വാഷിംഗ്ടൺ: ഇറാനെതിരായ അമേരിക്കയുടെ നാവിക ഉപരോധം പൂർണ ശക്തിയോടെ തുടരുകയാണെന്ന് വൈറ്റ് ഹൗസ് ഡെപ്യൂട്ടി പ്രസ് സെക്രട്ടറി അന്ന കെല്ലി. ‘ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റ്’ എന്ന പേരിലുള്ള സാമ്പത്തിക നടപടികളിലൂടെ ഇറാൻ ഭരണകൂടത്തിന്റെ സാമ്പത്തിക സ്രോതസ്സുകൾ പൂർണമായി തകർക്കുകയാണ് അമേരിക്കയുടെ ലക്ഷ്യമെന്നും അൽ ജസീറയ്ക്ക് നൽകിയ പ്രസ്താവനയിൽ കെല്ലി പറഞ്ഞു.
ഹോർമുസ് കടലിടുക്കിലെ തടസ്സങ്ങൾ പൂർണമായി നീക്കം ചെയ്തതായും കടൽപ്പാത ഇപ്പോൾ സുരക്ഷിതമാണെന്നുമുള്ള യുഎസ് നിലപാട് കെല്ലി ആവർത്തിച്ചു. എന്നാൽ, ഇറാനുമായി നിലവിൽ യാതൊരു തരത്തിലുള്ള ചർച്ചകളും നടക്കുന്നില്ലെന്നും സമീപഭാവിയിൽ ചർച്ചകൾക്ക് സാധ്യതയില്ലെന്നും അവർ വ്യക്തമാക്കി. “ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാനുമായി നിലവിൽ യാതൊരു സംഭാഷണങ്ങളോ ചർച്ചകളോ നടക്കുന്നില്ല. അതിനായി ഒരു കൂടിക്കാഴ്ചയും നിശ്ചയിച്ചിട്ടില്ല,” കെല്ലി പറഞ്ഞു.















