വാഷിംഗ്ടണ്‍: ചൈനീസ് പൗരന്മാര്‍ക്ക് അമേരിക്കയില്‍ ഗ്രീന്‍ കാര്‍ഡ് നേടാന്‍ സഹായിക്കു ന്നതിനായി വ്യാജവിവാഹ പദ്ധതി നടത്തിയെന്നാരോപിച്ച് 11 പേര്‍ക്കെതിരെ യു.എസ്. നീതിന്യായ വകുപ്പ് ക്രിമിനല്‍ കുറ്റം ചുമത്തി. 2016 മുതല്‍ 2026 വരെ ആയിരത്തിലധികം ചൈനീസ് പൗരന്മാരും അമേരിക്കന്‍ പൗരന്മാരും തമ്മില്‍ വ്യാജവിവാഹങ്ങള്‍ നടത്തിയതായാണ് കേസിലെ ആരോപണം. ന്യൂയോര്‍ക്കിലെ സതേണ്‍ ഡിസ്ട്രിക്റ്റില്‍ സമര്‍പ്പിച്ച 21 പേജുള്ള കുറ്റപത്രത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.
ആമി ചെങ്, ഷിയാവോ മെയ് ചാന്‍, ഗാങ് ഷെങ് എന്നിവര്‍ ചേര്‍ന്നാണ് വര്‍ഷങ്ങളോളം പദ്ധതി നടത്തിയതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. കേസിനെ അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ വിവാഹ തട്ടിപ്പ് കേസുകളിലൊന്നെന്ന് യു.എസ്. അറ്റോര്‍ണി ജനറല്‍ ടോഡ് ബ്ലാഞ്ചെ വിശേഷിപ്പിച്ചു. നിയമപരമായി അമേരിക്കന്‍ പൗരത്വം നേടാന്‍ കഴിയാത്തവരെയോ അര്‍ഹതയില്ലാത്തവരെയോ സഹായിക്കുന്നതിനായി വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ച സംഘമായിരുന്നു ഇതെന്നും ബ്ലാഞ്ചെ പറഞ്ഞു.
വ്യാജവിവാഹങ്ങളിലൂടെ ചൈനീസ് പൗരന്മാര്‍ക്ക് അമേരിക്കയില്‍ നിയമപരമായ സ്ഥിരതാമസ പദവി ് നേടാന്‍ സഹായിക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്നാണ് ആരോപണം. സോഷ്യല്‍ മീഡിയ, വിവിധ പരസ്യ മാര്‍ഗങ്ങള്‍ എന്നിവ ഉപയോഗിച്ച് വിദേശ പൗരന്മാര്‍ക്ക് വ്യാജ കുടിയേറ്റ സേവനങ്ങള്‍ വാഗ്ദാനം ചെയ്തതായി കുറ്റപത്രത്തില്‍ പറയുന്നു. വ്യാജവിവാഹം സംഘടിപ്പിച്ച് ഗ്രീന്‍ കാര്‍ഡിനായി അപേക്ഷിക്കുന്നതിനുള്ള സഹായത്തിന് വിദേശ പൗരന്മാരില്‍ നിന്ന് ഏകദേശം ഒരു ലക്ഷം ഡോളര്‍ വരെ ഈടാക്കിയെന്നും ഇടനിലക്കാര്‍ക്ക് ഓരോ ഇടപാടിലും ഏകദേശം 5,000 ഡോളര്‍ കമ്മീഷന്‍ ലഭിച്ചിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ ആരോപിക്കുന്നു.
യു.എസ്. കുടിയേറ്റ അധികൃതര്‍ക്ക് സമര്‍പ്പിക്കുന്നതിനായി വ്യാജ വിവാഹച്ചടങ്ങുകളുടെ ചിത്രങ്ങളും പ്രതികള്‍ തയാറാക്കിയിരുന്നുവെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ചില വിവാഹച്ചടങ്ങുകള്‍ സമീപത്തെ റെസ്റ്റോറന്റുകളില്‍ സംഘടിപ്പിച്ചെന്നും ചൈനീസ് വിവാഹവസ്ത്രം ധരിച്ച് ചൈനീസ് പൗരന്മാരും അമേരിക്കന്‍ പൗരന്മാരും ചടങ്ങില്‍ പങ്കെടുക്കുകയും സുഹൃത്തുക്കളെയും ബന്ധുക്കളെയും ക്ഷണിച്ച് യഥാര്‍ഥ വിവാഹമെന്ന പ്രതീതി സൃഷ്ടിക്കുകയും ചെയ്തതായി പ്രോസിക്യൂട്ടര്‍മാര്‍ ആരോപിച്ചു.
പദ്ധതിയുമായി ബന്ധപ്പെട്ട റിക്രൂട്ടര്‍മാരില്‍ പലരും ന്യൂയോര്‍ക്കില്‍ പ്രവര്‍ത്തിച്ചിരുന്നെങ്കിലും അമേരിക്കയിലുടനീളവും വിദേശത്തും വിവാഹങ്ങള്‍ സംഘടിപ്പിച്ചതായി കുറ്റപത്രത്തില്‍ പറയുന്നു. കണക്ടിക്കട്ട്, മസാച്യുസെറ്റ്‌സ്, പെന്‍സില്‍വാനിയ, കെന്റക്കി, ടെന്നസി, ജോര്‍ജിയ, ഫ്‌ലോറിഡ എന്നിവിടങ്ങളിലും ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലും ഇത്തരം വിവാഹങ്ങള്‍ നടന്നതായാണ് ആരോപണം. കേസിലെ പ്രതികള്‍ക്കെതിരായ ആരോപണങ്ങള്‍ കോടതിയില്‍ തെളിയിക്കപ്പെടേണ്ടതുണ്ട്.
Sham marriages for Chinese nationals to obtain US Green Cards: US Department of Justice files criminal charges against 11 individuals.

















