Caritas hospital

ടെയ്‌ലർ സ്വിഫ്റ്റിന്റെ ഭർത്താവിനെയടക്കം നിക്ഷേപകരെ കബളിപ്പിച്ച് വൻ തുക തട്ടിയെടുത്തു; ഇന്ത്യൻ വംശജനായ സിദ്ധാർത്ഥ് ജവഹറിന് അമേരിക്കയിൽ 11 വർഷം തടവ്

ടെയ്‌ലർ സ്വിഫ്റ്റിന്റെ ഭർത്താവിനെയടക്കം നിക്ഷേപകരെ കബളിപ്പിച്ച് വൻ തുക തട്ടിയെടുത്തു; ഇന്ത്യൻ വംശജനായ സിദ്ധാർത്ഥ് ജവഹറിന് അമേരിക്കയിൽ 11 വർഷം തടവ്

ന്യൂയോർക്ക്: അമേരിക്കയിൽ നിക്ഷേപകരിൽ നിന്ന് ദശലക്ഷക്കണക്കിന് ഡോളർ തട്ടിയെടുത്ത കേസിൽ ഇന്ത്യൻ വംശജനായ സിദ്ധാർത്ഥ് ജവഹറിന് 11 വർഷം തടവ് ശിക്ഷ വിധിച്ചു. പ്രശസ്ത ഗായിക ടെയ്‌ലർ സ്വിഫ്റ്റിന്റെ ഭർത്താവും അമേരിക്കൻ ഫുട്ബോൾ താരവുമായ ട്രാവിസ് കെൽസി ഉൾപ്പെടെയുള്ള ഡസൻ കണക്കിന് നിക്ഷേപകരെ കബളിപ്പിച്ച കേസിലാണ് കോടതിയുടെ നടപടി. ടെക്സസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘സ്വിഫ്റ്റാർക്ക് കാപിറ്റൽ’ എന്ന നിക്ഷേപ കമ്പനിയുടെ സഹസ്ഥാപകനും മാനേജിംഗ് പങ്കാളിയുമായ 38 കാരനായ സിദ്ധാർത്ഥ് ജവഹർ, മിസൗരിയിലും മറ്റ് സംസ്ഥാനങ്ങളിലുമുള്ള 64 നിക്ഷേപകരെയാണ് പോൻസി സ്കീമിലൂടെ കബളിപ്പിച്ചത്.

2023 ഡിസംബറിൽ മൂന്ന് കൗണ്ട് വയർ ഫ്രോഡും ഒരു കൗണ്ട് ഇൻവെസ്റ്റ്‌മെന്റ് അഡ്വൈസർ ഫ്രോഡും ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി ഇയാളെ പ്രതിചേർത്തിരുന്നു. ജനുവരിയിൽ വയർ ഫ്രോഡ് കുറ്റങ്ങൾ സമ്മതിച്ച ഇയാൾക്ക് മിസൗരിയിലെ ഈസ്റ്റേൺ ഡിസ്ട്രിക്റ്റിലുള്ള യുഎസ് അറ്റോർണി ഓഫീസ് ചൊവ്വാഴ്ചയാണ് 11 വർഷത്തെ തടവ് ശിക്ഷ വിധിച്ചത്. ട്രാവിസ് കെൽസി ഉൾപ്പെടെയുള്ള നിക്ഷേപകർക്ക് 31.35 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.

വലിയ സാമ്പത്തിക നഷ്ടവും ദീർഘകാലമായുള്ള തട്ടിപ്പും ചൂണ്ടിക്കാണിച്ച യുഎസ് ജില്ലാ ജുഡീഷ്യൽ ജഡ്ജി സാച്ചറി എം. ബ്ലൂസ്റ്റോൺ, നിക്ഷേപകരുടെ വിശ്വാസത്തെ പ്രതി ‘ആയുധമാക്കുകയാണ്’ ചെയ്തതെന്ന് നിരീക്ഷിച്ചു. ഇരകൾക്ക് പണം തിരിച്ചുനൽകാൻ തയ്യാറാകാത്തതും ശിക്ഷാവിധിയെ സ്വാധീനിച്ച പ്രധാന ഘടകമാണെന്ന് കോടതി വ്യക്തമാക്കി.

തട്ടിപ്പ് നടത്തിയത് എങ്ങനെ?

2015 മുതൽ ക്ലയന്റുകളുടെ ഫണ്ട് ഫിലിപ്പ് മോറിസ് പാകിസ്ഥാൻ (പിഎംപി) എന്ന ഒറ്റ നിക്ഷേപത്തിലേക്കാണ് സിദ്ധാർത്ഥ് ജവഹർ നിക്ഷേപിച്ചു തുടങ്ങിയത്. പിന്നീട് ക്ലയന്റ് ഫണ്ടിന്റെ 99 ശതമാനവും പിഎംപിയിലേക്ക് മാറ്റിയതായി യുഎസ് അറ്റോർണി ഓഫീസ് പ്രസ്താവനയിൽ അറിയിച്ചു. പിഎംപിയുടെ ഓഹരി മൂല്യം ഇടിഞ്ഞപ്പോൾ, നിക്ഷേപകരിൽ നിന്ന് ആ വിവരം മറച്ചുവെക്കുകയും തങ്ങളുടെ നിക്ഷേപത്തിന് ലാഭം ലഭിക്കുന്നുണ്ടെന്ന് വ്യാജമായി വരുത്തിതീർക്കുകയും ചെയ്തു.

നിക്ഷേപകരുടെ പണം കൃത്യമായ കമ്പനികളിലാണ് നിക്ഷേപിക്കുന്നതെന്ന് വിശ്വസിപ്പിച്ചെങ്കിലും വാഗ്ദാനം ചെയ്തതനുസരിച്ച് പണം എവിടെയും നിക്ഷേപിച്ചിരുന്നില്ല. 2016 ജൂലൈ മുതൽ 2023 ഡിസംബർ വരെയുള്ള കാലയളവിൽ സ്വിഫ്റ്റാർക്ക് നിക്ഷേപകരിൽ നിന്ന് 35 മില്യൺ ഡോളറിലധികം കൈപ്പറ്റിയെങ്കിലും, അതിൽ 10 മില്യൺ ഡോളർ മാത്രമാണ് നിക്ഷേപത്തിനായി ഉപയോഗിച്ചത്. പുതിയ നിക്ഷേപകരിൽ നിന്ന് ലഭിക്കുന്ന പണം പഴയ നിക്ഷേപകർക്ക് തിരികെ നൽകാനും, ആഡംബര ജീവിതം നയിക്കാനുമാണ് ജവഹർ ഈ തുക ഉപയോഗിച്ചത്. സ്വകാര്യ ജെറ്റുകളിലെ യാത്രകൾ, ആഡംബര ഹോ്‌ട്ടലുകളിലെ താമസം, ഓസ്റ്റിനിലും ന്യൂയോർക്കിലുമുള്ള ആഡംബര അപ്പാർട്ട്മെന്റുകൾ, രാജ്യത്തുടനീളമുള്ള വിവിധ പ്രൈവറ്റ് ക്ലബ്ബുകളിലെ അംഗത്വങ്ങൾ, വിലകൂടിയ ഷോപ്പിംഗ്, ആഡംബര റെസ്റ്റോറന്റുകളിലെ ഭക്ഷണച്ചെലവുകൾ എന്നിവയ്‌ക്കെല്ലാം ഇയാൾ ഈ തുക ധൂർത്തടിച്ചതായി കോടതി വ്യക്തമാക്കി.

കേസിൽ കുറ്റാരോപിതനായ ശേഷം, എഫ്ബിഐക്ക് അനുകൂലമായ മൊഴി നൽകാൻ ഒരു ഇരയെ സ്വാധീനിക്കാനും ഇയാൾ ശ്രമിച്ചിരുന്നു. തന്റെ കുടിയേറ്റ പദവിയെക്കുറിച്ചും സാമ്പത്തിക സ്ഥിതിയെക്കുറിച്ചും കള്ളം പറഞ്ഞ ജവഹർ, തെളിവുകൾ നശിപ്പിക്കുന്നതിനായി തന്റെ ഐഫോൺ റിമോട്ട് വഴി വൈപ്പ് ചെയ്യാൻ സഹോദരിയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. കോടതി രേഖകൾ പ്രകാരം 2005 മുതൽ അമേരിക്കയിൽ നിയമവിരുദ്ധമായിട്ടാണ് ഇയാൾ താമസിച്ചുവരുന്നത്.

Share Email
LATEST excelnclexrn
More Articles
Top