റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങുന്ന രാജ്യങ്ങൾക്കുമേൽ ഉപരോധം ശക്തമാക്കാനും ഉയർന്ന തീരുവ ചുമത്താനും വ്യവസ്ഥ ചെയ്യുന്ന ബിൽ അമേരിക്കൻ ജനപ്രതിനിധി സഭ പാസാക്കിയതിന് പിന്നാലെ കടുത്ത മുന്നറിയിപ്പുമായി റഷ്യ. യുഎസ് നടപടി നരകതുല്യമാണെന്നും സൗഹൃദപരമല്ലെന്നും വിശേഷിപ്പിച്ച റഷ്യ, പുതിയ നീക്കം യുക്രൈൻ യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ശ്രമങ്ങളെ സങ്കീർണ്ണമാക്കുമെന്നും വ്യക്തമാക്കി. റഷ്യയുടെ ഊർജ്ജ മേഖലയെയും സാമ്പത്തിക രംഗത്തെയും നേരിട്ട് ലക്ഷ്യമിടുന്നതാണ് ഈ പുതിയ നീക്കം.
‘ലിൻഡ്സെ ഒ. ഗ്രഹാം സാങ്ഷനിങ് റഷ്യ ആൻഡ് ഇറാൻ ആക്ട് ഓഫ് 2026’ എന്ന ബില്ലാണ് അമേരിക്കൻ ജനപ്രതിനിധി സഭ പാസാക്കിയത്. 262 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പാസായ ബില്ലിൽ ഇനി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവെക്കുന്നതോടെ ഇത് ഔദ്യോഗിക നിയമമായി മാറും. റഷ്യയ്ക്കെതിരെ ഉപരോധം കടുപ്പിക്കുന്നതിനൊപ്പം, റഷ്യൻ എണ്ണ-വാതക ഉൽപ്പന്നങ്ങളുടെ പ്രധാന ഉപഭോക്താക്കളായ ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് മേൽ ഉയർന്ന തീരുവ ചുമത്താൻ ട്രംപിന് അധികാരം നൽകുന്നതാണ് ഈ നിയമം.
റഷ്യൻ ഭരണനേതൃത്വത്തെയും എണ്ണ വിതരണത്തിനായി ഉപയോഗിക്കുന്ന ‘ഷാഡോ ഫ്ലീറ്റ്’ കപ്പലുകളെയും ലക്ഷ്യമിടുന്ന ബിൽ, ഇറാനുമേൽ കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്താനും നിർദ്ദേശിക്കുന്നു. റഷ്യൻ ഊർജ്ജ ഇറക്കുമതി കുറയ്ക്കാൻ വിദേശ രാജ്യങ്ങൾക്ക് മേൽ കടുത്ത സമ്മർദ്ദം ചെലുത്തുന്ന അമേരിക്കൻ നീക്കം ആഗോള എണ്ണവിപണിയിലും നയതന്ത്ര തലത്തിലും വലിയ ചലനങ്ങൾ സൃഷ്ടിച്ചേക്കും.
















