Caritas hospital

വാര്‍ത്താ ഉള്ളടക്ക മോഷണം; ഓപ്പണ്‍ എഐക്കെതിരെ ഗുരുതര ആരോപണവുമായി ന്യൂയോര്‍ക്ക് ടൈംസ്

വാര്‍ത്താ ഉള്ളടക്ക മോഷണം; ഓപ്പണ്‍ എഐക്കെതിരെ ഗുരുതര ആരോപണവുമായി ന്യൂയോര്‍ക്ക് ടൈംസ്

ന്യൂയോര്‍ക്ക്: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മോഡലുകള്‍ പരിശീലിപ്പിക്കുന്നതിനായി ദശലക്ഷക്കണക്കിന് വാര്‍ത്താ ലേഖനങ്ങള്‍ ഉപയോഗിച്ചത് അസാധാരണമായ മോഷണം ആണെന്ന് മൈക്രോസോഫ്റ്റിനും ഓപ്പണ്‍എഐയ്ക്കും അറിയാമായിരുന്നെന്ന് ന്യൂയോര്‍ക്ക് ടൈംസ് ആരോപിച്ചു. വ്യാഴാഴ്ച പുറത്തുവിട്ട കോടതി രേഖയിലാണ് ആരോപണം. സാന്‍ ഫ്രാന്‍സിസ്‌കോ ആസ്ഥാനമായ ഓപ്പണ്‍എഐ 10 ദശലക്ഷത്തിലധികം വാര്‍ത്താ ലേഖനങ്ങളില്‍ നിന്നുള്ള ഉള്ളടക്കം ശേഖരിച്ചതായും ഇതില്‍ ഏകദേശം മൂന്നിലൊന്ന് ന്യൂയോര്‍ക്ക് ടൈംസില്‍ നിന്നുള്ളതാണെന്നും രേഖയില്‍ പറയുന്നു.

മൈക്രോസോഫ്റ്റിന്റെ അപ്ലൈഡ് സയന്‍സ് ഡയറക്ടര്‍ ബ്രെന്റ് ഹെക്ട് ഈ നടപടിയെ മുന്‍കാലങ്ങളിലൊന്നും കണ്ടിട്ടില്ലാത്ത അമ്പരപ്പിക്കുന്ന തോതിലുള്ള മോഷണം എന്നാണ് വിശേഷിപ്പിച്ചതെന്ന് രേഖയില്‍ പറയുന്നു. എന്നാല്‍ ഹെക്ടിന്റെ പരാമര്‍ശങ്ങള്‍ ഒരു ജീവനക്കാരന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും കമ്പനിയുടെ നിലപാടിനെ പ്രതിനിധീകരിക്കുന്നില്ലെന്നും മൈക്രോസോഫ്റ്റ് വ്യക്തമാക്കി.

ന്യൂയോര്‍ക്ക് ടൈംസ് മൂന്ന് വര്‍ഷം മുമ്പാണ് ഓപ്പണ്‍എഐയ്ക്കും മൈക്രോസോഫ്റ്റിനുമെതിരെ ഫെഡറല്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്. ചാറ്റ്ജിപിടിയെ പരിശീലിപ്പിക്കുന്നതിനായി പകര്‍പ്പവകാശമുള്ള വാര്‍ത്താ ഉള്ളടക്കം അനുമതിയില്ലാതെ ഉപയോഗിച്ചെന്നാണ് ആരോപണം. സിഫ് ഡേവിസ്, ദി ഇന്റര്‍സെപ്റ്റ്, മദര്‍ ജോണ്‍സ് മാസികയുടെ മാതൃസ്ഥാപനം, വിവിധ പ്രാദേശിക പത്രങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള മറ്റ് വാര്‍ത്താ പ്രസാധകരും കേസില്‍ ചേര്‍ന്നിട്ടുണ്ട്.

ഓരോ ലേഖനത്തിനും നഷ്ടപരിഹാരം നല്‍കണമെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം. അതേസമയം, വാര്‍ത്താ ഉള്ളടക്കം ഉപയോഗിച്ചുള്ള തങ്ങളുടെ നടപടി പുതിയ രീതിയിലുള്ള ഉപയോഗമാണെന്നും അമേരിക്കയിലെ ഫെയര്‍ യൂസ് നിയമത്തിന്റെ പരിധിയില്‍ വരുന്നതാണെന്നും മൈക്രോസോഫ്റ്റും ഓപ്പണ്‍എഐയും വാദിക്കുന്നു. 2022 അവസാനത്തില്‍ ചാറ്റ്ജിപിടി പുറത്തിറങ്ങിയതിന് പിന്നാലെ നിരവധി വാര്‍ത്താ പ്രസാധകരുമായി ഓപ്പണ്‍എഐ ഉള്ളടക്ക ലൈസന്‍സിങ് കരാറുകളില്‍ ഒപ്പുവെച്ചിട്ടുമുണ്ട്.

Theft of news content; New York Times levels serious allegations against OpenAI.

Share Email
LATEST excelnclexrn
More Articles
Top