Caritas hospital

യുഎസ് സെനറ്റിൻ്റെ റഷ്യൻ ഉപരോധ നിയമം ഇന്ത്യയുടെ കയറ്റുമതി താൽപര്യങ്ങളെ ഹനിക്കുന്നു

യുഎസ് സെനറ്റിൻ്റെ റഷ്യൻ ഉപരോധ നിയമം ഇന്ത്യയുടെ കയറ്റുമതി താൽപര്യങ്ങളെ  ഹനിക്കുന്നു

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 76ാം ജന്മദിനത്തിൽ യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ആശംസകൾ അർപ്പിച്ചെങ്കിലും യു.എസ്. കോൺഗ്രസ് പാസാക്കിയ ഒരു നിയമം ഇന്ത്യയുടെ കയറ്റുമതിതാത്പര്യങ്ങളെ  ഇല്ലാതാക്കുന്ന വിധത്തിലായി മാറിയ സാഹചര്യം സൃഷ്ടിക്കപ്പെട്ടിരിക്കുകയാണ്. 

റഷ്യയിൽനിന്ന് എണ്ണയും പ്രകൃതിവാതകവും വാങ്ങുന്ന അഞ്ചുരാജ്യങ്ങളിൽനിന്ന് കയറ്റിയയക്കുന്ന സാമഗ്രികൾക്ക് യു.എസിൽ നൂറുശതമാനംവരെ ഇറക്കുമതിച്ചുങ്കം ചുമത്താൻ പ്രസിഡന്റിനെ അധികാരപ്പെടുത്തുന്ന നിയമമാണ് കഴിഞ്ഞ ദിവസം യുഎസ് കോൺഗ്രസ് പാസാക്കിയത്. കോൺഗ്രസിലെ രണ്ടുസഭകളിലൊന്നായ സെനറ്റ് ഓഗസ്റ്റിൽ ഈ ബിൽ പാസാക്കിയിരുന്നു. ജനപ്രതിനിധിസഭ കഴിഞ്ഞദിവസം പാസാക്കിയ ബിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവെക്കുന്നതോടെ നിയമമാകും. നിയമത്തിലെ വ്യവസ്ഥ ഇന്ത്യക്കെതിരേ പ്രയോഗിക്കുന്നപക്ഷം അത് കടുത്ത ആഘാതമുണ്ടാക്കും. 

‘റഷ്യക്കും ഇറാനുംമേൽ ഉപരോധമേർപ്പെടുത്തൽ നിയമം’ എന്നാണു പേരെങ്കിലും ചൈനയും ഇന്ത്യയുമടക്കമുള്ള അഞ്ചുരാജ്യങ്ങൾക്ക് ഇത് ഭീഷണിയാണ്. എണ്ണയും പ്രകൃതിവാതകവും മറ്റു രാജ്യങ്ങളിലേക്കു കയറ്റുമതിചെയ്ത് റഷ്യ ധനസമ്പാദനം നടത്തരുത് എന്നതാണ് നിയമത്തിനുപിന്നിലെ ഉദ്ദേശ്യം. ഇങ്ങനെ ആർജിക്കുന്ന പണം റഷ്യ യുക്രൈനിലെ യുദ്ധത്തിനു വിനിയോഗിക്കുന്നെന്നാണ് യു.എസിന്റെ വാദം. . 
റഷ്യൻ എണ്ണ വാങ്ങുന്നതിനുള്ള ‘ശിക്ഷ’യായി യു.എസ്. പ്രസിഡന്റ് ട്രംപ് സ്വന്തം അധികാരമുപയോഗിച്ച് നേരത്തേ ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്കുമേൽ അധികതീരുവകൾ ചുമത്തിയിരുന്നു. ഇപ്പോൾ യു.എസ്.കോൺഗ്രസ് ഇതിനായി നിയമനിർമാണം നടത്തി എന്നു മാത്രം. നരേന്ദ്രമോദിസർക്കാരിന്റെ വിദേശനയ പരാജയമാണിതെന്നാണ് ഇന്ത്യൻ പ്രതിപക്ഷം ആരോപിക്കുന്നത്. ഇന്ത്യ-യു.എസ്. വ്യാപാരക്കരാർ യാഥാർഥ്യമാക്കാനുള്ള ചർച്ചകൾ നടന്നുകൊണ്ടിരിക്കെ ഇത്തരമൊരു നീക്കം തടയാൻ എന്തുകൊണ്ട് കേന്ദ്രസർക്കാരിനുകഴിഞ്ഞില്ലെന്നു ചോദ്യവുമുയരുന്നു. ഈ നിയമനിർമാണത്തിന്റെ പ്രത്യാഘാതങ്ങളെപ്പറ്റി യു.എസ്. പ്രതിനിധികളോടു സംസാരിച്ചിട്ടുണ്ടെന്നുംസാഹചര്യങ്ങൾ നിരീക്ഷിച്ചുവരികയാണെന്നും ഇന്ത്യൻ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കുന്നു.

റഷ്യയിൽനിന്ന് ഇന്ധനം വാങ്ങുന്നതിന്റെപേരിൽ മറ്റു രാജ്യങ്ങളെ ‘ശിക്ഷി’ക്കാൻ ശ്രമിക്കുന്ന യു.എസ്. പ്രസിഡന്റ് ട്രംപിനുതന്നെ ആ രാജ്യവുമായും അവിടത്തെ ഭരണകൂടവുമായും രഹസ്യവിനിമയങ്ങളുള്ളതായി ആരോപണങ്ങളുണ്ട്. ട്രംപ് ആദ്യതവണ പ്രസിഡന്റായപ്പോൾ, ആ വിജയത്തിനു റഷ്യൻ ഭരണകൂടം ചരടുവലിച്ചതായി ആരോപണമുണ്ടായിരുന്നു. കൂടാതെ, ട്രംപിനും കുടുംബത്തിനും റഷ്യയിൽ ബിസിനസ് താത്പര്യങ്ങളുള്ളതായും പറയപ്പെടുന്നു. റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതിയുടെപേരിലുംമറ്റും മറ്റു രാജ്യങ്ങൾക്കുമേൽ തീരുവ കൂട്ടുകയും കുറയ്ക്കുകയുമൊക്കെചെയ്യുന്ന വിചിത്രനീക്കങ്ങൾ ട്രംപ് കൈക്കൊള്ളുന്നത് സ്വന്തം കമ്പനികളുടെ ഓഹരിമൂല്യതാത്പര്യങ്ങൾക്കുവേണ്ടിയാണെന്ന ആരോപണവും നിലനിൽക്കുന്നുണ്ട്. യു.എസ്.നിയമനിർമാണസഭതന്നെ ഇപ്പോൾ പ്രസിഡന്റിന് തീരുവാധികാരങ്ങൾ കല്പിച്ചുനൽകിയതോടെ അദ്ദേഹം ഇനിയെന്താണു ചെയ്യാൻപോകുന്നതെന്ന് ഉറ്റുനോക്കുകയാണു ലോകം. 

യുക്രൈൻയുദ്ധം തുടങ്ങിയശേഷം യു.എസ്.സമ്മർദത്തിനുവഴങ്ങി, റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ ഗണ്യമായി കുറച്ചിരുന്നു. എന്നാൽ, ഇറാൻസംഘർഷം ആരംഭിച്ചതോടെ, റഷ്യൻ എണ്ണ വാങ്ങുന്നതിന് മറ്റു രാജ്യങ്ങൾക്കുമേൽ ഏർപ്പെടുത്തിയ വിലക്കുകൾ അമേരിക്കതന്നെ ലഘൂകരിക്കുകയുണ്ടായി. ആഗോളതലത്തിൽ ഇന്ധനവിപണിയിലുണ്ടായ പ്രതിസന്ധി മറികടക്കുന്നതിനുവേണ്ടിയായിരുന്നു ഇത്. ഈ ഇളവിന്റെ ആനുകൂല്യത്തിൽ, റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ വർധിപ്പിക്കുകയുംചെയ്തു. അതിനിടയിലാണ് യു.എസ്. പുതിയ നിയമനിർമാണം കൊണ്ടുവന്നിരിക്കുന്നത്.

Share Email
Top