ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കുന്ന മലയാളി കായികതാരങ്ങൾക്കും അവരുടെ പരിശീലകർക്കും വമ്പൻ പാരിതോഷികങ്ങൾ പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. ഗെയിംസിൽ സ്വർണമെഡൽ നേടുന്ന മലയാളി താരങ്ങൾക്ക് 50 ലക്ഷം രൂപ പാരിതോഷികമായി ലഭിക്കും. വെള്ളി മെഡൽ വിജയികൾക്ക് 30 ലക്ഷം രൂപയും വെങ്കലം നേടുന്നവർക്ക് 20 ലക്ഷം രൂപയുമാണ് സർക്കാർ വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇതിനുപുറമേ, മത്സരത്തിൽ പങ്കെടുക്കുന്ന മുഴുവൻ മലയാളി കായികതാരങ്ങൾക്കും ഒരു ലക്ഷം രൂപ വീതം മുൻകൂറായി നൽകാനും തിരുവനന്തപുരത്ത് ചേർന്ന കായിക അസോസിയേഷനുകളുടെ യോഗത്തിൽ മന്ത്രി ഒ. ജെ. ജനീഷ് തീരുമാനമറിയിച്ചു.
കായികതാരങ്ങളുടെ മികച്ച പ്രകടനത്തിന് പിന്നിൽ പ്രവർത്തിക്കുന്ന പരിശീലകർക്കും മികച്ച തുകയാണ് പ്രോത്സാഹനസമ്മാനമായി പ്രഖ്യാപിച്ചിട്ടുള്ളത്. സ്വർണമെഡൽ നേടുന്ന താരങ്ങളുടെ കോച്ചുമാർക്ക് 5 ലക്ഷം രൂപ വീതവും, വെള്ളി മെഡൽ വിജയികളുടെ പരിശീലകർക്ക് 3 ലക്ഷം രൂപയും വെങ്കലമെഡൽ നേടുന്നവരുടെ പരിശീലകർക്ക് 2 ലക്ഷം രൂപയും നൽകും. അന്താരാഷ്ട്ര തലത്തിൽ കേരളത്തിന്റെ കായിക പെരുമ ഉയർത്തുന്ന താരങ്ങൾക്ക് അർഹമായ പ്രോത്സാഹനം ഉറപ്പാക്കുകയാണ് ഈ പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.
സ്പോർട്സ് അസോസിയേഷനുകളിലെ ആഭ്യന്തര തർക്കങ്ങൾ കാരണം കഴിവുള്ള താരങ്ങൾക്ക് അവസരം നഷ്ടപ്പെടുന്ന അവസ്ഥ ഉണ്ടാകരുതെന്ന് കായിക മന്ത്രി യോഗത്തിൽ നിർദ്ദേശം നൽകി. അസോസിയേഷനുകൾ പുതിയ പ്രവർത്തന ശൈലികളിലേക്ക് മാറണമെന്നും, പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിന് ആവശ്യമായ നയപരമായ മാറ്റങ്ങൾ കായികരംഗത്ത് ഉടൻ കൊണ്ടുവരുമെന്നും മന്ത്രി ഒ. ജെ. ജനീഷ് കൂട്ടിച്ചേർത്തു.
















