തെരഞ്ഞെടുപ്പ് തിരിച്ചടിയുടെ പശ്ചാത്തലത്തിൽ സംഘടനാതലത്തിൽ നിർണ്ണായകമായ തെറ്റുതിരുത്തൽ പ്രക്രിയയ്ക്ക് തുടക്കമിടാൻ കോഴിക്കോട് ചേർന്ന സി.പി.എം. വിശാല സംസ്ഥാന സമിതി യോഗത്തിൽ തീരുമാനം. ഇതിന്റെ ഭാഗമായി പാർട്ടി നേതാക്കളുടെ വരവിൽ കവിഞ്ഞ സ്വത്തും ബെനാമി ഇടപാടുകളും കർശനമായി പരിശോധിക്കും. നവംബറിൽ സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ സ്വത്തുവിവരങ്ങൾ ഓഡിറ്റ് ചെയ്ത ശേഷം പരിശോധന ജില്ലാ നേതാക്കളിലേക്കും വ്യാപിപ്പിക്കും. സഹകരണ ബാങ്കുകളിൽ നിന്ന് നേതാക്കളെടുത്ത വായ്പകൾ തിരിച്ചടച്ചില്ലെങ്കിൽ കടുത്ത നടപടിയുണ്ടാകും. കൂടാതെ, വർഗ്ഗ ബഹുജന സംഘടനകളിൽ യൂണിറ്റ് തലം മുതൽ ഒരു വനിതാ ഭാരവാഹിയെയെങ്കിലും ഉൾപ്പെടുത്തുന്നത് നിർബന്ധമാക്കി.
മുൻകാല നേതാക്കളായ ഇ.എം.എസ്., വി.എസ്., നായനാർ എന്നിവർ തെറ്റുകൾ തിരുത്തിയാണ് മുന്നോട്ട് പോയതെന്നും, താനും പിണറായി വിജയനും ഉൾപ്പെടെയുള്ളവർക്ക് വീഴ്ചകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ അത് സ്വയം തിരുത്തുമെന്നും സി പി എം ജനറൽ സെക്രട്ടറി എം.എ. ബേബി യോഗത്തിൽ വ്യക്തമാക്കി. തെറ്റുതിരുത്തൽ നടപടികൾ നേരിട്ട് വിലയിരുത്തുന്നതിനായി വരാനിരിക്കുന്ന വിശാല ജില്ലാ സമിതി യോഗങ്ങളിൽ മൂന്ന് പി.ബി. അംഗങ്ങളും എട്ട് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളും വീതം പങ്കെടുക്കും.
അതേസമയം, വർഗീയ ശക്തികൾക്കും കേന്ദ്ര ഏജൻസിയായ ഇ.ഡിക്കുമെതിരെ ശക്തമായ പ്രചാരണത്തിന് പാർട്ടി നേതൃത്വം നൽകുമെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അറിയിച്ചു. മാധ്യമങ്ങളെ കൂട്ടുപിടിച്ച് ഇ.ഡി. നടത്തുന്ന കള്ളപ്രചാരണങ്ങളെയും കടന്നാക്രമണങ്ങളെയും പാർട്ടി ഒറ്റക്കെട്ടായി പ്രതിരോധിക്കും. കൂട്ടായ നേതൃത്വവും വ്യക്തിപരമായ ഉത്തരവാദിത്തവും നിർവ്വഹിക്കുന്നതിൽ വീഴ്ച വരുത്തിയെന്ന വിമർശനം യോഗത്തിൽ തനിക്കെതിരെ ഉയർന്ന കാര്യവും അദ്ദേഹം സ്ഥിരീകരിച്ചു.















