ദോഹ: ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗത നിയന്ത്രണവുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച സലാലയിൽ വെച്ച് നടത്താനിരുന്ന ഇറാന്റെയും ഗൾഫ് രാജ്യങ്ങളുടെയും നിർണ്ണായക യോഗം മാറ്റിവെച്ചതായി ഒമാൻ വിദേശകാര്യ മന്ത്രി ബദർ അൽ ബുസൈദി അറിയിച്ചു. മേഖലയിലെ പൊതുസമവായം രൂപീകരിക്കുന്നതിന്റെ ഭാഗമായാണ് യോഗം താൽക്കാലികമായി നീട്ടിവെച്ചതെന്ന് അദ്ദേഹം എക്സിലൂടെ വ്യക്തമാക്കി.
മേഖലയിലെ ചില രാജ്യങ്ങളുടെ പ്രത്യേക അഭ്യർത്ഥന മാനിച്ചാണ് ചർച്ച മാറ്റിവെക്കാൻ ഇറാനും ഒമാനും സംയുക്തമായി തീരുമാനിച്ചതെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥൻ മുഹമ്മദ് അലി ബക് സ്ഥിരീകരിച്ചു. ഒമാനും ഇറാനും തമ്മിൽ രൂപീകരിച്ച ധാരണാപത്രം ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളുടെ സുരക്ഷയെയും സമുദ്രപാതയുടെ ഭാവി നിലനിൽപ്പിനെയും പ്രതികൂലമായി ബാധിച്ചേക്കുമെന്ന ആശങ്ക ഉന്നയിച്ച് സൗദി അറേബ്യ ചില സുപ്രധാന ഭേദഗതികൾ നിർദ്ദേശിച്ചതാണ് ചർച്ച നീളാൻ ഇടയാക്കിയത്.
ഹോർമുസ് സമുദ്രപാതയിലൂടെയുള്ള വാണിജ്യ കപ്പലുകളുടെ നീക്കം നിയന്ത്രിക്കുന്നതിന് പുതിയ സംവിധാനം കൊണ്ടുവരാൻ തയ്യാറാണെന്ന് ഒമാനും ഇറാനും നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ സൗദിയുടെ ഭേദഗതികളും ഗൾഫ് രാജ്യങ്ങൾക്കിടയിലെ അഭിപ്രായ ഭിന്നതകളും കാരണം തൽക്കാലം ചർച്ച നിർത്തിവെക്കാൻ ഇരുരാജ്യങ്ങളും നിർബന്ധിതരാകുകയായിരുന്നു.

















