വാഷിംഗ്ടൺ: എച്ച്-1ബി വിസ അപേക്ഷകളിൽ കൂടുതൽ കർശനമായ പരിശോധനകൾ നടത്താനുള്ള യു.എസ് തീരുമാനത്തെ സ്വാഗതം ചെയ്യുമ്പോഴും, ഇത് അമേരിക്കയുടെ സാങ്കേതിക വികസനത്തെ ബാധിക്കരുതെന്ന് ഫൗണ്ടേഷൻ ഫോർ ഇന്ത്യ ആൻഡ് ഇന്ത്യൻ ഡയസ്പോറ സ്റ്റഡീസ് (FIIDS) മുന്നറിയിപ്പ് നൽകി. അതിസങ്കീർണ്ണമായ സാങ്കേതിക വൈദഗ്ധ്യം ആവശ്യമായ തൊഴിലുകളിൽ തദ്ദേശീയരായ തൊഴിലാളികളെ പെട്ടെന്ന് കണ്ടെത്തുക സാധ്യമല്ലെന്ന് ഫിഡ്സ് വ്യക്തമാക്കി.
ഐ.ടി ഔട്ട്‌സോഴ്‌സിംഗ് സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള ചില തൊഴിൽ ദാതാക്കൾ വിസ ദുരുപയോഗം ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടി പ്രസിഡന്റ് ഡോണൾഡ് ട്രംപ് എച്ച്-1ബി നിയന്ത്രണങ്ങൾ കടുപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് ഫിഡ്സിന്റെ ഈ പ്രതികരണം. അമേരിക്കൻ തൊഴിലാളികളെ സംരക്ഷിക്കുന്നതിനും എച്ച്-1ബി പദ്ധതിയിലെ ക്രമക്കേടുകൾ തടയുന്നതിനുമുള്ള ഭരണകൂടത്തിന്റെ ലക്ഷ്യത്തെ മാനിക്കുന്നുവെന്ന് ഫിഡ്സ് പോളിസി ആൻഡ് സ്ട്രാറ്റജി വിഭാഗം മേധാവി ഖണ്ഡേറാവു കണ്ഡ് പറഞ്ഞു. കൃത്രിമബുദ്ധി, സൈബർ സുരക്ഷ, സെമികണ്ടക്ടറുകൾ, ക്ലൗഡ് ഇൻഫ്രാസ്ട്രക്ചർ എന്നീ മേഖലകളിൽ വിദേശ വൈദഗ്ധ്യം അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന കമ്പനികൾക്കെതിരെയാണ് അന്വേഷണങ്ങൾ ഉണ്ടാകേണ്ടതെന്നും അല്ലാതെ കൃത്യമായി നികുതിയടച്ച് നിയമപരമായി ജോലി ചെയ്യുന്ന വിദേശ ജീവനക്കാരെ ശിക്ഷിക്കരുതെന്നും മുൻ ജോ ബൈഡൻ ഉപദേഷ്ടാവ് അജയ് ഭൂട്ടോറിയ വ്യക്തമാക്കി. അമേരിക്കൻ തൊഴിലാളികളുടെയും കുടിയേറ്റക്കാരുടെയും താല്പര്യങ്ങൾ ഒരുപോലെ സംരക്ഷിക്കുന്ന സുതാര്യവും കാര്യക്ഷമവുമായ സംവിധാനമാണ് ഉണ്ടാകേണ്ടതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, വലിയ ഐ.ടി കമ്പനികളുടെ എച്ച്-1ബി അപേക്ഷകൾക്ക് ലക്ഷം ഡോളർ നൽകണമെന്ന നിബന്ധന ട്രംപ് ഒരു വർഷത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്. അപേക്ഷ പരിശോധിക്കുമ്പോൾ അമേരിക്കൻ തൊഴിലാളികളെ പിരിച്ചുവിട്ടിട്ടുണ്ടോ എന്ന് പരിശോധിക്കാനും ട്രംപ് ഏജൻസികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
















