതല്‍ രൂക്ഷമാക്കാന്‍ പുടിന്‍; അഞ്ചു ലക്ഷം സൈനികരെ അണിനിരത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്

കീവ്: റഷ്യ- യുക്രയിന്‍ യുദ്ധം വീണ്ടും അതിരൂക്ഷമാകുമെന്നു സൂചന. യുക്രെയ്‌നെതിരേയുള്ള യുദ്ധം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍ അഞ്ച് ലക്ഷം പുതിയ സൈനികരെ അണിനിരത്താന്‍ പദ്ധതിയിടുന്നതായി യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി മുന്നറിയിപ്പ് നല്‍കി. യുക്രെയ്ന്‍ രഹസ്യാന്വേഷണ വിഭാഗത്തില്‍നിന്നുള്ള വിവരങ്ങള്‍ ഉദ്ധരിച്ചാണ് സെലന്‍സ്‌കിയുടെ പ്രതികരണം. റഷ്യയിലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് ശേഷം സെപ്റ്റംബര്‍ അവസാനത്തോടെ പുതിയ സൈനികരെ അണിനിരത്താനാണ് പുടിന്‍ പദ്ധതിയിടുന്നതെന്നാണ് റിപ്പോര്‍ട്ട്.

പുടിന്‍ യുദ്ധം അവസാനിപ്പിക്കാന്‍ തയ്യാറല്ലെന്നും തിരഞ്ഞെടുപ്പിന് ശേഷം സൈനിക സമാഹരണം നടത്താന്‍ ഒരുങ്ങുകയാണെന്നും സെലന്‍സ്‌കി പറഞ്ഞു. എന്നാല്‍ റഷ്യന്‍ സമൂഹത്തിന്റെ എതിര്‍പ്പ് ഭയന്ന് പുടിന്‍ ഇത് പരസ്യമായി പ്രഖ്യാപിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കുറഞ്ഞ സമയത്തിനുള്ളില്‍ ഇത്രയധികം ആളുകളെ മികച്ച രീതിയില്‍ പരിശീലിപ്പിക്കാന്‍ റഷ്യയ്ക്ക് കഴിയില്ലെന്നും അതിനാല്‍ പരിശീലനം കുറഞ്ഞ സൈനികര്‍ യുദ്ധമുഖത്തേക്ക് എത്താന്‍ സാധ്യതയുണ്ടെന്നും സെലന്‍സ്‌കി ചൂണ്ടിക്കാട്ടി. ഇത് റഷ്യന്‍ സൈന്യത്തിലെ മരണസംഖ്യ വര്‍ധിക്കാന്‍ കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, യുദ്ധം കൂടുതല്‍ രൂക്ഷമായാല്‍ പുടിന്‍ ആണവായുധം പ്രയോഗിക്കുന്ന സാഹചര്യമുണ്ടാകാമെന്ന് തുര്‍ക്കി വിദേശകാര്യ മന്ത്രി ഹകാന്‍ ഫിദാന്‍ മുന്നറിയിപ്പ് നല്‍കി. യുക്രെയ്ന്‍ റഷ്യന്‍ പ്രദേശങ്ങളുടെ ആഴങ്ങളിലേക്ക് ആക്രമണം ശക്തമാക്കുന്നതിനിടെയാണ് ഫിദാന്റെ പ്രതികരണം. യുദ്ധം കൂടുതല്‍ വ്യാപിക്കുകയും ഒരു രാജ്യത്തിന്റെ നിലനില്‍പ്പുതന്നെ ചോദ്യം ചെയ്യപ്പെടുകയും ചെയ്യുന്ന സാഹചര്യത്തില്‍ റഷ്യയ്ക്ക് ലഭ്യമായ ”അവസാന മാര്‍ഗം” ഉപയോഗിക്കാന്‍ പുടിന്‍ തയ്യാറായേക്കാമെന്ന് അദ്ദേഹം പറഞ്ഞു.

റഷ്യയും യുക്രെയ്‌നും ഈ വര്‍ഷം ദീര്‍ഘദൂര മിസൈല്‍ ആക്രമണങ്ങള്‍ വര്‍ധിപ്പിച്ചതായി ഐക്യരാഷ്ട്ര സംഘടന അറിയിച്ചു. ഇതോടെ സാധാരണക്കാരുടെ മരണസംഖ്യയിലും വര്‍ധനയുണ്ടായി. തിങ്കളാഴ്ച റഷ്യയിലെ തതാര്‍സ്ഥാനില്‍ യുക്രെയ്ന്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ കുറഞ്ഞത് 13 പേര്‍ കൊല്ലപ്പെട്ടു. യുദ്ധം ആരംഭിച്ചതിനുശേഷം യുക്രെയ്ന്‍ നടത്തിയ ഏറ്റവും മാരകമായ ആക്രമണങ്ങളില്‍ ഒന്നാണിതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

അതേസമയം, തിങ്കളാഴ്ച റഷ്യയും യുക്രെയ്‌നില്‍ ശക്തമായ ആക്രമണം നടത്തി. ഖാര്‍കിവ് മേഖലയിലെ ഗ്രാമത്തില്‍ റഷ്യ നടത്തിയ പീരങ്കി ആക്രമണത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടതായി പ്രാദേശിക അധികൃതര്‍ അറിയിച്ചു. രാത്രിയില്‍ യുക്രെയ്ന്‍ വിക്ഷേപിച്ച 456 ഡ്രോണുകള്‍ തകര്‍ത്തതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു. എന്നാല്‍ റഷ്യ രാത്രിയില്‍ 126 ഡ്രോണുകള്‍ ഉപയോഗിച്ച് ആക്രമണം നടത്തിയതായി യുക്രെയ്ന്‍ വ്യോമസേനയും അറിയിച്ചു. ഇരുരാജ്യങ്ങളും ആക്രമണങ്ങള്‍ ശക്തമാക്കുന്നതിനിടെ യുദ്ധം കൂടുതല്‍ രൂക്ഷമാകാനുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്.

Putin to intensify military action against Ukraine; reports suggest 500,000 troops could be deployed.

Share Email
LATEST excelnclexrn
Top