തിരുവനന്തപുരം: സംസ്ഥാനത്തെ ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂറും സ്പെഷ്യാലിറ്റി ചികിത്സാ സൗകര്യം ലഭ്യമാക്കുന്ന പുതിയ പദ്ധതിയുടെ ഭാഗമായി, ഡോക്ടർമാരുടെ സ്ഥാനക്കയറ്റ നടപടികൾ വേഗത്തിലാക്കാൻ തീരുമാനം. പദ്ധതി നടപ്പാക്കാൻ ആവശ്യമായ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ തസ്തികകളിലെ ഒഴിവുകൾ താൽക്കാലികവും വേഗത്തിലുള്ളതുമായ സ്ഥാനക്കയറ്റത്തിലൂടെ നികത്താൻ ആരോഗ്യമന്ത്രി കെ. മുരളീധരൻ നിർദ്ദേശം നൽകി.
യോഗ്യതയും നിശ്ചിത സർവീസ് വ്യവസ്ഥകളും പൂർത്തിയാക്കുന്ന ഡോക്ടർമാർക്ക് എത്രയും വേഗം പ്രൊമോഷൻ നൽകാനാണ് തീരുമാനം. ഇതിനായി കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഉപദേശവും ഡിപ്പാർട്ട്‌മെന്റൽ പ്രൊമോഷൻ കമ്മിറ്റിയുടെ അംഗീകാരവും വേഗത്തിൽ ലഭ്യമാക്കുന്നതിനായി നടപടികളുമായി മുന്നോട്ട് പോകാൻ ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് മന്ത്രി നിർദ്ദേശം നൽകി.
സ്ഥാനക്കയറ്റം നൽകുന്നതോടെ നിലവിൽ ഒഴിവു വരുന്ന തസ്തികകളിൽ പുതിയ നിയമനങ്ങൾ നടത്താനാണ് ആരോഗ്യവകുപ്പിന്റെ നീക്കം. ആവശ്യത്തിന് സ്പെഷ്യലിസ്റ്റ് ഡോക്ടർമാരില്ലാത്തതിനാൽ 24 മണിക്കൂർ സേവനങ്ങൾ താറുമാറാകുമെന്ന് ചൂണ്ടിക്കാട്ടി കേരള ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ മുൻപ് സർക്കാരിനെ ആശങ്ക അറിയിച്ചിരുന്നു.
ഡോക്ടർമാരുടെ പ്രൊവിഷണൽ പ്രമോഷന് വഴിതുറന്ന ആരോഗ്യവകുപ്പിന്റെ ഈ അടിയന്തര നടപടിയെ കെ.ജി.എം.ഒ.എ സ്വാഗതം ചെയ്തു. ഇതിലൂടെ വിഭവശേഷിയുടെ കുറവുപരിഹരിച്ച് ആശുപത്രികളിലെ സ്പെഷ്യാലിറ്റി സേവനം സുഗമമായി മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

















