വാഷിംഗ്ടൺ: ഇറാന്റെ സാമ്പത്തിക ശൃംഖല പൂർണ്ണമായും തകർക്കാൻ ലക്ഷ്യമിട്ട് സഖ്യരാജ്യങ്ങൾക്കും ആഗോള വിപണികൾക്കും കടുത്ത മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഇറാനുമായി വാണിജ്യ-സാമ്പത്തിക ഇടപാടുകൾ തുടരുന്ന ഏതൊരു രാജ്യവും കടുത്ത സാമ്പത്തിക പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ട്രംപ് വ്യക്തമാക്കി. ഇറാനെ ഒറ്റപ്പെടുത്താനുള്ള അമേരിക്കൻ നീക്കത്തിൽ മറ്റ് രാജ്യങ്ങളും പങ്കാളികളാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ട്രംപിന്റെ ഈ ഭീഷണി ചൈന, ഇന്ത്യ, ജർമ്മനി തുടങ്ങിയ പ്രധാന രാജ്യങ്ങളെ പ്രതികൂലമായി ബാധിച്ചേക്കാം. 2022-ലെ ലോകബാങ്ക് കണക്കുകൾ പ്രകാരം 147 രാജ്യങ്ങളിലേക്ക് ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുകയും 114 രാജ്യങ്ങളിൽ നിന്ന് സാധനങ്ങൾ ഇറക്കുമതി ചെയ്യുകയും ചെയ്യുന്ന ശക്തമായ വ്യാപാര ശൃംഖല ഇറാനുണ്ട്. ഇറാന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായ ചൈനയാണ് അവരുടെ എണ്ണ-ഇതര ഉൽപ്പന്നങ്ങളുടെ പ്രധാന ഉപഭോക്താക്കൾ. ഇറാഖ്, യുഎഇ, ഇന്ത്യ, ജർമ്മനി, തുർക്കി തുടങ്ങിയ രാജ്യങ്ങളും ഇറാനുമായി വലിയ രീതിയിൽ സാമ്പത്തിക ഇടപാടുകൾ നടത്തുന്നുണ്ട്.
2018-ൽ അമേരിക്ക വീണ്ടും കർശന ഉപരോധങ്ങൾ ഏർപ്പെടുത്തിയതോടെ യൂറോപ്യൻ രാജ്യങ്ങളുമായുള്ള ഇറാന്റെ വ്യാപാരത്തിൽ വലിയ ഇടിവ് സംഭവിച്ചിരുന്നു. എന്നാൽ ഇന്ത്യയുമായി അരി, തേയില, മരുന്ന് തുടങ്ങിയ അത്യാവശ്യ സാധനങ്ങളുടെ വ്യാപാരം ഇറാൻ ഇപ്പോഴും തുടരുന്നുണ്ട്. പുതിയ പശ്ചാത്തലത്തിൽ, അമേരിക്കൻ ഉപരോധ ഭീഷണിയെ മറികടന്ന് രാജ്യങ്ങൾ ഇറാനുമായുള്ള വ്യാപാര ബന്ധം എങ്ങനെ മുന്നോട്ട് കൊണ്ടുപോകുമെന്നാണ് ആഗോള സാമ്പത്തിക ലോകം ഉറ്റുനോക്കുന്നത്.

















