Caritas hospital

മഞ്ജു വാര്യറുടെ അപകീർത്തി കേസിൽ അതിവേഗം കോടതി നടപടി, സനൽകുമാർ ശശിധരനും ഷാജൻ സ്‌കറിയക്കും വിലക്ക്, മെറ്റയ്ക്ക് നോട്ടീസ്

മഞ്ജു വാര്യറുടെ അപകീർത്തി കേസിൽ അതിവേഗം കോടതി നടപടി, സനൽകുമാർ ശശിധരനും ഷാജൻ സ്‌കറിയക്കും വിലക്ക്, മെറ്റയ്ക്ക് നോട്ടീസ്

നടി മഞ്ജു വാര്യർക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തുന്നതിൽ നിന്ന് ചലച്ചിത്ര സംവിധായകൻ സനൽകുമാർ ശശിധരനും ഓൺലൈൻ മാധ്യമപ്രവർത്തകൻ ഷാജൻ സ്‌കറിയക്കും എറണാകുളം മുൻസിഫ് കോടതി താൽക്കാലിക വിലക്കേർപ്പെടുത്തി. മഞ്ജു വാര്യർ സമർപ്പിച്ച മാനനഷ്ട ഹർജിയിലാണ് കോടതിയുടെ അതിവേഗ ഇടപെടൽ. പരാതിയുടെ അടിസ്ഥാനത്തിൽ, നിലവിൽ പങ്കുവെച്ചിട്ടുള്ള അപകീർത്തികരമായ പോസ്റ്റുകൾ നീക്കം ചെയ്യുന്നത് സംബന്ധിച്ച് മെറ്റയ്ക്ക് കോടതി നോട്ടീസ് അയച്ചു. വരുന്ന മുപ്പതാം തീയതി നേരിട്ടെത്തി വിശദീകരണം നൽകാൻ സനൽകുമാർ ശശിധരനോടും ഷാജൻ സ്‌കറിയയോടും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

മഞ്ജു വാര്യരുടെ ജീവൻ അപകടത്തിലാണെന്നും നടി സെക്സ് റാക്കറ്റിന്റെ പിടിയിലാണെന്നും ആരോപിച്ചാണ് സനൽകുമാർ ശശിധരൻ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നിൽ സമരം നടത്തുന്നത്. തനിക്ക് ലഭിച്ച സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ തെരുവിൽ വെച്ചാണ് അദ്ദേഹത്തിന്റെ സമരം. എന്നാൽ, ഈ പ്രചാരണങ്ങളെ മഞ്ജുവിന്റെ സഹോദരൻ മധു വാര്യർ ഉൾപ്പെടെയുള്ളവർ ശക്തമായി തള്ളിക്കളഞ്ഞിരുന്നു. തുടർന്നാണ് തനിക്കെതിരെയുള്ള വ്യാജ പ്രചാരണങ്ങൾക്കെതിരെയും അപകീർത്തികരമായ പോസ്റ്റുകൾ പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് മഞ്ജു വാര്യർ കോടതിയെ സമീപിച്ചത്.

2019 മുതലാണ് മഞ്ജു വാര്യരെ ലക്ഷ്യമിട്ട് ഫേസ്ബുക്കിലൂടെ സനൽകുമാർ സമാനമായ രീതിയിൽ പ്രചാരണം ആരംഭിച്ചത്. നടിയുടെ പരാതിയിൽ 2022-ൽ എളമക്കര പോലീസും, 2025-ൽ വീണ്ടും കേസ് രജിസ്റ്റർ ചെയ്ത് സനൽകുമാറിനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. തുടർച്ചയായ പോലീസ് കേസിനും അറസ്റ്റിനും ശേഷവും സനൽകുമാർ വീണ്ടും അപകീർത്തികരമായ പ്രചാരണങ്ങളുമായി മുന്നോട്ട് പോവുകയായിരുന്നു. അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടിയ സംവിധായകന്റെ സമീപകാലത്തെ സോഷ്യൽ മീഡിയ ഇടപെടലുകൾ വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്.

Share Email
LATEST excelnclexrn
More Articles
Top