swayamvara
pulimoottil

‘ഞങ്ങള്‍ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു’; യുഎസ് ജയിലില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് മുന്‍ വെനസ്വേലന്‍മുന്‍ പ്രസിഡന്റ് മഡുറോ

‘ഞങ്ങള്‍ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു’; യുഎസ് ജയിലില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് മുന്‍ വെനസ്വേലന്‍മുന്‍ പ്രസിഡന്റ് മഡുറോ

ന്യൂയോര്‍ക്ക്: യുഎസ് ജയിലില്‍ കഴിയുന്ന വെനസ്വേലയുടെ മുന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോ സോഷ്യല്‍ മീഡിയയിലൂടെ പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചു. ”ഞങ്ങള്‍ ഉറച്ചുനില്‍ക്കുന്നു” എന്ന സന്ദേശത്തോടെയാണ് ചിത്രങ്ങള്‍ മഡുറോ ഞായറാഴ്ച പുറത്തുവിട്ടത്. മയക്കുമരുന്ന് കടത്തും തോക്ക് കൈവശം വച്ചതുമടക്കമുള്ള കുറ്റങ്ങളാണ് മഡുറോയ്ക്കും ഭാര്യ സിലിയ ഫ്‌ലോറസിനുമെതിരെ യുഎസ് അധികൃതര്‍ ചുമത്തിയിരിക്കുന്നത്. എന്നാല്‍ ഇരുവരും കുറ്റങ്ങള്‍ നിഷേധിച്ചിട്ടുണ്ട്.

ജനുവരിയില്‍ യുഎസ് സൈനിക നടപടിക്കിടെ കാരക്കാസില്‍വെച്ചാണ് മഡുറോയെയും ഭാര്യയെയും പിടികൂടിയത്. തുടര്‍ന്ന് ന്യൂയോര്‍ക്കിലെ ബ്രൂക്ക്‌ലിനിലുള്ള ജയിലില്‍ ഇരുവരെയും തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. ”എന്റെ എല്ലാ കൊച്ചുമക്കള്‍ക്കും ഞങ്ങളെ സ്‌നേഹിക്കുന്ന എല്ലാ നല്ല മനുഷ്യര്‍ക്കുമുള്ള ചെറിയ സമ്മാനമായാണ് ഈ ചിത്രങ്ങള്‍ അയക്കുന്നത്,” ടെലഗ്രാം സന്ദേശത്തില്‍ മഡുറോ കുറിച്ചു. നിങ്ങളുടെ സ്‌നേഹം ഹൃദയത്തില്‍ നിറച്ച് തങ്ങള്‍ ഉറച്ചുനില്‍ക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

പുറത്തുവിട്ട രണ്ട് ചിത്രങ്ങളിലും ചാരനിറത്തിലുള്ള ട്രാക്ക്‌സ്യൂട്ട് ധരിച്ച മഡുറോ കൈകളില്‍ വിജയചിഹ്നം കാണിക്കുന്നതായി കാണാം. പിടിയിലായതിന് ശേഷം അദ്ദേഹത്തിന് ഭാരം കുറഞ്ഞതായും ചിത്രങ്ങളില്‍ നിന്ന് വ്യക്തമാണ്. ചിത്രങ്ങള്‍ ഞായറാഴ്ച പുറത്തുവന്നെങ്കിലും ജൂണ്‍ 25നാണ് അവ പകര്‍ത്തിയത്.
”ഞങ്ങള്‍ ശക്തരും ശാന്തരും ആത്മവിശ്വാസമുള്ളവരുമായി തുടരും. ദൈവം ഞങ്ങളോടൊപ്പമുണ്ട്. ദൈവം വഴികാട്ടും. വെനസ്വേല വീണ്ടും ഉയിര്‍ത്തെഴുന്നേല്‍ക്കും,” എന്നായിരുന്നു മഡുറോയുടെ സന്ദേശത്തിന്റെ അവസാന ഭാഗം. മഡുറോയുടെ പിന്‍ഗാമിയായ ഇടക്കാല പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസ് വെനസ്വേലയില്‍ അമേരിക്കയ്ക്ക് എണ്ണപ്പാടങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ അനുമതി നല്‍കുന്ന ”ചരിത്രപരമായ” എണ്ണക്കരാര്‍ പ്രഖ്യാപിച്ചതിന് രണ്ട് ദിവസത്തിന് ശേഷമാണ് മഡുറോയുടെ സന്ദേശം പുറത്തുവന്നത്.

ജയിലില്‍ മഡുറോയ്ക്ക് പത്രങ്ങളോ ഇന്റര്‍നെറ്റോ ഉപയോഗിക്കാന്‍ അനുമതിയില്ലെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ട്. എന്നാല്‍ കുടുംബാംഗങ്ങളോടും അഭിഭാഷകരോടും മാസത്തില്‍ ഏകദേശം 300 മിനിറ്റ് വരെ ടെലിഫോണില്‍ സംസാരിക്കാന്‍ അനുമതിയുണ്ട്. ഒരു ഫോണ്‍കോളിന് പരമാവധി 15 മിനിറ്റാണ് അനുവദിച്ചിരിക്കുന്നത്. മഡുറോയുടെ മകന്‍ നിക്കോളാസ് മഡുറോ ഗ്വെറ പറയുന്നതനുസരിച്ച് മുന്‍ പ്രസിഡന്റ് ആരോഗ്യവാനാണ്, ജയിലില്‍ ബൈബിള്‍ പഠിച്ചാണ് സമയം ചെലവഴിക്കുന്നത്. മഡുറോയ്ക്കും ഭാര്യയ്ക്കുമെതിരായ യുഎസ് വിചാരണ 2027 ജൂണ്‍ ഒന്നിന് ആരംഭിക്കുമെന്ന് ന്യൂയോര്‍ക്കിലെ ഫെഡറല്‍ കോടതി ജൂലൈ അവസാനം അറിയിച്ചു.

‘We stand firm in our position’; Former Venezuelan President Maduro shares photos from a US prison.

Share Email
Top