Caritas hospital

ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഒന്നാം ഏകദിനം: ടിക്കറ്റ് വില്‍പ്പനയ്ക്ക് തുടക്കമായി, ടീമുകള്‍ 23-ന് എത്തും

ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഒന്നാം ഏകദിനം: ടിക്കറ്റ് വില്‍പ്പനയ്ക്ക് തുടക്കമായി, ടീമുകള്‍ 23-ന് എത്തും

തിരുവനന്തപുരം: കാര്യവട്ടം ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ഈ മാസം 27-ന് നടക്കുന്ന ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഒന്നാം ഏകദിന ക്രിക്കറ്റ് മത്സരത്തിന്റെ ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു. ടിക്കറ്റ് ജീനി (Ticketgenie.in) പ്ലാറ്റ്‌ഫോമിലൂടെ കാണികള്‍ക്ക് ഓണ്‍ലൈനായി ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം.ഹോട്ടല്‍ ഹയാത്ത് റീജന്‍സിയില്‍ നടന്ന ചടങ്ങില്‍ പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍ ഫിനസ് ഗ്രൂപ്പ് എം.ഡിയും കെസിഎല്‍ ചാമ്പ്യന്മാരായ തൃശൂര്‍ ടൈറ്റന്‍സ് ടീം ഉടമയുമായ സജാദ് സേഠിന് ടിക്കറ്റ് കൈമാറി ആദ്യ വില്‍പ്പന നിര്‍വഹിച്ചു. ചടങ്ങില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. ശ്രീജിത്ത് വി നായര്‍, സെക്രട്ടറി വിനോദ് എസ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു. ഗാലറി ടിക്കറ്റുകള്‍ക്ക് 650 രൂപയാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. പവലിയന്‍ ടിക്കറ്റിന് 1250 രൂപയും, പവലിയന്‍ എ, ജെ എന്നിവയ്ക്ക് യഥാക്രമം 1800 രൂപയും 2000 രൂപയുമാണ് വില. എലൈറ്റ് പവലിയന്‍ ടിക്കറ്റുകള്‍ക്ക് 2500 രൂപയും കെസിഎ ബോക്‌സ് ഹോസ്പിറ്റാലിറ്റി ടിക്കറ്റുകള്‍ക്ക് 5000 രൂപയുമാണ് നിരക്ക്. എല്ലാവിധ ടാക്‌സുകളും ഉള്‍പ്പെടുത്തിയാണ് ടിക്കറ്റ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. മൂന്ന് വയസിന് മുകളിലുള്ള കുട്ടികള്‍ക്ക് ടിക്കറ്റ് നിര്‍ബന്ധമാണ്.

ഔദ്യോഗിക പ്ലാറ്റ്‌ഫോമിലൂടെ മാത്രം ടിക്കറ്റ് വാങ്ങണമെന്ന് കെസിഎ അഭ്യര്‍ത്ഥിച്ചു.ഒരാള്‍ക്ക് പരമാവധി ആറ് ടിക്കറ്റുകള്‍ വാങ്ങാം. ടിക്കറ്റ് സംബന്ധമായ സഹായത്തിനും കാണികളുടെ സംശയങ്ങള്‍ പരിഹരിക്കുന്നതിനുമായി ബോക്‌സ് ഓഫീസും പ്രത്യേക ഹെല്‍പ് ഡെസ്‌കും സജ്ജീകരിക്കും. ഇവയുടെ സ്ഥലം, പ്രവര്‍ത്തന സമയം തുടങ്ങിയ വിശദാംശങ്ങള്‍ പിന്നീട് അറിയിക്കുമെന്നും കെസിഎ വ്യക്തമാക്കി. സെപ്റ്റംബര്‍ 23-ന് വെസ്റ്റ് ഇന്‍ഡീസ് , ഇന്ത്യന്‍ ടീമുകള്‍ തിരുവനന്തപുരത്ത് എത്തും. 24, 25 തീയതികളില്‍ ഉച്ചയ്ക്ക് 1:30 മുതല്‍ വൈകുന്നേരം 4:30 വരെ വെസ്റ്റ് ഇന്‍ഡീസ് ടീമും, വൈകുന്നേരം 5:30 മുതല്‍ രാത്രി 8:30 വരെ ഇന്ത്യന്‍ ടീമും തിരുവനന്തപുരത്ത് പരിശീലനം നടത്തും. 26-ന് ഉച്ചയ്ക്ക് 1:30 മുതല്‍ വൈകുന്നേരം 4:30 വരെ ഇന്ത്യന്‍ ടീമും, വൈകുന്നേരം 5:30 മുതല്‍ രാത്രി 8:30 വരെ വെസ്റ്റ് ഇന്‍ഡീസ് ടീമുമായിരിക്കും പരിശീലനത്തിന് ഇറങ്ങുക. 27 ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ആദ്യ ഏകദിന മത്സരത്തിന് തുടക്കമാകും. തിരുവനന്തപുരത്തെ ആദ്യ മത്സരത്തിന് ശേഷം സെപ്റ്റംബര്‍ 30-ന് ഗുവാഹത്തിയിലെ ബര്‍സപര സ്റ്റേഡിയത്തിലാണ് പരമ്പരയിലെ രണ്ടാം ഏകദിനം നടക്കുന്നത്. മൂന്നാം മത്സരം ഒക്ടോബര്‍ 3-ന് മൊഹാലി പി.സി.എ സ്റ്റേഡിയത്തില്‍ നടക്കും.

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡില്‍ നടക്കുന്ന മൂന്നാമത്തെ പുരുഷ ഏകദിന മത്സരമാണിത്. 2018 നവംബര്‍ ഒന്നിന് നടന്ന സ്റ്റേഡിയത്തിലെ ആദ്യ അന്താരാഷ്ട്ര ഏകദിനത്തിലും ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസുമാണ് ഏറ്റുമുട്ടിയത്. എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിന്‍ഡീസ് ടീം വീണ്ടും തലസ്ഥാനത്ത് എത്തുന്നത്. 2023 ജനുവരിയില്‍ ഇന്ത്യയും ശ്രീലങ്കയും തമ്മിലായിരുന്നു ഇവിടെ നടന്ന രണ്ടാമത്തെ ഏകദിനം. അന്ന് വിരാട് കോഹ്ലി പുറത്താകാതെ നേടിയ 166 റണ്‍സിന്റെ മികവില്‍ ഇന്ത്യ 390 റണ്‍സ് നേടുകയും മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയെ 73 റണ്‍സിന് പുറത്താക്കി 317 റണ്‍സിന്റെ വിജയം ഇന്ത്യ സ്വന്തമാക്കുകയും ചെയ്തിരുന്നു.

വിദ്യാര്‍ത്ഥികള്‍ക്ക് 300 രൂപ

സ്‌കൂള്‍-കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് അന്താരാഷ്ട്ര മത്സരം നേരില്‍ കാണുവാന്‍ ടിക്കറ്റ് നിരക്കില്‍ കെസിഎ ഇളവ് പ്രഖ്യാപിച്ചു. എന്റര്‍ടെയ്ന്‍മെന്റ് ടാക്‌സ് ഉള്‍പ്പെടെ 300 രൂപയാണ് നിരക്ക്. ഇതിനായുള്ള പ്രത്യേക ടിക്കറ്റ് കണ്‍സെഷന്‍ നടപടിക്രമങ്ങളും അസോസിയേഷന്‍ പുറത്തിറക്കി.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വഴിയുള്ള ഗ്രൂപ്പ് ബുക്കിംഗുകള്‍ക്ക് മാത്രമാണ് ഈ ആനുകൂല്യം ലഭിക്കുക. ടിക്കറ്റുകള്‍ ആവശ്യമുള്ള സ്ഥാപനങ്ങള്‍ മേധാവി സാക്ഷ്യപ്പെടുത്തിയ ഔദ്യോഗിക ലെറ്റര്‍ഹെഡിലുള്ള അപേക്ഷ generalconvener@keralacricket.in എന്ന ഇമെയില്‍ വിലാസത്തില്‍ അയക്കണം. അപേക്ഷയോടൊപ്പം വിദ്യാര്‍ത്ഥികളുടെ മുഴുവന്‍ പേരും സ്‌കൂള്‍/കോളേജ് ഐഡി കാര്‍ഡ് നമ്പറും സമര്‍പ്പിക്കണം. ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ നിന്ന് കുറഞ്ഞത് പത്ത് വിദ്യാര്‍ത്ഥികളെങ്കിലും ഉണ്ടായിരിക്കണമെന്നും നിബന്ധനയുണ്ട്.

പതിനഞ്ച് വയസ്സില്‍ താഴെയുള്ള വിദ്യാര്‍ത്ഥികള്‍ക്കൊപ്പം നിര്‍ബന്ധമായും ഒരു അധ്യാപകന്‍ ഉണ്ടായിരിക്കണം. ഓരോ പത്ത് വിദ്യാര്‍ത്ഥികള്‍ക്കും ഒരു അധ്യാപകന്‍ എന്ന ക്രമത്തില്‍ 300 രൂപ ടിക്കറ്റില്‍ അധ്യാപകര്‍ക്കും പ്രവേശനം അനുവദിക്കും. അപേക്ഷകള്‍ പരിശോധിച്ച് ബുക്കിംഗ് ഉറപ്പുവരുത്തിയ ശേഷം കേരള ക്രിക്കറ്റ് അസോസിയേഷന്റെ ഔദ്യോഗിക ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ സ്ഥാപനത്തെ അറിയിക്കും. തുടര്‍ന്ന് നിശ്ചിത തുക അടച്ച് വിവരങ്ങള്‍ അസോസിയേഷനെ അറിയിക്കേണ്ടതാണ്. ബാങ്ക് അക്കൗണ്ടില്‍ പണം എത്തിയെന്ന് ബോധ്യപ്പെട്ടാല്‍ മാത്രമേ ടിക്കറ്റുകള്‍ അനുവദിക്കുകയുള്ളൂ. അപൂര്‍ണ്ണമായതോ മാനദണ്ഡങ്ങള്‍ പാലിക്കാത്തതോ ആയ അപേക്ഷകള്‍ പരിഗണിക്കില്ലെന്നും കെ.സി.എ അറിയിച്ചു.

മത്സരത്തിന് മുന്നോടിയായി കായിക വകുപ്പ് മന്ത്രി ഒ. ജെ. ജനീഷ് കുമാര്‍ കെസിഎ അധികൃതരുമായി കൂടിക്കാഴ്ച നടത്തി ഒരുക്കങ്ങള്‍ വിലയിരുത്തി. കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. ശ്രീജിത്ത് വി. നായര്‍, അപ്പക്‌സ് കൗണ്‍സില്‍ അംഗം നൗഫല്‍ എന്നിവരുമായാണ് മന്ത്രി ചര്‍ച്ച നടത്തിയത്. സ്റ്റേഡിയത്തില്‍ എത്തുന്ന ക്രിക്കറ്റ് ആരാധകര്‍ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടാകാത്ത വിധത്തില്‍ സുരക്ഷാ സംവിധാനങ്ങള്‍, കുടിവെള്ള വിതരണം, വിപുലമായ പാര്‍ക്കിങ് സൗകര്യങ്ങള്‍ ഉള്‍പ്പെടെയുള്ള ക്രമീകരണങ്ങള്‍ ഒരുക്കിവരുന്നതായി കെസിഎ ഭാരവാഹികള്‍ മന്ത്രിയെ അറിയിച്ചു. മത്സരത്തോടനുബന്ധിച്ചുള്ള ഉന്നതതല സുരക്ഷാ-ഏകോപന യോഗം സെപ്റ്റംബര്‍ 19-ന് രാവിലെ 11.30-ന് ഗ്രീന്‍ഫീല്‍ഡ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ചേരും. സിറ്റി പോലീസ് കമ്മീഷണര്‍ വിളിച്ചുചേര്‍ക്കുന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍, ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, ആരോഗ്യ വകുപ്പ്, കെഎസ്ഇബി, വാട്ടര്‍ അതോറിറ്റി തുടങ്ങിയ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും കെസിഎ ഭാരവാഹികളും പങ്കെടുക്കും.

സുരക്ഷാ യോഗത്തിന് ശേഷം പ്രവേശനം, പാര്‍ക്കിങ്, ഗതാഗത നിയന്ത്രണം, അനുവദനീയവും നിരോധിതവുമായ വസ്തുക്കള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അന്തിമ നിര്‍ദേശങ്ങള്‍ നല്‍കും. നിലവിലെ സുരക്ഷാ നിര്‍ദേശങ്ങള്‍ പ്രകാരം ബോട്ടില്‍, നാണയങ്ങള്‍, ടിന്നുകള്‍, ക്യാനുകള്‍, ബാക്ക്പാക്കുകള്‍, ക്യാമറകള്‍, പവര്‍ ബാങ്കുകള്‍, കുടകള്‍,ഹെല്‍മറ്റ് തുടങ്ങിയവ സ്റ്റേഡിയത്തിനുള്ളിലേക്ക് അനുവദിക്കില്ല. വലിയ പതാകകളും ബാനറുകളും അനുവദിക്കില്ല. കറന്‍സി നോട്ടുകള്‍ കൊണ്ടുവരാം. അന്തിമ സുരക്ഷാ നിര്‍ദേശങ്ങള്‍ മത്സരത്തിന് മുന്‍പായി പ്രത്യേക മാച്ച്-ഡേ സ്‌പെക്ടേറ്റര്‍ അഡൈ്വസറിയായി പ്രസിദ്ധീകരിക്കും.

India vs. West Indies First ODI: Ticket sales begin; teams to arrive on the 23rd.

Share Email
LATEST excelnclexrn
Top