വയോമിംഗ്: അമേരിക്കയിലെ വയോമിംഗ് സംസ്ഥാനത്തെ ഹൈവേ റെസ്റ്റ് സ്റ്റോപ്പിൽ സിഖ് വംശജനായ ട്രക്ക് ഡ്രൈവർക്ക് നേരെ വധശ്രമം. യാതൊരു പ്രകോപനവുമില്ലാതെ എത്തിയ അക്രമി ഡ്രൈവറെ 17 തവണയാണ് കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ചത്. സംഭവത്തിൽ ആൻഡ്രൂ ബ്സ്ഡാക് (44) എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ലെങ്കിലും, സംഭവം വംശീയ അക്രമമാണോ എന്ന കാര്യത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് ഏഷ്യൻ-അമേരിക്കൻ സംഘടനകൾ ആവശ്യപ്പെട്ടു.
ഇന്റർസ്റ്റേറ്റ് 80-ലെ സ്വീറ്റ്വാട്ടർ കൗണ്ടി റെസ്റ്റ് ഏരിയയിൽ വാഹനം നിർത്തി വിശ്രമിക്കുകയായിരുന്ന ‘സിംഗ്’ എന്ന് വിളിക്കുന്ന ഡ്രൈവർക്ക് നേരെയാണ് അക്രമമുണ്ടായത്. ബാത്ത്റൂമിലേക്ക് പിന്തുടർന്നെയെത്തിയ പ്രതി പുറകിൽ നിന്ന് ആക്രമിക്കുകയായിരുന്നു. കഴുത്തിലും നെഞ്ചിലും ഉൾപ്പെടെ ഗുരുതരമായി പരിക്കേറ്റ സിംഗിനെ ഉടൻ തന്നെ എയർ ആംബുലൻസ് മാർഗ്ഗം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ചികിത്സയ്ക്ക് ശേഷം അദ്ദേഹം സുഖം പ്രാപിച്ചുവരികയാണ്. ആക്രമണത്തിന് ശേഷം കടന്നുകളഞ്ഞ പ്രതിയെ സമീപത്തെ കാർബൺ കൗണ്ടി പൊലീസാണ് പിന്തുടർന്ന് പിടികൂടിയത്. ഒന്നാം ഡിഗ്രി കൊലപാതകശ്രമത്തിനാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്.
അടുത്തിടെ ദക്ഷിണേഷ്യൻ ട്രക്ക് ഡ്രൈവർമാർക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വിദ്വേഷകരമായ പരാമർശങ്ങൾക്ക് പിന്നാലെയാണ് ഈ ആക്രമണം ഉണ്ടായിരിക്കുന്നത്. ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റിയുടെ ഔദ്യോഗിക അക്കൗണ്ടിൽ നിന്ന് ദക്ഷിണേഷ്യൻ ഡ്രൈവർമാരെ അധിക്ഷേപിക്കുന്ന തരത്തിൽ പങ്കുവെച്ച എഐ ചിത്രവും പോസ്റ്റും വംശീയ വിദ്വേഷത്തിന് കാരണമായെന്ന് മനുഷ്യാവകാശ സംഘടനകൾ ആരോപിച്ചു. എന്നാൽ ഈ ആരോപണം തെറ്റാണെന്നും അക്രമത്തിന് തങ്ങളുമായി ബന്ധമില്ലെന്നും ഡി.എച്ച്.എസ് പ്രതികരിച്ചു. സൗത്ത് ഏഷ്യൻ സിഖ് ഡ്രൈവർമാർക്കിടയിൽ ഈ സംഭവം വലിയ ഭീതി പടർത്തിയിട്ടുണ്ട്.
















