ന്യൂഡല്‍ഹി: വിദേശരാജ്യങ്ങളില്‍ കഴിയുന്ന ഇന്ത്യക്കാര്‍ക്കെതിരായ ആക്രമണങ്ങളില്‍ അഞ്ച് വര്‍ഷത്തിനിടെ ഏഴിരട്ടി വര്‍ധന.വെന്ന ഞെട്ടിക്കുന്ന വിവരം. വിദേശകാര്യ മന്ത്രാലയം രാജ്യസഭയില്‍ അവതരിപ്പിച്ച കണക്കുകള്‍ പ്രകാരം 2021ല്‍ ഇന്ത്യക്കാര്‍ക്കെതിരായ ആക്രമണങ്ങളുടെ 15 സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തതെങ്കില്‍ 2025ല്‍ ഇത് 104 ആയി ഉയര്‍ന്നു. 36 രാജ്യങ്ങളില്‍ നിന്നുള്ള കണക്കുകള്‍ പ്രകാരം 2021 മുതല്‍ 2025 വരെ ആകെ 302 ആക്രമണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.
അമേരിക്ക, യുഎഇ, ബ്രിട്ടന്‍, കാനഡ എന്നിവിടങ്ങളിലാണ് ഇന്ത്യക്കാര്‍ക്കെതിരായ ആക്രമണങ്ങള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്തത്. അഞ്ച് വര്‍ഷത്തിനിടെ അമേരിക്കയില്‍ 33 കേസുകളും യുഎഇയില്‍ 32 കേസുകളും ബ്രിട്ടനില്‍ 31 കേസുകളും കാനഡയില്‍ 30 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. അയര്‍ലന്‍ഡില്‍ 24, റഷ്യയില്‍ 23, ജര്‍മനിയില്‍ 19 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ആകെ കണക്കില്‍ 2022ല്‍ 31 എന്നത് 2023ല്‍ 67 ആയി. തുടര്‍ന്ന് 2024ല്‍ 85,ഉം 2025ല്‍ 104 ഉം കേസുകളാണ് രേഖപ്പെടുത്തിയത്.
രാജ്യാടിസ്ഥാനത്തിലുള്ള കണക്കുകളിലും വര്‍ഷംതോറും വലിയ വ്യത്യാസമുണ്ട്. അമേരിക്കയില്‍ 2021ല്‍ ഒരു ആക്രമണമാണ് റിപ്പോര്‍ട്ട് ചെയ്തതെങ്കില്‍ 2022ല്‍ ആറ്, 2023ല്‍ ഒന്ന്, 2024ല്‍ 11, 2025ല്‍ 14 എന്നിങ്ങനെയായി. യുഎഇയില്‍ ഇത് യഥാക്രമം 3, 4, 7, 6, 12 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ബ്രിട്ടനില്‍ 2021ല്‍ ഒരു കേസുണ്ടായിരുന്നത് 2023ല്‍ 11 ആയി ഉയര്‍ന്നെങ്കിലും 2025ല്‍ അഞ്ച് കേസായി കുറഞ്ഞു. കാനഡയില്‍ 2021ല്‍ മൂന്ന് കേസുകളും 2025ല്‍ എട്ട് കേസുകളും രേഖപ്പെടുത്തി.
അയര്‍ലന്‍ഡിലും ഇന്ത്യക്കാര്‍ക്കെതിരായ ആക്രമണങ്ങളില്‍ സമീപ വര്‍ഷങ്ങളില്‍ വലിയ വര്‍ധനയുണ്ടായി. 2021ലും 2022ലും ഓരോ കേസ് വീതം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 2023ല്‍ അഞ്ച്, 2024ല്‍ ഏഴ്, 2025ല്‍ 10 കേസുകളായി ഉയര്‍ന്നു. ഏറ്റവും ശ്രദ്ധേയമായ വര്‍ധന രേഖപ്പെടുത്തിയത് മാലിയിലാണ്. 2021 മുതല്‍ 2024 വരെ ഒരു കേസുപോലും റിപ്പോര്‍ട്ട് ചെയ്യാത്ത മാലിയില്‍ 2025ല്‍ ഇന്ത്യക്കാര്‍ക്കെതിരായ 11 ആക്രമണങ്ങള്‍ രേഖപ്പെടുത്തി.
വിദേശത്തുള്ള ഇന്ത്യക്കാരുടെ സുരക്ഷയും സംരക്ഷണവും കേന്ദ്രസര്‍ക്കാരിന്റെ ഏറ്റവും പ്രധാനപ്പെട്ട പരിഗണനയാണെന്ന് വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിങ് രാജ്യസഭയില്‍ വ്യക്തമാക്കി. വിദേശരാജ്യങ്ങളിലെ ഇന്ത്യന്‍ ദൗത്യങ്ങളും കോണ്‍സുലേറ്റുകളും ഇന്ത്യക്കാരെ ബാധിക്കുന്ന അനിഷ്ട സംഭവങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ബന്ധപ്പെട്ട രാജ്യങ്ങളിലെ അധികൃതരുമായി ഉടന്‍ ബന്ധപ്പെടുകയും സംഭവത്തില്‍ ശരിയായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ പ്രാദേശിക നിയമപ്രകാരം നടപടി ഉറപ്പാക്കാന്‍ ഇടപെടുകയും ചെയ്യുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
Sevenfold increase in attacks against Indians abroad over five years: Most attacks occurred in the US, UAE, and Canada.















