
സുരേന്ദ്രന്‍ നായര്‍
സെപ്റ്റംബര്‍ 12 13 തീയതികളില്‍ ഡല്‍ഹിയില്‍ നടന്ന പതിനെട്ടാമത് ബ്രിക്‌സ് ഉച്ചകോടിയും തുടര്‍ന്നുണ്ടായ ഡല്‍ഹി ഡിക്ലറേഷനും ഇന്ത്യന്‍ നയതന്ത്രജ്ഞതയുടെയും ചെയര്‍മാന്‍ നരേന്ദ്ര മോദിയുടെയും വിജയവീഥിയിലെ നാഴികക്കല്ലായി ആഗോള മാധ്യമങ്ങള്‍ ഉള്‍പ്പെടെ പ്രകീര്‍ത്തിക്കപ്പെടുകയാണല്ലോ. ബ്രിക്‌സ് രാഷ്ട്രങ്ങള്‍ക്കു ഉള്‍പ്പെടെ ഉത്തരവാദിത്വമുള്ള യുദ്ധക്കെടുതികളാല്‍ ലോകം വീര്‍പ്പുമുട്ടുമ്പോള്‍ ഒന്നിച്ചു കൂടാമെങ്കിലും ഏകമനസ്സോടെയുള്ള ഒരു സംയുക്ത പ്രസ്താവന സുസാധ്യമാണെന്നു അംഗ രാജ്യങ്ങള്‍ പോലും കരുതിയിരുന്നില്ല. അവിടെയാണ് ലോകത്തെ വിസ്മയിപ്പിച്ച നയതന്ത്ര വിജയം ഇന്ത്യ കൈവരിച്ചിരിക്കുന്നത്. ചേരിചേരാ നയത്തില്‍ നിന്നും നയതന്ത്ര നേതൃത്വത്തിലേക്കുള്ള ഇന്ത്യയുടെ ഈ മാറ്റം
വര്‍ഷങ്ങളായി രാജ്യം ആര്‍ജിച്ചെടുത്ത അനുഭവ സമ്പത്തിന്റെയും പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെയും വിദേശകാര്യ മന്ത്രി ജയശങ്കറിന്റെയും വ്യക്തമായ ദീര്‍ഘ വീക്ഷണത്തിന്റെയും അനന്തര ഫലമാണ്.
പത്തു പ്രധാന വിഷയങ്ങള്‍ സംബന്ധിച്ച ഡല്‍ഹി ഡിക്ലറേഷന്‍ എന്ന സംയുക്ത പ്രസ്താവനയില്‍ അംഗ രാഷ്ട്രങ്ങളുടെ പരസ്പര സഹായത്തോടെയും സഹകരണത്തോടെയുള്ള സുസ്ഥിര വികസനത്തിനായുള്ള പദ്ധതികള്‍ മുന്നോട്ടു വെക്കുന്നു. ഐക്യരാഷ്ട്ര സഭയുടെ പൊതുസഭയില്‍ പൊതുവായ വിഷയങ്ങളില്‍ സമാന അഭിപ്രായം രൂപപ്പെടുത്തി ഒരു വിലപേശല്‍ ശക്തിയാകുകയെന്ന ഉദ്ദേശത്തോടെ 2006 ല്‍ രൂപപ്പെട്ട ബ്രിക്‌സിന് അന്നൊരു സംഘടനാ രൂപം ഉണ്ടായിരുന്നില്ല. ബ്രിട്ടീഷ് ധനതത്വ ശാസ്ത്രജ്ഞനായ ജിം ഓ നീല്‍ തന്റെ ഒരു പ്രബന്ധത്തില്‍ അന്ന് ലോകത്തു ഉയര്‍ന്നുവരുന്ന സാമ്പത്തിക ശക്തികളായി ബ്രസീല്‍ റഷ്യ ഇന്ത്യ ചൈന എന്നീ നാലു രാജ്യങ്ങളെ ബ്രിക് എന്ന് വിശേഷിപ്പിച്ചു.
ആ വിശേഷണത്താല്‍ പ്രചോദിതരായ നാലു രാജ്യങ്ങളുടെയും രാഷ്ട്രത്തലവന്മാര്‍ 2009 ല്‍ റഷ്യയില്‍ ആദ്യ യോഗം ചേരുകയും തുടര്‍ന്ന് 2010 ല്‍ സൗത്ത് ആഫ്രിക്കയെകുടി ഉള്‍പ്പെടുത്തി ബ്രിക്‌നെ അഞ്ചു രാജ്യങ്ങള്‍ ചേരുന്ന ബ്രിക്‌സ് ആക്കി സംഘടനാ രൂപം നല്‍കുകയും ചെയ്തു. യുനൈറ്റഡ് നേഷന്‍സ് ലോക ബാങ്ക് അന്താരാഷ്ട്ര നായണനിധി തുടങ്ങിയ ലോകവേദികളിലെ നിലവിലുണ്ടായിരുന്ന പാശ്ചാത്യ മേധാവിത്വത്തില്‍ ഗ്ലോബല്‍ സൗത്ത് പ്രാതിനിധ്യം ഉറപ്പുവരുത്താനും പരസ്പരമുള്ള വ്യാപാര സഹകരണം ഉറപ്പിക്കാനും ലക്ഷ്യമിട്ടു ആരംഭിച്ച ബ്രിക്‌സ് കൂട്ടായ്മയില്‍ ഇന്ന് 11 രാഷ്ടങ്ങള്‍ അംഗങ്ങളാണ്.
2026 ല്‍ ഇന്ത്യയുടെ അധ്യക്ഷതയില്‍ പതിനെട്ടാമത് ഉച്ചകോടി ഡല്‍ഹിയില്‍ സമ്മേളിക്കുമ്പോള്‍ അടിസ്ഥാന വിഷയങ്ങളില്‍ സമവായം ഉണ്ടാകാനുള്ള സാധ്യതകള്‍ക്ക് വിഘാതമായി വര്‍ഷങ്ങളായി തുടരുന്ന റഷ്യ ഉക്രയില്‍ യുദ്ധവും ഇറാന്‍ അമേരിക്കന്‍ ഇസ്രായേല്‍ പങ്കാളിത്വമുള്ള പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളും പരിഹരിക്കപ്പെടാത്ത പലസ്തീന്‍ പ്രശ്‌നവും നിലവിലുണ്ടായിരുന്നു. അനന്തമായി നീളുന്ന യുദ്ധങ്ങള്‍ ലോകത്തിന്റെ സര്‍വ്വനാശത്തി ലേക്കാണെന്നും അനുരഞ്ജനങ്ങളിലൂടെ തര്‍ക്കങ്ങള്‍ പരിഹരിച്ചു യുദ്ധം അവസാനിപ്പി ക്കണമെന്നും റഷ്യയോട് ഇന്ത്യ ആവശ്യപ്പെട്ടത് അംഗീകരിച്ച റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍ അക്കാര്യത്തില്‍ ഇന്ത്യയുടെ മധ്യസ്ഥതയാകാമെന്നു സമ്മതിച്ചതും തുടര്‍ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിട്ടുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് കൈയൊഞ്ഞ മധ്യസ്ഥനീക്കങ്ങള്‍ ഇന്ത്യക്കു ഏറ്റെടുക്കാമെന്ന സമ്മതം ഇന്ത്യയുടെ സ്വീകാര്യത വര്‍ധിപ്പിക്കുന്നു.
മുക്കാല്‍ നൂറ്റാണ്ടിലേറെക്കാലമായി തുടരുന്ന ഇന്ത്യ ചൈന അതിര്‍ത്തി പ്രശ്‌നങ്ങള്‍ സംബന്ധിച്ച് ഏഴുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ചൈനീസ് പ്രസിഡന്റ് ഷീജിങ് പിംഗ് ഇന്ത്യയിലെത്തി പ്രധാനമന്ത്രിയുമായി ഉച്ചകോടിക്കിടെ ചര്‍ച്ച നടത്തിയത് ഒരു പുതിയ സമവാക്യത്തിന്റെ സൂചനയായി പ്രതിഫലിക്കുന്നു. രണ്ടാം ലോക യുദ്ധാനന്തരം രൂപപ്പെട്ട യുണൈറ്റഡ് നേഷന്‍സ് രക്ഷാ സമിതിയിലെ ഇന്ത്യയുടെ സ്ഥിര അംഗത്വം എന്ന ചിരകാല ആവശ്യം ചൈനയും റഷ്യയും അംഗീകരിക്കാനുള്ള സാധ്യതയും സമ്മേളനത്തില്‍ തെളിഞ്ഞു. അങ്ങനെ വന്നാല്‍ ലോകശക്തിക ചേരിയിലേക്കുള്ള ഇന്ത്യയുടെ കടന്നുവരവാണ് ഉണ്ടാകുക.
കേരളത്തിന്റ സാമ്പത്തിക ഭദ്രതയേയും സുരക്ഷിതത്വത്തെയും ഏറെ ആശങ്കപ്പെടുത്തുന്ന പശ്ചിമേഷ്യന്‍ യുദ്ധങ്ങളില്‍ അമേരിക്കയുടെ സൈനിക താവളങ്ങള്‍ അനുവദിച്ചതിന്റെ പേരില്‍ ഇറാന്‍ യു എ ഇ ക്കെതിരെ നടത്തുന്ന മിസൈല്‍ ആക്രമണങ്ങള്‍ അവസാനിപ്പിക്കേണ്ടത് അനിവാര്യമാണ്. അതിനായി ഇറാന്‍ യൂ എ ഇ രാഷ്ട്ര തലവന്മാരെയും സൗദി രാജാവിനെയും ഒരുമിച്ചിരുത്തി സംസാരിപ്പിക്കാന്‍ ഇന്‍ഡ്യക്കായതു വലിയ നേട്ടമായി കാണേണ്ടതുണ്ട്. നിര്‍ണ്ണായകമായ ഈ കുടിക്കാഴ്ചയെ അല്‍ജസീറ വാര്‍ത്തപോലും പ്രകീര്‍ത്തിക്കുന്നു. അമേരിക്കയെ പേരെടുത്തു കുറ്റപ്പെടുത്താത്തതില്‍ മാത്രമായി അല്‍ജസീറ വിമര്‍ശനം മയപ്പെടുത്തിയിരുന്നു.
വളരെ മുന്‍കരുതലോടെ ഉചിതമായ പദപ്രയോഗങ്ങളിലൂടെ തയ്യാറാക്കിയ സംയുക്ത പ്രഖ്യാപനത്തില്‍ ബ്രിക്‌സ് രാജ്യങ്ങള്‍ ഡോളര്‍ ഒഴിവാക്കി ചൈനീസ് കറന്‍സിയില്‍ പരസ്പരം വ്യാപാരം നടത്തണമെന്ന ചൈനയുടെ മുന്‍നിലപാടില്‍ മാറ്റംവരുത്തി ഡോളര്‍ ആഗോള വിനിമയ ഉപാധിയാക്കി നിലനിര്‍ത്തിക്കൊണ്ടു ബ്രിക്‌സ് രാജ്യങ്ങള്‍ക്കു തദ്ദേശീയ കറന്‍സിയില്‍ വ്യാപാരം നടത്താമെന്ന് സമ്മതിപ്പിച്ചത് ഇന്ത്യന്‍ റുപ്പീക്കുണ്ടായ നേട്ടമായി കണക്കാക്കാം. റഷ്യക്ക് മേല്‍ ഉപരോധം ഏര്‍പ്പെടുത്തി അമേരിക്ക റഷ്യന്‍ വ്യാപാരത്തെ തടഞ്ഞപ്പോള്‍ ലക്ഷക്കണക്കിന് ബാരല്‍ എണ്ണ ഇന്ത്യന്‍ റുപ്പീ ഉപയോഗിച്ച് റഷ്യയില്‍ നിന്നും വാങ്ങിയതും ഇറാനില്‍ നിന്നും ഇന്നും വാങ്ങുന്നതും ഇതോടൊപ്പം കാണേണ്ടതാണ്.
ഈ വിഷയത്തില്‍ അന്താരാഷ്ട്ര മാധ്യമമായ ഫിനാന്‍ഷ്യല്‍ ടൈംസ് ഗ്ലോബല്‍ എക്കണോമിയുടെ 40% വും ലോക ജനസംഖ്യയില്‍ പകുതിയിലേറെയും വരുന്ന ബ്രിക്സ് രാജ്യങ്ങളുടെ ഈ നീക്കത്തെ പുതിയ ലോകക്രമത്തിന്റെ തുടക്കമായി വിലയിരുത്തുന്നു. ഇറാനും യു എ ഇ യുമായുള്ള കൂടിക്കാഴ്ചക്ക് വേദിയൊരുക്കിയ ഇന്ത്യന്‍ വിദേശകാര്യ വകുപ്പിനെയും പ്രധാന മന്ത്രിയെയും ഡല്‍ഹി ഡിക്ലറേഷന്‍ വിലയിരുത്തലില്‍ മാധ്യമഭീമന്‍ റോയിട്ടേഴ്‌സും പ്രശംസിക്കുന്നു. ഡിജിറ്റല്‍ പേയ്മെന്റും നിര്‍മ്മിതബുദ്ധി വിവര പങ്കുവെക്കലും ഇന്ത്യയുടെ മേഖലയിലുള്ള മേധാവിത്വത്തിനു പുത്തന്‍ ഉണര്‍വ്വുണ്ടാക്കുമെന്നു ബി ബി സി യും സി എന്‍ എന്നും അഭിപ്രായപ്പെടുന്നു.
ഇസ്രയേലുമായി സൗഹാര്‍ദ്ദപരമായ നിലപാടുകള്‍ തുടരുമ്പോളും പലസ്തീന്‍ പ്രശ്നത്തില്‍ ഇന്ത്യയുടെ ദ്വിരാഷ്ട്ര പരിഹാര നിലപാട് സഖ്യ രാജ്യങ്ങളുടെ എതിര്‍ ശബ്ദമില്ലാതെ സമ്മേളനത്തില്‍ ആവര്‍ത്തിക്കാനും ഇന്ത്യക്കു കഴിഞ്ഞു. അമേരിക്കയുമായും യൂറോപ്യന്‍ യൂണിയനുമായും വിവിധ വ്യാപാര ഉടമ്പടികളില്‍ പങ്കാളിയായ ഇന്ത്യ ബ്രിക്‌സ് സഖ്യം പാശ്ചാത്യ വിരുദ്ധമോ ഡോളര്‍ വിരുദ്ധമോ അല്ലായെന്നു അര്‍ത്ഥശങ്കക്ക് ഇടയില്ലതെ വ്യക്തമാക്കാനും ഇതിനിടയില്‍ ശ്രദ്ധിച്ചു.
ഇന്ത്യയുടെ വിദേശകാര്യ പാര്‍ലമെന്ററി കമ്മിറ്റി അധ്യക്ഷന്‍ ഡോ: ശശി തരൂര്‍ ന്യൂയോര്‍ക്കില്‍ മാധ്യമങ്ങളെ കണ്ടപ്പോള്‍ പറഞ്ഞത് രാഷ്ട്രീയത്തെക്കാള്‍ ഇന്ത്യയുടെ രാഷ്ട്ര താത്പര്യങ്ങള്‍ സംരക്ഷിക്കുന്ന സമാധാനപരവും സര്‍വ്വാശ്ലേഷിയുമായ ലോകക്രമം കെട്ടിപ്പടുക്കാനുള്ള വിദേശ നയങ്ങളും തന്ത്രങ്ങളുമാണ് ഇന്ത്യ പിന്തുടരുന്നത് എന്നാണ്. ഇന്ത്യ അമേരിക്കക്കു എതിരാകുമെന്നു കരുതുന്നില്ലെന്നും ഇന്ത്യക്കു മേലുള്ള താരിഫ് ശതമാനം അന്‍പതിലേക്കും നൂറിലേക്കും ഉയര്‍ത്തുമെന്ന് ഭീഷണിയുണ്ടായപ്പോളുംഅമേരിക്കയുമായി ഏറ്റുമുട്ടലിനു നില്‍ക്കാതെ സമാന്തര വിപണികള്‍ കണ്ടെത്തുകയാണ് ഇന്ത്യ ചെയ്തതെന്നും തരൂര്‍ തുടര്‍ന്ന് പറഞ്ഞിരുന്നു.
നയതന്ത്ര രംഗത്തെ പ്രമുഖരെല്ലാം അഭിനന്ദിച്ച ബ്രിക്‌സ് ഉച്ചകോടിയില്‍ കാര്യമായ ഒരു വിമര്‍ശനവും ഉന്നയിക്കാന്‍ കഴിയാതെ സമാപന സദ്യയില്‍ സസ്യേതര ഭക്ഷണം നല്‍കിയില്ല എന്ന കണ്ടത്തലില്‍ സായൂജ്യമടഞ്ഞ ഒരു പ്രതിപക്ഷ നേതാവിനെയും ഇന്ത്യയില്‍ ഇത്തരുണത്തില്‍ കാണാന്‍ കഴിഞ്ഞു.
ആഗോള രംഗത്ത് വലിയ പ്രതീക്ഷകള്‍ നല്‍കുന്ന സമ്മേളന പ്രഖ്യാപനങ്ങള്‍ പ്രമാണങ്ങളിലൊതുങ്ങാതെ പ്രയോഗത്തില്‍ വരുത്തേണ്ടതുണ്ട്. അതിന്റെ ഉത്തരവാദിത്വം പതിനൊന്നു അംഗ രാഷ്ട്രങ്ങള്‍ക്കുമാണ്. അനേകം വെല്ലുവിളികള്‍ നിറഞ്ഞ വര്‍ത്തമാന കാലത്തു നടന്ന ഉച്ചകോടിയുടെ സുരക്ഷിതമായ സംഘാടനവും ശ്രദ്ധേയമായ പ്രഖ്യാപനങ്ങലും ഇന്ത്യയുടെ കരുത്തിന്റെയും നയതന്ത്രങ്ങളുടെയും ആവര്‍ത്തിച്ചുള്ള വിജയം തന്നെയാണ്.
India’s diplomatic victory at the BRICS forum
















