ടെഹ്റാൻ: ഇറാന്റെ ആണവപദ്ധതിയെക്കുറിച്ചുള്ള യു.എസ് വാദങ്ങളെ രൂക്ഷമായി വിമർശിച്ച് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് (ഐ.ആർ.ജി.സി). യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പെരുംനുണയനാണെന്നും ഇറാൻ ആണവായുധം നിർമിക്കാൻ ശ്രമിക്കുന്നില്ലെന്ന് ശത്രുക്കൾക്ക് കൃത്യമായി അറിയാമെന്നും ഐ.ആർ.ജി.സി വക്താവ് ഹുസൈൻ മൊഹിബ്ബി പറഞ്ഞു. ഇറാന്റെ ആണവപദ്ധതിയല്ല, മറിച്ച് രാജ്യത്തിന്റെ ശക്തിയും വ്യാപ്തിയുമാണ് യു.എസിന്റെ പ്രധാന പ്രശ്നമെന്നും അത് തകർക്കാനാണ് അവർ ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇറാന് ഒരിക്കലും ആണവായുധം നിർമിക്കാൻ കഴിയാത്ത സാഹചര്യം ഉറപ്പാക്കേണ്ടതുണ്ടെന്നത് സൈനിക നടപടിക്ക് പിന്നിലെ കാരണങ്ങളിലൊന്നാണെന്ന് ട്രംപ് നേരത്തേ വ്യക്തമാക്കിയിരുന്നു. ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കാനുള്ള നീക്കത്തിൽ യു.എസിന്റെ ഔദ്യോഗിക പ്രതികരണത്തിനായി ഇറാൻ കാത്തിരിക്കുന്നതിനിടെയാണ് ഐ.ആർ.ജി.സിയുടെ ഈ പ്രസ്താവന പുറത്തുവന്നത്.
ഹോർമുസ് കടലിടുക്കിൽ ഇറാന്റെ സ്വാധീനം നഷ്ടപ്പെട്ടെന്ന യു.എസ് വാദത്തെയും ഹുസൈൻ മൊഹിബ്ബി ചോദ്യംചെയ്തു. വലിയ ചെലവും അപകടസാധ്യതകളും സഹിച്ച് രാത്രിയുടെ മറവിൽ ഒരു ചെറിയ കപ്പലിനെ കടലിടുക്കിലൂടെ കടത്തിവിട്ട് കുറച്ചു ബാരൽ എണ്ണ കയറ്റുമതി ചെയ്തതുകൊണ്ടുമാത്രം ഹോർമുസ് കടലിടുക്ക് തുറന്നെന്ന് പറയാനാവില്ലെന്ന് അദ്ദേഹം പരിഹസിച്ചു. എന്നാൽ കെപ്ലർ പുറത്തുവിട്ട കണക്കുകൾ പ്രകാരം ഹോർമുസ് വഴി പ്രതിദിനം ഏകദേശം ഒരുകോടി ബാരൽ എണ്ണ കയറ്റുമതി എത്തുമെന്നാണ് നിഗമനം. ഇത് യുദ്ധത്തിന് മുൻപുണ്ടായിരുന്ന അളവിന്റെ പകുതിയാണ്.
മേഖലയിലെ യു.എസ് സൈനിക താവളങ്ങൾ സുരക്ഷ നൽകുന്നതിൽ പരാജയപ്പെട്ടുവെന്നും വക്താവ് കൂട്ടിച്ചേർത്തു. അമേരിക്കൻ സൈനിക താവളങ്ങൾ തന്നെയും അരക്ഷിതാവസ്ഥയിലായിപ്പോയിരിക്കുകയാണ്. സ്വന്തം താവളങ്ങൾക്ക് പോലും സുരക്ഷ നൽകാൻ യു.എസിന് കഴിയില്ലെന്ന് മേഖലയിലെ സർക്കാരുകളും ജനങ്ങളും തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
















