തിരുവനന്തപുരം: ബ്രിക്സ് അംഗ-പങ്കാളിത്ത രാജ്യങ്ങളിൽ നിന്നുള്ള പ്രമുഖ കണ്ടന്റ് ക്രിയേറ്റർമാരുമായും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരുമായും സംവദിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ നടന്ന കൂടിക്കാഴ്ചയിൽ 19 രാജ്യങ്ങളിൽ നിന്നുള്ള 35 പ്രമുഖ പ്രതിനിധികൾ പങ്കെടുത്തു. ‘യഥാർഥ കേരള സ്റ്റോറി’ ആഗോള സമൂഹത്തിന് മുന്നിലെത്തിക്കാൻ കൂടിക്കാഴ്ച അവസരമൊരുക്കിയതായി മുഖ്യമന്ത്രി എക്‌സിൽ കുറിച്ചു.
600 കിലോമീറ്റർ നീളമുള്ള തീരദേശവും ജൈവവൈവിധ്യ സമ്പന്നമായ പശ്ചിമഘട്ടവും അതിരിടുന്ന കേരളം അതിവേഗം ആഗോള നിക്ഷേപ കേന്ദ്രമായി വളർന്നുവരികയാണെന്ന് മുഖ്യമന്ത്രി പ്രതിനിധികളോട് പറഞ്ഞു. സംസ്ഥാനത്ത് വികസിച്ചുകൊണ്ടിരിക്കുന്ന തുറമുഖ-വ്യോമയാന അടിസ്ഥാനസൗകര്യങ്ങളെക്കുറിച്ചും ഡോക്ടർമാർ, എൻജിനീയർമാർ, ഐടി വിദഗ്ധർ എന്നിവരടങ്ങുന്ന ലോകോത്തര മാനവവിഭവശേഷിയെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.
ആയുർവേദത്തിന്റെയും സമഗ്ര ആരോഗ്യപരിചരണത്തിന്റെയും ആഗോള കേന്ദ്രമായി കേരളത്തെ മാറ്റാനുള്ള കാഴ്ചപ്പാടും മുഖ്യമന്ത്രി പങ്കുവെച്ചു. സുസ്ഥിര വികസനത്തിന്റെ മാതൃക പിന്തുടരുന്ന സംസ്ഥാനമായ കേരളം രാജ്യത്തെ ആദ്യ സമ്പൂർണ സാക്ഷരതാ സംസ്ഥാനമെന്ന നേട്ടത്തിന് പിന്നാലെ ഇപ്പോൾ സമ്പൂർണ ഡിജിറ്റൽ സാക്ഷരത കൈവരിക്കുന്നതിന്റെ പാതയിലാണെന്നും അദ്ദേഹം പറഞ്ഞു. ലോകോത്തര പാരമ്പര്യമുള്ള സർവകലാശാലകളെ ആകർഷിക്കുന്നതിലൂടെയും സുസ്ഥിരവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ വികസന മാതൃകയ്ക്ക് നേതൃത്വം നൽകുന്നതിലൂടെയും കേരളം മുന്നേറുകയാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

















