swayamvara
pulimoottil

ബന്ധങ്ങള്‍ തേടി, സാധ്യതകള്‍ കണ്ടെത്തി: തിരുവനന്തപുരത്തിനായൊരു അമേരിക്കന്‍ യാത്ര

ബന്ധങ്ങള്‍ തേടി, സാധ്യതകള്‍ കണ്ടെത്തി: തിരുവനന്തപുരത്തിനായൊരു അമേരിക്കന്‍ യാത്ര

പി ശ്രീകുമാര്‍

എന്റെ അമേരിക്കൻ യാത്രയുടെ രജതജൂബിലി വർഷമാണ് ഇത്. പതിനാറാമത്തെ അമേരിക്കൻ യാത്രയും. കഴിഞ്ഞ ഏതാനും ദശാബ്ദങ്ങളായി പലതവണ അമേരിക്ക സന്ദർശിക്കാൻ അവസരം ലഭിച്ചിട്ടുണ്ട്. മൂന്ന് ദിവസം മുതൽ ആറുമാസത്തോളം വരെ നീണ്ടുനിന്ന കാലയളവുകളിൽ അവിടെ താമസിക്കുകയും ന്യൂയോർക്ക് മുതൽ ടെക്സസ് വരെയും വാഷിങ്ടൺ ഡി.സി. മുതൽ പെൻസിൽവേനിയ വരെയും വിവിധ നഗരങ്ങളിലൂടെ സഞ്ചരിക്കുകയും ചെയ്തിട്ടുണ്ട്.

വ്യത്യസ്ത മേഖലകളിലുള്ള നിരവധി ആളുകളെ കണ്ടിട്ടുണ്ട്. സന്യാസിമാരോടും സാമൂഹിക–സാംസ്കാരിക രംഗത്തെ പ്രമുഖരോടും മാധ്യമപ്രവർത്തകരോടും പൊതുപ്രവർത്തകരോടും പ്രൊഫഷണലുകളോടുമൊപ്പം യാത്ര ചെയ്യാനും വിവിധ പരിപാടികളിൽ പങ്കെടുക്കാനും അവസരം ലഭിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ അമേരിക്ക എനിക്ക് അപരിചിതമായ ഒരു ദേശമല്ല.

എന്നാൽ തിരുവനന്തപുരം മേയർ വി. വി. രാജേഷിനൊപ്പമുള്ള ഈ ഒമ്പത് ദിവസത്തെ യാത്ര അതിൽ നിന്നെല്ലാം വ്യത്യസ്തമായിരുന്നു. ഇത്തവണ അമേരിക്കയെ കണ്ടത് ഒരു മാധ്യമപ്രവർത്തകന്റെ കണ്ണിലൂടെ മാത്രമല്ല; ഒരു നഗരത്തിന്റെ വികസനത്തിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മനുഷ്യരെയും സ്ഥാപനങ്ങളെയും എങ്ങനെ ബന്ധിപ്പിക്കാം എന്നത് അടുത്തുനിന്ന് കാണുന്ന ഒരാളുടെ കണ്ണിലൂടെയായിരുന്നു.

ഒരു മേയർ തന്റെ നഗരത്തിനായി പുതിയ അവസരങ്ങൾ തേടുന്നതെങ്ങനെയെന്നും ഓരോ കൂടിക്കാഴ്ചയെയും ഭാവിയിലെ ഒരു സാധ്യതയായി കാണുന്നതെങ്ങനെയെന്നും ഈ യാത്രയിൽ അടുത്തുനിന്ന് മനസ്സിലാക്കാൻ കഴിഞ്ഞു.

മുൻകാല അമേരിക്കൻ യാത്രകളിൽ ഭൂരിഭാഗവും മാധ്യമപ്രവർത്തകൻ എന്ന നിലയിലായിരുന്നു. ഇത്തവണ സ്ഥിതി വ്യത്യസ്തമായിരുന്നു. ഗവർണറുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി എന്ന ഔദ്യോഗിക ചുമതലയിലായിരുന്നു ഞാൻ.

വി. വി. രാജേഷിന് അമേരിക്ക സന്ദർശിക്കുന്നതിനുള്ള ക്ഷണക്കത്ത് ലഭിച്ചപ്പോൾ വിസ നടപടികളുമായി ബന്ധപ്പെട്ട് എന്റെ ഭാഗത്തുനിന്ന് ആവശ്യമായ സഹായങ്ങൾ നൽകാൻ കഴിഞ്ഞു. വിസ ലഭിച്ചതിന് ശേഷം രാജേഷ് ബഹുമാനപ്പെട്ട ഗവർണർ ശ്രീ. രാജേന്ദ്ര വിശ്വനാഥ് ആർലേക്കറെ സന്ദർശിച്ച് അമേരിക്കൻ യാത്രയെക്കുറിച്ച് സംസാരിച്ചു. ആദ്യമായി അമേരിക്കയിലേക്ക് പോകുന്ന ഒരാൾക്ക് അവിടുത്തെ യാത്രകളും വിവിധ പരിപാടികളും ഏകോപിപ്പിക്കുന്നതിൽ ചില പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടാകാമെന്ന കാര്യവും ചർച്ചയായി.

അമേരിക്കയിൽ യാത്ര ചെയ്ത പരിചയമുള്ള ഒരാളെന്ന നിലയിൽ എന്നെയും കൂടെ കൊണ്ടുപോകാമെന്ന നിർദ്ദേശം ഗവർണർ അംഗീകരിച്ചു. അങ്ങനെയാണ് ഞാൻ ഈ യാത്രയുടെ ഭാഗമായത്.

ആ സമയത്ത് ഇത് ഒരു സാധാരണ സഹയാത്രയായിരിക്കുമെന്നാണ് കരുതിയത്. എന്നാൽ അമേരിക്കയിലെത്തിയതോടെ അത് ഒരു പഠനയാത്രയായി മാറുകയായിരുന്നു.

ഓഗസ്റ്റ് 2 പുലർച്ചെ 2.30 മുതൽ ഓഗസ്റ്റ് 11 പുലർച്ചെ 2.30 വരെ — കൃത്യം ഒമ്പത് ദിവസം, 216 മണിക്കൂർ. ഈ സമയത്തിനുള്ളിൽ ഹൂസ്റ്റൺ, സ്റ്റാഫോർഡ്, മിസോറി സിറ്റി, ഡാലസ്, വാഷിങ്ടൺ ഡി.സി., പെൻസിൽവേനിയ, ന്യൂയോർക്ക് തുടങ്ങിയ സ്ഥലങ്ങളിലൂടെ സഞ്ചരിച്ചു.

വിമാനയാത്രകൾക്കൊപ്പം നീണ്ട റോഡ് യാത്രകളും ഉണ്ടായിരുന്നു. ചില വിമാനങ്ങൾ വൈകി. വിമാനത്താവളങ്ങളിൽ മണിക്കൂറുകളോളം കാത്തിരിക്കേണ്ടിവന്നു. ഒരു നഗരത്തിലെ പരിപാടി അവസാനിക്കുമ്പോഴേക്കും അടുത്ത നഗരത്തിലേക്കുള്ള യാത്രയുടെ സമയം എത്തിയിരുന്നു. ചില രാത്രികളിൽ ഹോട്ടലിൽ എത്തിയത് അർധരാത്രിക്ക് ശേഷമാണ്. അടുത്ത ദിവസം പുലർച്ചെ വീണ്ടും യാത്ര.

എന്നാൽ ഈ തിരക്കിനിടയിലും ഒരു കാര്യം വ്യക്തമായിരുന്നു — ഇത് ഒരു വിനോദയാത്രയല്ല. തിരുവനന്തപുരത്തിന് പ്രയോജനപ്പെടുന്ന എന്തെങ്കിലും കണ്ടെത്തുക, പുതിയ ബന്ധങ്ങൾ സൃഷ്ടിക്കുക, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അറിവും അനുഭവവും നഗരവികസനവുമായി ബന്ധിപ്പിക്കുക — അതായിരുന്നു യാത്രയുടെ ഉള്ളടക്കം.

അമേരിക്കയിലെത്തിയ ആദ്യ ദിവസം തന്നെ മേയർ വി. വി. രാജേഷ് ന്യൂജേഴ്സിയിൽ നടന്ന നാമം അവാർഡ് ദാനച്ചടങ്ങിൽ പങ്കെടുത്തു. ദീർഘയാത്രയുടെ ക്ഷീണം മാറ്റിവെച്ച് പരിപാടിയിൽ പങ്കെടുക്കാനുള്ള അദ്ദേഹത്തിന്റെ താൽപര്യം തന്നെ യാത്രയുടെ സ്വഭാവം വ്യക്തമാക്കുന്നതായിരുന്നു.

അവിടെ ഡോ. എം. വി. പിള്ളയുമായുള്ള കൂടിക്കാഴ്ചയും നടന്നു. ആ സംഭാഷണം ഒരു സൗഹൃദസന്ദർശനത്തിൽ ഒതുങ്ങിയില്ല. തിരുവനന്തപുരത്തിന്റെ ആരോഗ്യ, വിദ്യാഭ്യാസ, അക്കാദമിക് മേഖലകളിലേക്ക് അമേരിക്കയിലെ വിദഗ്ധരുടെയും സ്ഥാപനങ്ങളുടെയും അറിവും ബന്ധങ്ങളും എങ്ങനെ എത്തിക്കാമെന്നതായിരുന്നു പ്രധാന ചർച്ച.

യാത്രയുടെ ആദ്യ ദിവസം തന്നെ ഇത്തരമൊരു ആശയവിനിമയത്തിന് തുടക്കമാകുന്നത് ഈ സന്ദർശനത്തിന്റെ ലക്ഷ്യം വ്യക്തമാക്കുന്നതായിരുന്നു.

അടുത്ത ഘട്ടം ഹൂസ്റ്റൺ. വിമാനയാത്രയിലെ വൈകലുകളും കാത്തിരിപ്പുകളും ഉണ്ടായിരുന്നെങ്കിലും അവിടെയെത്തിയതോടെ പരിപാടികൾ വീണ്ടും സജീവമായി.

സ്റ്റാഫോർഡ് സിറ്റി മേയർ കെൻ മാത്യുവുമായുള്ള കൂടിക്കാഴ്ചയിൽ നഗരഭരണം, സാങ്കേതികവിദ്യ, സാമൂഹിക പദ്ധതികൾ, ഭരണപരമായ അനുഭവങ്ങൾ എന്നിവ ചർച്ചയായി. ഒരു അമേരിക്കൻ നഗരത്തിന്റെ പ്രവർത്തനരീതിയെക്കുറിച്ച് നേരിട്ട് നഗരഭരണ നേതൃത്വത്തിൽ നിന്ന് കേൾക്കാൻ കഴിഞ്ഞത് പ്രയോജനകരമായ അനുഭവമായിരുന്നു.

അവിടെനിന്ന് മിസോറി സിറ്റിയിലേക്ക്. മേയർ റോബിൻ എലക്കാട്ടുമായുള്ള കൂടിക്കാഴ്ചയിൽ തിരുവനന്തപുരം–മിസോറി സിറ്റി ബന്ധം കൂടുതൽ ശക്തമാക്കുന്നതിനുള്ള സാധ്യതകൾ ചർച്ച ചെയ്തു. ഭാവിയിൽ Sister City മാതൃകയിലുള്ള സഹകരണത്തിനുള്ള സാധ്യതയും പരിശോധിച്ചു.

എന്നാൽ കൂടിക്കാഴ്ച മുറിയിൽ മാത്രം ഒതുങ്ങിയില്ല. മിസോറി സിറ്റിയിലെ മാലിന്യസംസ്കരണ സംവിധാനങ്ങളും മൃഗസംരക്ഷണ–അനിമൽ ഷെൽട്ടർ സംവിധാനങ്ങളും നേരിൽ കാണാൻ അവസരം ലഭിച്ചു.

ഒരു നഗരത്തിന്റെ പ്രവർത്തനം മനസ്സിലാക്കാൻ അവിടുത്തെ ഓഫീസുകൾ മാത്രം കണ്ടാൽ മതിയാകില്ല. മാലിന്യം എങ്ങനെ കൈകാര്യം ചെയ്യുന്നു, പൊതുസ്ഥലങ്ങൾ എങ്ങനെ പരിപാലിക്കുന്നു, മൃഗസംരക്ഷണ സംവിധാനങ്ങൾ എങ്ങനെ പ്രവർത്തിക്കുന്നു തുടങ്ങിയ ദൈനംദിന കാര്യങ്ങളിലാണ് നഗരഭരണത്തിന്റെ യഥാർത്ഥ കാര്യക്ഷമത പലപ്പോഴും കാണുന്നത്. തിരുവനന്തപുരത്തിന് പ്രായോഗികമായി സ്വീകരിക്കാവുന്ന മാതൃകകൾ ഏതൊക്കെയെന്ന് മനസ്സിലാക്കാനുള്ള ശ്രമമായിരുന്നു അത്.

ഹൂസ്റ്റണിലെ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിലെ പരിപാടിയും Meet & Greet-ഉം യാത്രയ്ക്ക് മറ്റൊരു മുഖം നൽകി. പ്രവാസി മലയാളികളുമായി നേരിട്ട് സംസാരിക്കാനും അവരുടെ ആശയങ്ങളും പ്രതീക്ഷകളും കേൾക്കാനും അവസരം ലഭിച്ചു.

പ്രവാസി സമൂഹവുമായി ബന്ധപ്പെടുന്നത് ഒരു ചടങ്ങായി മാത്രം കാണാതെ, അവരുടെ കഴിവുകളും അനുഭവങ്ങളും നാട്ടിലെ വികസനവുമായി എങ്ങനെ ബന്ധിപ്പിക്കാം എന്ന ചിന്തയോടെയായിരുന്നു മേയറുടെ ഇടപെടൽ.

അവിടെനിന്ന് ഹാരിസ് കൗണ്ടിയുടെ Chief Information Officer-ുമായുള്ള കൂടിക്കാഴ്ച. ചർച്ചയുടെ കേന്ദ്രം ഐ.ടി. ആയിരുന്നു.

തിരുവനന്തപുരം ഇന്ത്യയിലെ പ്രധാന ഐ.ടി. കേന്ദ്രങ്ങളിലൊന്നാണ്. ടെക്നോളജി മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ, പ്രൊഫഷണലുകൾ, സ്റ്റാർട്ടപ്പുകൾ, ഇന്നൊവേഷൻ സംവിധാനങ്ങൾ എന്നിവയെ അമേരിക്കയിലെ വിവിധ സ്ഥാപനങ്ങളുമായി ബന്ധിപ്പിക്കുന്നതിനുള്ള സാധ്യതകളെക്കുറിച്ച് സംസാരിച്ചു.

പ്രധാനപ്പെട്ട ഒരു തിരിച്ചറിവും അവിടെ ഉണ്ടായി. തിരുവനന്തപുരം സഹായം തേടുന്ന ഒരു നഗരം മാത്രമല്ല. സ്വന്തം അറിവും മനുഷ്യവിഭവശേഷിയും സാങ്കേതിക കഴിവും പങ്കുവയ്ക്കാൻ കഴിയുന്ന നഗരം കൂടിയാണ്. അത്തരമൊരു win-win partnership ആണ് ഭാവിയിൽ ലക്ഷ്യമിടേണ്ടത്.

അടുത്ത ലക്ഷ്യം ഡാലസ്. ഏകദേശം ആറുമണിക്കൂർ നീണ്ട റോഡ് യാത്ര. അമേരിക്കയുടെ വിശാലതയെക്കുറിച്ച് പുസ്തകങ്ങളിൽ വായിച്ചതിനേക്കാൾ വ്യത്യസ്തമായ അനുഭവമായിരുന്നു ഈ യാത്രകൾ. ഒരു നഗരത്തിൽ നിന്ന് മറ്റൊരു നഗരത്തിലേക്ക് സഞ്ചരിക്കുമ്പോൾ തന്നെ അടുത്ത പരിപാടികളെക്കുറിച്ചുള്ള ചർച്ചകൾ തുടരുകയായിരുന്നു.

ഡാലസിൽ ഡോ. എം. വി. പിള്ളയുമായി വീണ്ടും കൂടിക്കാഴ്ച നടത്തി. ആരോഗ്യ–വിദ്യാഭ്യാസ മേഖലകളിൽ അമേരിക്കയിലെ സ്ഥാപനങ്ങളുമായി തിരുവനന്തപുരത്തിന് എങ്ങനെ സഹകരിക്കാമെന്ന ചർച്ചകൾ കൂടുതൽ വിശദമായി മുന്നോട്ടുപോയി. കമ്മ്യൂണിറ്റി പരിപാടിയിലും പങ്കെടുത്തു. ഓഗസ്റ്റ് 6ന് ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്ര സന്ദർശനവും ഉണ്ടായി.

ഔദ്യോഗിക പരിപാടികളുടെ തിരക്കിനിടയിലും സാംസ്കാരികവും ആത്മീയവുമായ ബന്ധങ്ങൾക്ക് നൽകിയ പ്രാധാന്യം ശ്രദ്ധേയമായിരുന്നു.

അടുത്ത യാത്ര വാഷിങ്ടൺ ഡി.സി. പുലർച്ചെ നാലുമണിയോടെ തന്നെ യാത്ര ആരംഭിച്ചു. വാഷിങ്ടണിലെ ഇന്ത്യൻ എംബസിയിൽ നടന്ന കൂടിക്കാഴ്ചകളിൽ സാംസ്കാരിക കൈമാറ്റം, സ്ഥാപനതല സഹകരണം, അന്താരാഷ്ട്ര ബന്ധങ്ങൾ തുടങ്ങിയ വിഷയങ്ങൾ ചർച്ചയായി.

കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരം അന്താരാഷ്ട്ര തലത്തിൽ കൂടുതൽ സജീവമായി ഇടപെടേണ്ടതിന്റെ ആവശ്യകതയും ഇത്തരം ചർച്ചകളിലൂടെ ബോധ്യമായി.

അവിടെനിന്ന് വീണ്ടും റോഡിലേക്ക്. ഏകദേശം നാലുമണിക്കൂർ യാത്ര ചെയ്ത് പെൻസിൽവേനിയയിൽ എത്തി FOKANA കൺവെൻഷനിൽ പങ്കെടുത്തു. അമേരിക്കയിലെ മലയാളി സമൂഹത്തിന്റെ വലിയൊരു കൂട്ടായ്മയെ നേരിട്ട് കാണാനും അവരുടെ ആശയങ്ങളും പ്രതീക്ഷകളും മനസ്സിലാക്കാനും കഴിഞ്ഞു.

ഓഗസ്റ്റ് 7ന് നടന്ന മറ്റൊരു പരിപാടി പ്രത്യേകമായി ഓർക്കേണ്ടതാണ്. അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്ന തിരുവനന്തപുരം സ്വദേശികളും തിരുവനന്തപുരവുമായി ബന്ധമുള്ള പ്രൊഫഷണലുകളും മേയറുമായി ഓൺലൈനിൽ സംവദിച്ചു. റോഡിലൂടെയുള്ള യാത്രയ്ക്കിടെയായിരുന്നു ഈ സംവാദം.

യാത്രാസമയം പോലും ഒരു ആശയവിനിമയ വേദിയാക്കി മാറ്റുകയായിരുന്നു. വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവർ അവരുടെ അനുഭവങ്ങളും നിർദേശങ്ങളും പങ്കുവച്ചു.

ലോകത്തിന്റെ ഏത് ഭാഗത്തായാലും തിരുവനന്തപുരവുമായി ബന്ധമുള്ള മനുഷ്യരുടെ അറിവും അനുഭവവും നമ്മുടെ നഗരത്തിന്റെ വളർച്ചയ്ക്ക് എങ്ങനെ ഉപയോഗിക്കാം എന്ന ചിന്തയാണ് ആ സംവാദത്തിന്റെ അടിസ്ഥാനം.

തുടർന്നുള്ള യാത്രയിൽ AKMG പരിപാടിയിലും പങ്കെടുത്തു. അമേരിക്കയിൽ പ്രവർത്തിക്കുന്ന മലയാളി ഡോക്ടർമാരുടെ വലിയൊരു കൂട്ടായ്മയാണ് AKMG. ആരോഗ്യരംഗത്തെ വിദഗ്ധരുടെ അനുഭവവും അറിവും തിരുവനന്തപുരത്തിന്റെ ആരോഗ്യ–വിദ്യാഭ്യാസ മേഖലകളുമായി ബന്ധിപ്പിക്കുന്നതിനെക്കുറിച്ച് നിരവധി ആശയങ്ങൾ അവിടെ ഉയർന്നു.

മെഡിക്കൽ ഗവേഷണം, പരിശീലനം, പബ്ലിക് ഹെൽത്ത്, അക്കാദമിക് സഹകരണം തുടങ്ങി വിവിധ മേഖലകളിൽ ഭാവിയിൽ കൂടുതൽ ഇടപെടലുകൾക്ക് സാധ്യതയുണ്ട്.

ഐ.ടി. വിദഗ്ധരുമായും സംരംഭകരുമായും നടത്തിയ സംഭാഷണങ്ങളിലും തിരുവനന്തപുരത്തിന്റെ ടെക്നോളജി, സ്റ്റാർട്ടപ്പ്, ഇന്നൊവേഷൻ മേഖലകൾക്ക് കൂടുതൽ അന്താരാഷ്ട്ര ബന്ധങ്ങൾ സൃഷ്ടിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്തു.

യാത്രയുടെ അവസാനഘട്ടം ന്യൂയോർക്കിലായിരുന്നു. സാധാരണയായി ഒരു ദീർഘയാത്രയുടെ അവസാന ദിവസം കുറച്ച് വിശ്രമത്തിനായി മാറ്റിവയ്ക്കാറുണ്ട്. എന്നാൽ ഈ യാത്രയിൽ അതിനും സമയം കിട്ടിയില്ല.

ന്യൂയോർക്കിലെത്തിയ ശേഷവും ചില പ്രധാന കൂടിക്കാഴ്ചകളും പരിപാടികളും ക്രമീകരിച്ചിരുന്നു. അമേരിക്കയിലെ മലയാളി സമൂഹത്തിലെ പ്രമുഖരെയും പ്രൊഫഷണലുകളെയും നേരിൽ കാണാനും തിരുവനന്തപുരത്തിന്റെ വികസനവുമായി ബന്ധപ്പെട്ട ആശയങ്ങൾ പങ്കുവയ്ക്കാനും അവസരം ലഭിച്ചു.

യാത്രയുടെ തുടക്കത്തിൽ ആരംഭിച്ച ബന്ധങ്ങളുടെ തുടർച്ചയായിരുന്നു ന്യൂയോർക്കിലെ ഈ കൂടിക്കാഴ്ചകൾ. വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന മലയാളികളുമായി സംസാരിക്കുമ്പോൾ പലരിൽ നിന്നും കേൾക്കാനായത് ഒരേ ആഗ്രഹമായിരുന്നു — സ്വന്തം നാടിനുവേണ്ടി എന്തെങ്കിലും ചെയ്യണം.

തിരുവനന്തപുരവുമായി നേരിട്ട് ബന്ധമുള്ള ചില പ്രൊഫഷണലുകളുമായും സുഹൃത്തുക്കളുമായും ആശയവിനിമയം നടത്തി. നഗരത്തിന്റെ വികസനവുമായി ബന്ധപ്പെട്ട വിവിധ മേഖലകളിൽ അവരുടെ പരിചയവും ബന്ധങ്ങളും എങ്ങനെ പ്രയോജനപ്പെടുത്താമെന്നതിനെക്കുറിച്ചും സംസാരിച്ചു.

അമേരിക്കയിലെ അവസാന ദിവസത്തിലും യാത്രയുടെ പ്രധാന ലക്ഷ്യം അതുതന്നെയായിരുന്നു — ബന്ധങ്ങളെ സൗഹൃദത്തിൽ മാത്രം നിർത്താതെ അവയെ ഭാവിയിലെ സഹകരണങ്ങളാക്കി മാറ്റുക.

ന്യൂയോർക്കിലെ പരിപാടികൾ പൂർത്തിയാക്കി മടക്കയാത്രയ്ക്കായി വിമാനത്താവളത്തിലേക്ക് പോകുമ്പോൾ ഒമ്പത് ദിവസത്തെ യാത്രയുടെ ഓരോ ഘട്ടവും മനസ്സിലൂടെ കടന്നുപോയി.

ഹൂസ്റ്റണിലെ ആദ്യ കൂടിക്കാഴ്ചകൾ, മിസോറി സിറ്റിയിലെ നഗരഭരണ അനുഭവങ്ങൾ, ഡാലസിലെ ചർച്ചകൾ, വാഷിങ്ടണിലെ ഇന്ത്യൻ എംബസി സന്ദർശനം, പെൻസിൽവേനിയയിലെ FOKANA കൺവെൻഷൻ, യാത്രയ്ക്കിടയിലെ ഓൺലൈൻ സംവാദം, AKMG പരിപാടി, Mar Ivanios College alumni സംഗമം — എല്ലാം കഴിഞ്ഞ് ഒടുവിൽ ന്യൂയോർക്കിലും ചില പുതിയ ബന്ധങ്ങൾ കൂടി.

യാത്ര അവസാനിക്കുകയായിരുന്നു. പക്ഷേ യാത്രയ്ക്കിടെ ആരംഭിച്ച സംഭാഷണങ്ങൾ തുടരേണ്ടതുണ്ട്.

ഒമ്പത് ദിവസം കൊണ്ട് ഒരു നഗരത്തെ മാറ്റാനാവില്ല. ഒരു കൂടിക്കാഴ്ച കൊണ്ട് ഒരു പദ്ധതി യാഥാർഥ്യമാകുകയും ഇല്ല. പക്ഷേ ഒരു നല്ല സംഭാഷണം പലപ്പോഴും ഒരു വലിയ മാറ്റത്തിന്റെ തുടക്കമാകാം.

ഈ യാത്രയിൽ ആരംഭിച്ച പല സംഭാഷണങ്ങളും തുടർചർച്ചകളുടെ ഘട്ടത്തിലാണ്. മിസോറി സിറ്റിയുമായുള്ള സഹകരണ സാധ്യതകൾ, ഹാരിസ് കൗണ്ടിയുമായുള്ള ഐ.ടി. ബന്ധം, ആരോഗ്യ–വിദ്യാഭ്യാസ മേഖലയിലെ അമേരിക്കൻ സ്ഥാപനങ്ങളുമായുള്ള സഹകരണം, പ്രവാസി പ്രൊഫഷണലുകളുടെ പങ്കാളിത്തം — ഇവയൊക്കെ ഭാവിയിൽ കൂടുതൽ ഫലപ്രദമായി മുന്നോട്ടുപോകുമെന്ന് പ്രതീക്ഷിക്കുന്നു.

യാത്രയുടെ യഥാർത്ഥ ഫലം അളക്കേണ്ടത് എത്ര മൈൽ സഞ്ചരിച്ചു എന്നതിലല്ല; എത്ര പുതിയ സാധ്യതകൾ തുറന്നു എന്നതിലാണ്.

ഈ യാത്രയുടെ പിന്നിൽ പ്രവർത്തിച്ച നിരവധി പേരോടും വ്യക്തിപരമായ നന്ദിയുണ്ട്. അമേരിക്കയിലേക്ക് ക്ഷണിച്ച FOKANA പ്രസിഡന്റ് സജിമോൻ ആന്റണി, വിമാനത്താവളത്തിലെത്തി സ്വീകരിച്ച ശ്രീകുമാർ ഉണ്ണിത്താൻ, യാത്ര, താമസം, പരിപാടികൾ എന്നിവ സ്വന്തം കാര്യമെന്ന പോലെ ഏറ്റെടുത്ത് ആസൂത്രണം ചെയ്ത ജി. കെ. പിള്ള, ഡോ. രഞ്ജിത് പിള്ള, അനിൽകുമാർ ആറന്മുള, രതീഷ് നായർ, മഹാദേവ ശർമ്മ, ഗോപകുമാർ ബാഹുലേയൻ, മാധവൻ നായർ, പാർത്ഥസാരഥി പിള്ള തുടങ്ങിയവർക്ക് ഹൃദയം നിറഞ്ഞ നന്ദി.

ഇവരിൽ പലരെയും ഞാൻ ഈ യാത്രയിലാണ് ആദ്യമായി നേരിൽ കാണുന്നത്. എന്നാൽ ആദ്യ കൂടിക്കാഴ്ചയുടെ അകലം ഒരിടത്തും അനുഭവപ്പെട്ടില്ല. സ്വന്തം കാര്യമെന്ന പോലെ ആത്മാർത്ഥതയോടെയാണ് ഓരോരുത്തരും പ്രവർത്തിച്ചത്. യാത്രാസൗകര്യം മുതൽ താമസം, പരിപാടികളുടെ ഏകോപനം, സമയക്രമം തുടങ്ങി ഓരോ കാര്യത്തിലും അവർ നൽകിയ ശ്രദ്ധയും അധ്വാനവും വാക്കുകൾക്ക് അതീതമാണ്.

ഈ യാത്രയിൽ എനിക്ക് ഏറ്റവും അടുത്തുനിന്ന് കാണാൻ കഴിഞ്ഞത് വി. വി. രാജേഷിന്റെ പ്രവർത്തനശൈലിയാണ്.

ഓരോ കൂടിക്കാഴ്ചയിലും അദ്ദേഹം അന്വേഷിച്ചിരുന്നത് ഏതാണ്ട് ഒരേ കാര്യങ്ങളായിരുന്നു: ഇതിൽ നിന്ന് തിരുവനന്തപുരത്തിന് എന്ത് പഠിക്കാം? ഇത് എങ്ങനെ നമ്മുടെ നഗരത്തിന് പ്രയോജനപ്പെടുത്താം? ഇതിനെ എങ്ങനെ ഒരു സഹകരണമായി മാറ്റാം?

അതുകൊണ്ടുതന്നെ യാത്ര ഒരു പരിപാടിയിൽ നിന്ന് മറ്റൊരു പരിപാടിയിലേക്കുള്ള ഓട്ടമായി മാറിയില്ല. ഓരോ സ്ഥലവും ഒരു പഠനകേന്ദ്രമായി. ഓരോ വ്യക്തിയും ഒരു സാധ്യതയായി. ഓരോ സംഭാഷണവും ഭാവിയിലെ ഒരു ബന്ധത്തിന്റെ തുടക്കമായി.

ഒരു മേയർക്ക് നഗരത്തിന്റെ അതിരുകൾക്കുള്ളിൽ മാത്രം ചിന്തിക്കേണ്ടതില്ലെന്ന് ഈ യാത്ര കാണിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മനുഷ്യരെയും സ്ഥാപനങ്ങളെയും നഗരത്തിന്റെ വികസനത്തിലേക്ക് കൂട്ടിക്കൊണ്ടുവരാനും കഴിയും.

അമേരിക്കയിലെ എന്റെ പതിനാറാമത്തെ യാത്ര അവസാനിക്കുമ്പോൾ മുൻകാല യാത്രകളുടെ ഓർമ്മകൾക്കൊപ്പം മറ്റൊരു അനുഭവം കൂടി മനസ്സിൽ നിൽക്കുന്നു.

അമേരിക്കയെ ഞാൻ പലതവണ കണ്ടിട്ടുണ്ട്. പക്ഷേ ഇത്തവണ തിരുവനന്തപുരത്തിനുവേണ്ടി അമേരിക്കയെ കാണുകയായിരുന്നു.

നഗരങ്ങളുടെ പ്രവർത്തനരീതികൾ കണ്ടു. പുതിയ ബന്ധങ്ങൾ ഉണ്ടാക്കി. പ്രവാസി സമൂഹത്തിന്റെ കഴിവുകൾ അടുത്തറിഞ്ഞു. ഡോക്ടർമാരോടും ഐ.ടി. വിദഗ്ധരോടും നഗരഭരണ നേതൃത്വത്തോടും സർക്കാർ ഉദ്യോഗസ്ഥരോടും സംഘടനാ പ്രവർത്തകരോടും സംസാരിച്ചു.

പല ആശയങ്ങൾ കേട്ടു. ചിലത് പങ്കുവച്ചു. ചിലത് തിരുവനന്തപുരത്തേക്ക് കൊണ്ടുപോകണമെന്ന് തീരുമാനിച്ചു.

യാത്ര അവസാനിച്ചു. പക്ഷേ അതിലൂടെ തുടങ്ങിയ സംഭാഷണങ്ങൾ അവസാനിച്ചിട്ടില്ല.

അതായിരിക്കാം ഈ യാത്രയുടെ ഏറ്റവും വലിയ നേട്ടം.

അമേരിക്കയിലേക്കുള്ള എന്റെ പതിനാറാമത്തെ യാത്ര, ഒടുവിൽ അമേരിക്കയെക്കുറിച്ചുള്ള യാത്രയേക്കാൾ കൂടുതൽ തിരുവനന്തപുരത്തെക്കുറിച്ചുള്ള യാത്രയായി മാറി.

അവിടെ കണ്ട നഗരങ്ങളുടെയും മനുഷ്യരുടെയും സ്ഥാപനങ്ങളുടെയും അനുഭവങ്ങൾ മനസ്സിൽ ബാക്കിയുണ്ട്. അവയെല്ലാം ചേർന്ന് ഒരു ചിന്തയിലേക്കാണ് എന്നെ വീണ്ടും കൊണ്ടെത്തിക്കുന്നത്:

നമ്മുടെ തിരുവനന്തപുരം ഇനിയും ഏറെ മുന്നോട്ട് പോകാനുണ്ട്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ചിതറിക്കിടക്കുന്ന മലയാളികളുടെ അറിവും അനുഭവവും ബന്ധങ്ങളും അതിന്റെ യാത്രയിൽ കൂട്ടായ ശക്തിയാകട്ടെ.

അതാണ് ഈ യാത്രയിൽ നിന്ന് ഞാൻ കൊണ്ടുവരുന്ന ഏറ്റവും വലിയ പ്രതീക്ഷ.

Seeking Connections, Discovering Possibilities: An American Journey for Thiruvananthapuram

Share Email
LATEST excelnclexrn
Top