സാൻ ഫ്രാൻസിസ്കോ: മാർത്തോമ സുവിശേഷ പ്രസംഗ സംഘത്തിൻ്റെ ചുമതലയിലുള്ള മാര്‍ത്തോമ്മാ ടിബറ്റന്‍ ബോര്‍ഡര്‍ മിഷന്റെ പ്രാരംഭ പ്രവര്‍ത്തകരില്‍ ഒരാള്‍ ആയിരുന്ന സിസ്റ്റര്‍ റേച്ചല്‍ പി തോമസ് (കുഞ്ഞമ്മാമ്മ) സാന്‍ഫ്രാന്‍സിസ്കൊയില്‍ (USA) വച്ച് അന്തരിച്ചു.
റാന്നി-വാകത്താനം താബോര്‍ മാര്‍ത്തോമ്മാ ഇടവക അംഗം ആയിരുന്ന കുഞ്ഞമ്മാമ്മ കര്‍ണാടക, ബങ്കാരപ്പെട്ട ബൈബിൾ സ്കൂളിൽ നിന്നും പഠനം പൂര്‍ത്തിയാക്കി. 1960 മുതൽ 20 വര്‍ഷങ്ങള്‍ എ. കെ. ജോര്‍ജ് അച്ചനോടും സഹ പ്രവര്‍ത്തകരോടും ചേര്‍ന്ന് മുൻസ്യാരിയിലും, നാച്ച്നിയിലും(തേജം), മിലമിലും താമസിച്ചു സ്തുത്യര്‍ഹമായ ശുശ്രൂഷകള്‍ നിര്‍വ്വഹിച്ചു.
തുടര്‍ന്ന്‍ ടിബറ്റന്‍ ബോര്‍ഡര്‍ മിഷനില്‍ പോയി ശുശ്രൂഷ നിര്‍വ്വഹിക്കാന്‍ ഉള്ള താല്‍പര്യത്തിന്, മാര്‍ത്തോമ്മാ സുവിശേഷ സേവികാ സംഘം സിസ്റ്റര്‍റേച്ചല്‍ പി തോമസിനും , തലവടി പടിഞ്ഞാറേക്കര മാര്‍ത്തോമ്മാ ഇടവക അംഗം ആയിരുന്ന സിസ്റ്റര്‍ എ. വി. മറിയാമ്മയ്ക്കും പ്രാർത്ഥനയും സഹായവും നല്‍കി.
1960 ഏപ്രിൽ മാസത്തില്‍ വി.റ്റി.ജോൺ അച്ചനോടും കുടുംബത്തോടും ചേർന്ന് ഇരുവരും മിഷനില്‍ എത്തി. ടിബറ്റന്‍ അതിര്‍ത്തിയിലെ മലമുകളിലും താഴ്‌വരകളിലും ഉള്ള ഗ്രാമങ്ങള്‍ തോറും കാല്‍ നടയായി പോയി നിര്‍വ്വഹിച്ച ശുശ്രൂഷകളെ (പ്രത്യേകിച്ചും ആരോഗ്യ രംഗത്ത് വളരെ പിന്നോക്കം നില്‍ക്കുന്ന ഈ പ്രദേശത്തെ സ്ത്രീകള്‍ക്കിടയിലെ ശുശ്രൂഷകള്‍) നന്ദിയോടെ ഓര്‍ക്കുന്നു.
1980 ല്‍ സ്വന്തം ഭവനത്തിലേക്ക് മടങ്ങിപ്പോകുകയും പിന്നീട് സഹോദരങ്ങളോട് കൂടെ അമേരിക്കയിലേക്ക് എത്തുകയും ചെയ്തു. ടിബറ്റൻ ബോർഡറിലെ ഹിമാലയ മലനിരകളില്‍ കർത്താവിന്റെ വേലയ്ക്കായി അക്ഷീണം യത്നിച്ച്, ഗ്രാമവാസികളുടെ ഹൃത്തടങ്ങളിൽ സ്ഥിരപ്രതിഷ്ഠ നേടിയ പ്രിയ റേച്ചല്‍ സിസ്റ്ററിന്റെ ദേഹവിയോഗത്തിൽ നിരവധി ആളുകൾ അനുശോചിച്ചു.
Sister Rachel P. Thomas (Kunjammamma) passed away in San Francisco.

















