സംസ്ഥാനത്ത് നേരിടുന്ന രൂക്ഷമായ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ കേരളത്തിന് സഹായവുമായി ഹിമാചൽ പ്രദേശ്. പ്രതിസന്ധി ഘട്ടത്തിൽ 250 മെഗാവാട്ട് വൈദ്യുതി കേരളത്തിന് നൽകാൻ ഹിമാചൽ പ്രദേശ് സർക്കാർ തീരുമാനിച്ചു. എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. ഹിമാചൽ സർക്കാരുമായി നടത്തിയ ഉന്നതതല ചർച്ചകളെത്തുടർന്നാണ് ഈ തീരുമാനം. തമിഴ്നാട് അടക്കമുള്ള മറ്റ് സംസ്ഥാനങ്ങൾക്ക് നൽകിയിരുന്ന വിഹിതത്തിൽ നിന്ന് ഭാഗികമായി കുറച്ചാണ് കേരളത്തിന് വൈദ്യുതി ലഭ്യമാക്കുന്നത്. വൈദ്യുതി വിതരണം അടക്കമുള്ള തുടർന്നുള്ള നടപടികൾക്കായി കേരള, ഹിമാചൽ ചീഫ് സെക്രട്ടറിമാർ ചർച്ച നടത്തി.
അതേസമയം, സംസ്ഥാനത്ത് വൈകുന്നേരങ്ങളിൽ വൈദ്യുതി നിയന്ത്രണം തുടരുമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു. രാത്രി 6.15 നും 12.45 നും ഇടയിലായിരിക്കും നിയന്ത്രണം ഏർപ്പെടുത്തുക. കേന്ദ്ര വിഹിതവും പവർ എക്സ്ചേഞ്ചിൽ നിന്നുള്ള വൈദ്യുതിയും ചേർത്ത് 240 മെഗാവാട്ട് അധികമായി ലഭിച്ചു തുടങ്ങിയെങ്കിലും രാത്രികാലങ്ങളിലെ 700 മെഗാവാട്ടിന്റെ കുറവ് പൂർണ്ണമായി നികത്താൻ കഴിഞ്ഞിട്ടില്ല. അടിയന്തര സാഹചര്യം കണക്കിലെടുത്ത് പവർകട്ട് എന്ന് അവസാനിക്കുമെന്ന് വ്യക്തമാക്കാൻ കഴിയില്ലെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് പ്രതികരിച്ചു.
കൂടിയ നിരക്കിൽ വൈദ്യുതി വാങ്ങി ഉപഭോക്താക്കൾക്ക് കൂടുതൽ സർചാർജ് ചുമത്തേണ്ടതില്ലെന്ന തീരുമാനത്തിലാണ് സർക്കാർ. എൻ.ടി.പി.സി. അടക്കമുള്ള സ്രോതസ്സുകളിൽ നിന്നും തൽക്കാലം കൂടിയ തുകയ്ക്ക് വൈദ്യുതി വാങ്ങി ബാധ്യത വരുത്തേണ്ടതില്ലെന്നാണ് വിലയിരുത്തൽ. നിലവിലെ വൈദ്യുതി ക്ഷാമം പരിഹരിക്കാൻ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്നും ജനങ്ങൾ നിയന്ത്രണങ്ങളോട് സഹകരിക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.

















