സിഡ്നി: അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് അവരുടെ പങ്കാളികളെയും കുട്ടികളെയും ഒപ്പം കൂട്ടുന്നതിന് വിലക്കേർപ്പെടുത്താൻ ഓസ്‌ട്രേലിയ തീരുമാനിച്ചു. താൽക്കാലിക കുടിയേറ്റക്കാർ വിസ മാറ്റുന്നതിനുള്ള ചട്ടങ്ങൾ കൂടുതൽ കർശനമാക്കുമെന്നും സർക്കാർ അറിയിച്ചു. കുടിയേറ്റ നയത്തിലെ മാറ്റങ്ങളെക്കുറിച്ച് ആഭ്യന്തര കാര്യ മന്ത്രി ടോണി ബർക്ക് നടത്തുന്ന പ്രസംഗത്തിന് മുന്നോടിയായാണ് ഈ പ്രഖ്യാപനം വന്നിരിക്കുന്നത്.
ദേശീയ പ്രസ് ക്ലബിൽ നടക്കുന്ന ചടങ്ങിൽ ആഭ്യന്തര കാര്യ മന്ത്രി ടോണി ബർക്ക് ഇക്കാര്യം ഔദ്യോഗികമായി വ്യക്തമാക്കുമെന്ന് പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നിലവിലുള്ള പ്രതിവർഷ കുടിയേറ്റ കണക്കുകൾ 300,000 ത്തിൽ നിന്ന് 2028-ഓടെ 225,000 ആയി കുറയ്ക്കുകയാണ് ഈ പുതിയ നയത്തിലൂടെ ലക്ഷ്യമിടുന്നത്.
നിലവിൽ അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ ജീവിതപങ്കാളികൾക്ക് ഓസ്‌ട്രേലിയയിൽ ജോലി ചെയ്യാൻ അനുവാദമുണ്ട്. എന്നാൽ വിദ്യാർത്ഥിയുടെ കോഴ്‌സിനെ ആശ്രയിച്ച് അവർക്ക് ജോലചെയ്യാനാകുന്ന സമയത്തിൽ വ്യത്യാസമുണ്ടാകാറുണ്ട്. കൂടാതെ 18 വയസ്സിന് താഴെയുള്ള ആശ്രിതരായ കുട്ടികളെയും വിദ്യാർത്ഥികൾക്ക് ഒപ്പം കൂട്ടാമായിരുന്നു. എന്നാൽ പുതിയ നിയമം വരുന്നതോടെ ഇതിന് നിയന്ത്രണമാകും. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ വൻ മുന്നേറ്റം നടത്തുന്ന ‘വൺ നേഷൻ’ പാർട്ടി, ഓസ്‌ട്രേലിയക്കാർക്ക് ആശ്വാസം നൽകുന്നതിനായി അടുത്ത മൂന്ന് വർഷത്തിനുള്ളിൽ താൽക്കാലിക കുടിയേറ്റക്കാരുടെ എണ്ണം 750,000 ആയി വെട്ടിക്കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാരിന്റെ പുതിയ നീക്കം.
കോവിഡ് നിയന്ത്രണങ്ങൾക്ക് ശേഷം 2022 ഫെബ്രുവരിയിൽ അതിർത്തികൾ തുറന്നതോടെ അന്താരാഷ്ട്ര വിദ്യാർത്ഥികൾ താൽക്കാലിക വിദഗ്ധ തൊഴിലാളികൾ എന്നിവരുടെ വരവ് വലിയ തോതിൽ വർദ്ധിച്ചിരുന്നു. എന്നാൽ കഴിഞ്ഞ രണ്ട് വർഷമായി കുടിയേറ്റക്കാരുടെ എണ്ണത്തിൽ കുറവ് വരുന്നുണ്ടെങ്കിലും, പുതിയതായി എത്തുന്നവരുടെ വർദ്ധനവ് ഭവന നിർമ്മാണ മേഖലയ്ക്കും അടിസ്ഥാന സൗകര്യങ്ങൾക്കും വലിയ സമ്മർദ്ദം സൃഷ്ടിക്കുന്നുണ്ടെന്ന് വിമർശകർ ചൂണ്ടിക്കാണിക്കുന്നു. ഔദ്യോഗിക കണക്കുകൾ പ്രകാരം 2025 ജൂണിൽ അവസാനിച്ച വർഷം ആകെ വിദേശ കുടിയേറ്റം 306,000 ആയിരുന്നു. ഇതിൽ ഭൂരിഭാഗവും അന്താരാഷ്ട്ര വിദ്യാർത്ഥികളായിരുന്നു എന്നത് ശ്രദ്ധേയമാണ്.
















