ഒമാൻ തീരത്ത് പനാമ പതാകയേന്തിയ എണ്ണക്കപ്പലായ ‘എം.ടി എൽ ഗായാ’ക്ക് നേരെ ഉണ്ടായ ആക്രമണത്തെ ഇന്ത്യ അപലപിച്ചു. കപ്പലിലുണ്ടായിരുന്ന 14 ഇന്ത്യൻ ജീവനക്കാരിൽ 13 പേരെ രക്ഷപ്പെടുത്തിയതായും കാണാതായ ഒരാൾക്കായി തിരച്ചിൽ തുടരുകയാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പിന്തുണ നൽകിയ ഒമാൻ അധികൃതർക്ക് നന്ദി അറിയിച്ച ഇന്ത്യ, എംബസി വഴി തിരച്ചിൽ ഏകോപിപ്പിച്ചു വരികയാണ്. വ്യാപാരാവശ്യങ്ങൾക്കുള്ള കപ്പലുകൾക്കും നാവികർക്കും നേരെ നടക്കുന്ന ആക്രമണങ്ങൾ അംഗീകരിക്കാനാകില്ലെന്നും സ്വതന്ത്ര കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
മേഖലയിലെ സംഘർഷങ്ങൾക്ക് ഉടൻ അയവുവരുത്തണമെന്നും സമാധാനത്തിനായി നയതന്ത്ര ഇടപെടലുകൾ വേണമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. അതേസമയം ഹോർമുസ് കടലിടുക്കിലെ ഖ്വേഷം ദ്വീപിന് സമീപം ഇറാനിയൻ ചരക്കുകപ്പലിന് നേരെയും ആക്രമണമുണ്ടായി. സംഭവത്തിൽ ഒരാൾ കൊല്ലപ്പെടുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
പ്രൊജക്റ്റൈൽ പതിച്ച് കപ്പലിന് തീപ്പിടിച്ചതിനെ തുടർന്ന് ആളുകളെ ഒഴിപ്പിച്ചതായി യുകെ മാർക്കറ്റൈം ട്രേഡ് ഓപ്പറേഷൻസ് അറിയിച്ചു. ഇതോടെ മേഖലയിലെ ജലപാതകളിൽ കപ്പൽ ഗതാഗത സുരക്ഷ കൂടുതൽ ആശങ്കയിലായിട്ടുണ്ട്.

















