swayamvara
pulimoottil

പ്രകൃതിയുടെ നിലവിളി

പ്രകൃതിയുടെ നിലവിളി

ഡോ. ഷാനോ നായിക്

പ്രകൃതിയെ സ്‌നേഹിക്കൂ
പ്രകൃതിയെ കാക്കൂ
പ്രകൃതിയോടൊപ്പം ജീവിക്കൂ

മനുഷ്യാ, നീ കാതോര്‍ക്കുക,
ഞാന്‍ നിന്നില്‍ നിന്നന്യയല്ല;
നിന്റെ ശ്വാസത്തിന്റെ നാദവും,
ഹൃദയമിടിപ്പിന്റെ താളവും ഞാനാകുന്നു.
എന്നെ കാക്കുവാന്‍ വേറെയാരുണ്ട്..?
എന്നെ വേദനിപ്പിച്ചാല്‍
നിന്റെ നാളെയും വേദനയായീടും.

എന്‍ മടിത്തട്ടുകള്‍ കീറി
നീ പാതകള്‍ തീര്‍ത്തപ്പോള്‍,
എന്‍ നെഞ്ചകം പിളര്‍ത്തി
നഗരങ്ങള്‍ പണിതപ്പോള്‍,
മഴയായ് പെയ്തത് വെള്ളമല്ല,
എന്‍ കണ്ണീരിന്റെ കനല്‍ത്തുള്ളികളായിരുന്നു;
നദികളിലൂടെ ഒഴുകിയത്
എന്‍ നിശ്ശബ്ദ ദുഃഖത്തിന്റെ തിരകളായിരുന്നു.

കാറ്റിന്റെ വീണ താളം തെറ്റി,
കാടുകളുടെ ഗാനം മൗനമായി;
പക്ഷികളുടെ പ്രഭാതരാഗം
അകലെ എവിടെയോ മറഞ്ഞുപോയി.
ഒരിക്കല്‍ പച്ചപ്പിന്റെ പുതപ്പണിഞ്ഞ
എന്‍ മലഞ്ചെരിവുകള്‍,
ഇന്ന് മുറിവുകളുടെ ചുവപ്പണിഞ്ഞ്
നിന്റെ മുമ്പില്‍ നില്‍ക്കുന്നു.

മാലിന്യക്കൂമ്പാരങ്ങള്‍ക്കടിയില്‍
നീയെന്നെ മൂടുമ്പോള്‍,
ഖനനത്തിന്റെ കൂരമ്പുകള്‍കൊണ്ട്
എന്‍ മാറിടം പിളര്‍ക്കുമ്പോള്‍,
നിന്റെ പുകയാല്‍ എന്‍ ശ്വാസങ്ങളില്‍
വിഷമേഘങ്ങള്‍ നിറയുന്നു
എന്‍ നീര്‍ച്ചാലുകളിലൂടെ
ജീവന്റെ സംഗീതമല്ല,
വിഷത്തിന്റെ നിലവിളിയാണൊഴുകുന്നത്.

പക്ഷികള്‍ ഇന്നും തേടുന്നു
ആകാശച്ചില്ലകളില്‍
ഒരു കൂടിന്റെ ചൂടും കരുതലും
മരങ്ങള്‍ ഇന്നും നീട്ടുന്നു
വാടിയ ചില്ലകള്‍,
അവസാന ശ്വാസംകൊണ്ടും
നിഴല്‍ പകരാന്‍.
പൂക്കള്‍ ഇന്നും കാത്തിരിക്കുന്നു
ഒരു നനവിന്റെ മൃദുസ്പര്‍ശം
മണ്ണ് ഇന്നും പ്രതീക്ഷിക്കുന്നു
മനുഷ്യന്റെ കരുണയുടെ മഴത്തുള്ളികള്‍.

പച്ചപ്പണിഞ്ഞ കുന്നുകളുടെ നെഞ്ചില്‍
മുറിവുകളായി പടരുന്നു
എന്‍ വേദനയുടെ രേഖകള്‍
സമുദ്രതിരകളുടെ കരച്ചിലില്‍
നീ കേള്‍ക്കുന്നില്ലേയോ
എന്‍ ദുഃഖത്തിന്റെ നാദം..?
ഉരുകുന്ന ഹിമപര്‍വതങ്ങളുടെ മൗനത്തില്‍
നീ കാണുന്നില്ലേയോ
എന്‍ കണ്ണുനീര്‍ത്തുള്ളികള്‍..?

മനുഷ്യാ,
നീ എന്തേ മൗനം ഭജിക്കുന്നു..?
എന്‍ നിലവിളി കേള്‍ക്കൂ,
എന്‍ കണ്ണുനീര്‍ കാണൂ
ഞാന്‍ നിന്നില്‍ നിന്നന്യയല്ല,
നിന്റെ ശ്വാസവും ജീവനും ഞാനാകുന്നു.

എന്നെ കാത്തുസൂക്ഷിക്കൂ,
ഞാന്‍ നിനക്ക് മഴയായി പെയ്യാം
എന്നെ സ്‌നേഹിക്കൂ,
ഞാന്‍ നിനക്ക് പച്ചപ്പായി വിരിയാം
എന്നെ ചേര്‍ത്തുപിടിക്കൂ,
ഞാന്‍ നിനക്ക് ജീവന്റെ ഗാനം പാടാം.

കാരണം
പ്രകൃതി നശിച്ചാല്‍
മനുഷ്യനും നിലനില്‍ക്കുകയില്ല
പ്രകൃതി പുഞ്ചിരിക്കുമ്പോള്‍ മാത്രം
ഭൂമിയും ഭാവിയും പുഞ്ചിരിക്കും
മനുഷ്യാ, നീ കാത്തോര്‍ക്കുക,
ഞാന്‍ നിന്നില്‍ നിന്നന്യയല്ല…

The Silent Scream of Nature

Share Email
LATEST excelnclexrn
More Articles
Top