swayamvara
pulimoottil

സോണിയ മാസിയെ വെടിവെച്ച് കൊലപ്പെടുത്തിയ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ജയിലില്‍ മരണപ്പെട്ടു

സോണിയ മാസിയെ വെടിവെച്ച് കൊലപ്പെടുത്തിയ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ജയിലില്‍ മരണപ്പെട്ടു

വാഷിംഗ്ടണ്‍: കറുത്തവര്‍ഗക്കാരിയായ സോണിയ മാസിയെ വെടിവെച്ച് കൊലപ്പെടുത്തിയ കേസില്‍ 20 വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ സീന്‍ ഗ്രേസണ്‍ ജയിലില്‍ കഴിയുന്നതിനിടെ മരിച്ചു. 32 വയസുകാരനായ ഗ്രേസന്റെ മരണം ഞായറാഴ്ചയാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ഡാനിയല്‍ ഫുള്‍ട്‌സ് സ്ഥിരീകരിച്ചു. മരണകാരണം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

2024 ജൂലൈ ആറിന സ്പ്രിങ്ഫീല്‍ഡിന് സമീപമുള്ള വീട്ടില്‍ സംശയാസ്പദമായ ഒരാള്‍ പുറത്തുണ്ടെന്ന് അറിയിച്ച് സോണിയ മാസി 911-ല്‍ വിളിച്ചിരുന്നു. സ്ഥലത്തെത്തിയ ഗ്രേസണും മറ്റൊരു ഷെരീഫ് ഡെപ്യൂട്ടിയും മാസിയുമായി സംസാരിച്ചു. സംഭവത്തിന്റെ ബോഡി ക്യാമറ ദൃശ്യങ്ങളില്‍, അടുക്കളയില്‍ ചൂടുവെള്ളമുള്ള പാത്രം കൈവശം വച്ചിരുന്ന മാസിയോട് ഗ്രേസണ്‍ തോക്ക് ചൂണ്ടി അത് താഴെയിടാന്‍ ആവശ്യപ്പെടുന്നതും തുടര്‍ന്ന് വെടിയുതിര്‍ക്കുന്നതും കാണാമായിരുന്നു.

കേസില്‍ ഗ്രേസണെ ആദ്യം ഫസ്റ്റ്-ഡിഗ്രി കൊലക്കുറ്റമാണ് ചുമത്തിയത്. എന്നാല്‍ വിചാരണയ്ക്കിടെ അദ്ദേഹം ചൂടുവെള്ളം തനിക്കെതിരെ ഉപയോഗിക്കുമെന്ന് ഭയപ്പെട്ടിരുന്നുവെന്ന് വാദിച്ചു. ജ്യൂറി പിന്നീട് അദ്ദേഹത്തെ സെക്കന്‍ഡ്-ഡിഗ്രി കൊലക്കുറ്റത്തിന് കുറ്റക്കാരനായി കണ്ടെത്തി. 2026 ജനുവരിയില്‍ പരമാവധി ശിക്ഷയായ 20 വര്‍ഷം തടവിന് വിധിക്കപ്പെട്ട ഗ്രേസണിന് ഇതിനുമുമ്പ് തന്നെ കോളന്‍ കാന്‍സര്‍ സ്ഥിരീകരിച്ചിരുന്നു. രോഗം കരളിലേക്കും ശ്വാസകോശത്തിലേക്കും വ്യാപിച്ചതായി അദ്ദേഹത്തിന്റെ അഭിഭാഷകര്‍ കോടതിയില്‍ പറഞ്ഞിരുന്നു.

തടവില്‍ കഴിയുന്നതിനിടെ ഗുരുതരമായ ആരോഗ്യസ്ഥിതി ചൂണ്ടിക്കാട്ടി മെഡിക്കല്‍ മോചനത്തിനായി ഗ്രേസണ്‍ അപേക്ഷ നല്‍കിയെങ്കിലും ഇല്ലിനോയിസ് പ്രിസണര്‍ റിവ്യൂ ബോര്‍ഡ് കഴിഞ്ഞ മാസം അപേക്ഷ നിരസിച്ചു. അതേസമയം, മാസിയുടെ കൊലപാതകം അമേരിക്കയില്‍ പൊലീസ് ശക്തിപ്രയോഗത്തെക്കുറിച്ചുള്ള വലിയ ചര്‍ച്ചകള്‍ക്കും പ്രതിഷേധങ്ങള്‍ക്കും കാരണമായി. നിരവധി പൊലീസ് ഏജന്‍സികളിലൂടെ ജോലി ചെയ്ത ശേഷമാണ് ഗ്രേസണ്‍ സാങമണ്‍ കൗണ്ടി ഷെരീഫ് ഓഫീസില്‍ നിയമിതനായതെന്നതും പിന്നീട് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കി.

സംഭവത്തിന് പിന്നാലെ ഇല്ലിനോയിസ് നിയമസഭ ‘Sonya Massey Act’ പാസാക്കി. പൊലീസ് ഉദ്യോഗസ്ഥരെ നിയമിക്കുന്നതിന് മുമ്പ് അവരുടെ മുന്‍ തൊഴില്‍ രേഖകള്‍ കൂടുതല്‍ വിശദമായി പരിശോധിക്കണമെന്നാണ് നിയമത്തിലെ പ്രധാന വ്യവസ്ഥ. മാസിയുടെ മരണത്തെ തുടര്‍ന്ന് യു.എസ്. നീതിന്യായ വകുപ്പും പൗരാവകാശ അന്വേഷണം ആരംഭിച്ചിരുന്നു. പൊലീസ് ഇടപെടലുകള്‍, മാനസികാരോഗ്യ പ്രശ്‌നങ്ങളുള്ളവരുമായി ബന്ധപ്പെട്ട പ്രതികരണങ്ങള്‍, അടിയന്തര സേവനങ്ങള്‍ എന്നിവയില്‍ കൂടുതല്‍ പരിശീലനവും മാറ്റങ്ങളും ഉള്‍പ്പെടുന്ന നടപടികള്‍ പിന്നീട് സ്വീകരിക്കുകയും ചെയ്തു.

The former police officer who shot and killed Sonia Massey has died in prison.

Share Email
LATEST excelnclexrn
More Articles
Top