അഭിജിത് ദീപ്കെ നയിക്കുന്ന കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) ‘ടീം കെജ്‌രിവാൾ’ ആയി മാറിയെന്ന് ആരോപിച്ച് വിമത വിഭാഗം പാർട്ടി പിളർത്തി. സി.ജെ.പി മുൻ വോളന്റീയറായിരുന്ന മനീഷ് ബ്രഹ്മ്ഭട്ടിന്റെ നേതൃത്വത്തിൽ ‘സി.ജെ.പി-ഡി’ (കോക്രോച്ച് ജനതാ പാർട്ടി ഡെമോക്രാറ്റിക്) എന്ന പേരിൽ പുതിയ കൂട്ടായ്മ രൂപീകരിച്ചു. പ്രസ്ഥാനത്തിന് വേണ്ടി പ്രവർത്തിച്ച പ്രതിഷേധക്കാരെയും വോളന്റീയർമാരെയും പൂർണ്ണമായി തഴയുന്ന നിലപാടാണ് സി.ജെ.പി നേതൃത്വം സ്വീകരിച്ചതെന്ന് ബ്രഹ്മ്ഭട്ട് ആരോപിച്ചു.
യുവജനങ്ങൾ നയിച്ച പ്രസ്ഥാനത്തെ ആം ആദ്മി പാർട്ടിയുമായി ബന്ധമുള്ളവർ ചേർന്ന് സ്വന്തമാക്കിയെന്നാണ് വിമതരുടെ ആരോപണം.സി.ജെ.പി പ്രഖ്യാപിച്ച 12 അംഗ സംഘത്തിൽ എട്ടുപേരും ആം ആദ്മിയുമായി ബന്ധമുള്ളവരാണെന്നും ബാക്കിയുള്ളവർ ദീപകെയുടെ സുഹൃത്തുക്കളാണെന്നും ബ്രഹ്മ്ഭട്ട് ചൂണ്ടിക്കാട്ടി. ബി.ജെ.പിയെ എതിർക്കുക മാത്രമാണ് ഇവരുടെ ലക്ഷ്യമെന്നും എന്നാൽ തങ്ങൾക്ക് എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമുള്ള വോളന്റീയർമാരും പ്രതിഷേധക്കാരും ഉൾപ്പെടുന്ന ഒരു വലിയ ദേശീയ ഘടനയാണ് ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ, ഡൽഹി ജന്തർ മന്തറിലെ പ്രതിഷേധത്തിൽ പങ്കെടുത്ത സജീവ പ്രവർത്തകരെ ഒഴിവാക്കി ദീപകെയുടെ വസതിയിൽ യോഗം ചേർന്ന വിവരം ലഭിച്ചതിനെ തുടർന്ന് ബ്രഹ്മ്ഭട്ടും അനുയായി രാഹുൽ പാണ്ഡ്യയും അവിടെ പ്രതിഷേധിച്ചിരുന്നു.പ്രതിഷേധത്തിനിടെ ആരോഗ്യനില വഷളായതിനെ തുടർന്ന് ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.നിലവിൽ ഉന്നയിക്കപ്പെട്ട ആരോപണങ്ങളിൽ സി.ജെ.പി നേതൃത്വമോ അഭിജിത് ദീപകെയോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
















