വാഷിങ്ടണ്‍: ഇറാനിലെ രണ്ട് റോക്കറ്റ് വിക്ഷേപണ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് അമേരിക്കന്‍ സൈന്യം ആക്രമണം നടത്തിയതായി യുഎസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. ഞായറാഴ്ച ഹോര്‍മുസ് കടലിടുക്കിന് സമീപമുള്ള ലാരക് ദ്വീപിലെ കേന്ദ്രങ്ങളിലാണ് ആക്രമണം നടന്നത്. മൈനുകള്‍ ഘടിപ്പിച്ച റോക്കറ്റുകള്‍ ഹോര്‍മുസ് കടലിടുക്കിലേക്ക് വിക്ഷേപിക്കാന്‍ ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (IRGC) തയ്യാറെടുക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടിയെന്നാണ് യുഎസ് വിശദീകരണം.
പേര്‍ഷ്യന്‍ ഗള്‍ഫില്‍ ഹോര്‍മുസ് കടലിടുക്കിന്റെ കിഴക്കന്‍ ഭാഗത്തായി സ്ഥിതി ചെയ്യുന്ന ചെറിയ ഇറാനിയന്‍ ദ്വീപാണ് ലാരക്. ലോകത്തിലെ പ്രധാനപ്പെട്ട വാണിജ്യ ജലപാതകളിലൊന്നായ ഹോര്‍മുസ് കടലിടുക്ക് നിലവിലെ അമേരിക്ക-ഇറാന്‍ സംഘര്‍ഷത്തിന്റെ പ്രധാന കേന്ദ്രമായി മാറിയിരിക്കുകയാണ്. മേഖലയിലെ സ്ഥിതിഗതികള്‍ അമേരിക്കന്‍ സൈന്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും യുഎസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
കഴിഞ്ഞ ആഴ്ച ഹോര്‍മുസ് കടലിടുക്ക് മൈനുകളില്‍ നിന്ന് സുരക്ഷിതമാക്കിയതായി യുഎസ് സെന്‍ട്രല്‍ കമാന്‍ഡും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും അറിയിച്ചിരുന്നു. അതിന് പിന്നാലെയാണ് ലാരക് ദ്വീപിലെ റോക്കറ്റ് വിക്ഷേപണ കേന്ദ്രങ്ങള്‍ക്കെതിരെ അമേരിക്കന്‍ ആക്രമണം നടത്തിയത്. പ്രധാനപ്പെട്ട ഈ ജലപാതയിലൂടെയുള്ള വാണിജ്യ ഗതാഗതം തടസ്സപ്പെടാതിരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ അമേരിക്കന്‍ സൈന്യം സജ്ജമാണെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.
അതേസമയം, ഇറാനെതിരായ സാമ്പത്തിക സമ്മര്‍ദം ശക്തമാക്കാനുള്ള നീക്കങ്ങളും ട്രംപ് ഭരണകൂടം തുടരുകയാണ്. ഫെബ്രുവരി 28ന് ഇറാനെതിരെ ”പ്രധാന സൈനിക നീക്കങ്ങള്‍” ആരംഭിച്ചതായി ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെ അമേരിക്കയും ഇസ്രയേലും ഇറാനിലെ സൈനിക, സര്‍ക്കാര്‍, അടിസ്ഥാന സൗകര്യ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് വ്യാപക ആക്രമണങ്ങള്‍ നടത്തിയിരുന്നു. യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള കരാറിനായി ജൂണില്‍ ഇരു രാജ്യങ്ങളുടെയും പ്രതിനിധികള്‍ ചര്‍ച്ച നടത്തിയിരുന്നെങ്കിലും പരസ്പര ആക്രമണങ്ങള്‍ തുടരുകയാണ്.
അമേരിക്കന്‍ ആക്രമണത്തിന് ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് മുന്നറിയിപ്പ് നല്‍കി. ഞായറാഴ്ച രാത്രിയുണ്ടായ യുഎസ് ആക്രമണത്തിന് ”പ്രതികരണമുണ്ടാകുമെന്നും ആക്രമണം നടത്തിയവര്‍ക്ക് ശിക്ഷ നല്‍കുമെന്നും” IRGC വ്യക്തമാക്കി. ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ IRNA പ്രസിദ്ധീകരിച്ച പ്രസ്താവനയിലാണ് മുന്നറിയിപ്പ്.
US strikes Iran’s rocket launch sites; tensions escalate in the Strait of Hormuz.

















