swayamvara
pulimoottil

ഇന്ത്യയുടെ ജിഡിപി വളര്‍ച്ചയും ഒരു ദശകത്തിലെ വികസന കുതിപ്പും

ഇന്ത്യയുടെ ജിഡിപി വളര്‍ച്ചയും ഒരു ദശകത്തിലെ വികസന കുതിപ്പും

സുരേന്ദ്രന്‍ നായര്‍

ഇന്ത്യയുടെ കഴിഞ്ഞ മാര്‍ച്ച് 31 നു അവസാനിച്ച 2025-26 സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ച നിരക്കും അനുബന്ധ കണക്കുകളും MoSPI ( കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് ആന്‍ഡ് പ്രോഗ്രാം ഇമ്പ്‌ലിമെന്റേഷന്‍) കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തു വിട്ടിരുന്നു. ലോക ബാങ്ക് അനുശാസിക്കുന്ന രീതിയില്‍ ഓരോ രാജ്യത്തിന്റെയും വളര്‍ച്ചാ നിരക്ക് നിജപ്പെടുത്തുന്നത് ഒരു നിശ്ചിത കാലഘട്ടത്തിനുള്ളില്‍ രാജ്യത്തിനകത്തു ഉല്പാദിക്കപ്പെടുന്ന എല്ലാ അന്തിമ സാധനങ്ങളുടെയും ( final products) സേവനങ്ങളുടെയും അകെ വിപണി മൂല്യത്തിന്റെ (GDP) അടിസ്ഥാനത്തിലാണ്. ഒരു സാമ്പത്തിക വര്‍ഷത്തില്‍ ആ രാജ്യം കൈവരിച്ച മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ
(Gross Domestic Product) കണക്കെടുക്കുന്നതു അന്താരാഷ്ട്ര അക്കൗണ്ടിംഗ് സിസ്റ്റം നിര്‍ദ്ദേശിക്കുന്നതും ലോക ബാങ്കും അന്തര്‍ദേശിയ നാണയ നിധിയും അംഗീകരിക്കുന്നതുമായ ഡാറ്റ സോഴ്സുകളും എസ്റ്റിമേഷന്‍ രീതികളും അവലംബിച്ചാണ്. അങ്ങനെയല്ലായെങ്കില്‍ ആ രാജ്യത്തിന് ലോകരാഷ്ട്രങ്ങളുമായി വ്യാപാര ബന്ധങ്ങളിലോ ലോക ബാങ്ക് ഇടപാടുകളിലോ പങ്കാളിയാകാന്‍ കഴിയില്ല. ധനതത്വ ശാസ്ത്ര സമവാക്യങ്ങളിലെ സങ്കീര്‍ണ്ണതകള്‍ ഒഴിവാക്കി ജിഡിപി യെ ഒരു രാജ്യത്തിന്റെ ഒരു സാമ്പത്തിക വര്‍ഷത്തിലെ ആകെ ആഭ്യന്തര ഉപഭോഗം (consumption), നിക്ഷേപം (Investment), സര്‍ക്കാര്‍ ചെലവുകള്‍ (Government Expenses), വ്യാപാര മിച്ചം
(Export value minus Imports Value) എന്നിവയുടെ ആകെത്തുകയായി കണക്കാക്കാവുന്നതാണ്.
2025- 26 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ 7.7% സാമ്പത്തിക വളര്‍ച്ച കൈവരിക്കുകയും രാജ്യത്തിന്റെ GDP 346.36 ലക്ഷം കോടിയായി ഉയര്‍ത്തുകയും ചെയ്തിരിക്കുന്നു.


ലോക സാമ്പത്തിക ശക്തികളില്‍ ഇന്ത്യക്കു മുകളില്‍ സ്ഥാനമുള്ള അമേരിക്ക 2.2% വും ചൈന 5% വും ജര്‍മ്മനി 1.4% വും വളര്‍ച്ചാ നിരക്കുകളാണ് ഈ കാലയളവില്‍ കൈവരിച്ചിരിക്കുന്നത്. വളര്‍ച്ചാ നിരക്ക് കുറവായി നില്‍ക്കുമ്പോളും അമേരിക്കയുടെ GDP 30.77 ട്രില്യന്‍ ഡോളറാണെന്നും ചൈനയുടേത് 19.57 ട്രില്യണ്‍ ഡോളറാണെന്നുമുള്ള വലിയ അന്തരം കാണാതിരുന്നുകൂടാ. അമേരിക്കയുടെ സമ്പത്ഘടന ഇന്ത്യയെക്കാളും എട്ടുമടങ്ങു വലുതും ജനസംഖ്യ വെറും 342 മില്ല്യനുമാണ്. 1.46 ബില്യണ്‍ ജനങ്ങളുള്ള ഇന്ത്യ കഴിഞ്ഞ ദശകത്തില്‍ നിലനിര്‍ത്തിപ്പോരുന്ന സുസ്ഥിര വികസനവും പ്രതിശീര്‍ഷ ജിഡിപി വളര്‍ച്ചയും ലോകത്തിന്റെ ശാക്തിക ചേരിയുടെ നെറുകയിലേക്കുള്ള ഇന്ത്യയുടെ നടന്നുകയറ്റവും 2047 ലെ വികസിത രാഷ്ട്രമെന്ന സ്വപ്നത്തെയും അനായാസമാക്കുന്നു.

ലോകബാങ്ക് ഇന്ത്യയുടെ പ്രതിശീര്‍ഷ GDP 2702 ഡോളറാണെന്നു കണക്കുകൂട്ടുമ്പോള്‍ ചൈനയുടേത് 13862- ം അമേരിക്കയുടേത് 90027-ം ഡോളറാണ്. ഇവരെയൊക്കെ മറികടക്കാന്‍ ഇന്ത്യ കൃത്യമായ പദ്ധതികളോടെ ഇനിയും അനേകം മൈലുകള്‍ സഞ്ചരിക്കേണ്ടിയിരിക്കുന്നു. ഒരു ഏകാധിപത്യ സര്‍ക്കാരിന്റെ ഉരുക്കു മുഷ്ടിയില്‍ ചൈന വികസനം സാധ്യമാക്കുമ്പോള്‍ യു എസ് വാണിജ്യ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ബ്യുറോ ഓഫ് ഇക്കണോമിക് അനാലിസിസ് എന്ന ഏജന്‍സി പണപ്പെരുപ്പത്തിന്റെയോ വിദേശ നാണ്യ ശേഖരത്തിന്റെയോ കാര്യമായ ആശങ്കയില്ലാതെയാണ് അമേരിക്കയുടെ വളര്‍ച്ചാ നിരക്ക് കണക്കുകൂട്ടുന്നത്.

ബഹു പാര്‍ട്ടി സംവിധാനവും പലവിധ ഉപദേശിയതകളും വിഭാഗീയ താത്പര്യങ്ങളും കുടിക്കുഴയുന്ന ഇന്ത്യന്‍ ജനാധിപത്യത്തിലെ ഭരണ നിര്‍വ്വഹണം അത്രത്തോളം എളുപ്പമുള്ളതല്ല.
ഇന്ത്യയുടെ അതിവേഗ വളര്‍ച്ചയില്‍ അസൂയാലുക്കളായുള്ള വിദേശ ശക്തികളുടെ സഹായത്താല്‍ ഇന്ത്യയെ ദുര്‍ബലപ്പെടുത്താന്‍ ആഭ്യന്തര ശക്തികളും രാഷ്ട്രീയ പാര്‍ട്ടികളും വരെ
രാജ്യത്തിനകത്തുതന്നെയുണ്ടെന്ന കാര്യം തികച്ചും നിര്‍ഭാഗ്യകരമാണ്. അവരില്‍ ചിലര്‍ ഉന്നയിക്കുന്നതുപോലെ ജിഡിപി അടിസ്ഥാനമാക്കിയുള്ള വളര്‍ച്ച യാഥാര്‍ഥ്യത്തിലുള്ള വികസനമാണോ അതിന്റെ പ്രയോജനം സാധാരണക്കാരന് അനുഭവവേദ്യമാണോ എന്നീ ചോദ്യങ്ങളാണ് ഇവിടെ പരിശോധിക്കാന്‍ ശ്രമിക്കുന്നത്.

ലോക സാമ്പത്തിക ശാസ്ത്ര രീതികള്‍ മാറിയതനുസരിച്ചുള്ള ജിഡിപി സീരീസിന്റെ അടിസ്ഥാന വര്‍ഷം 2011-12 എന്നത് ഇപ്പോള്‍ 2022-23 ആക്കി ഇന്ത്യ പരിഷ്‌കരിച്ചിട്ടുണ്ട്. ഇന്ത്യന്‍ GDP യില്‍ 48% സംഭാവന ചെയ്യുന്നത് സേവന മേഖലയാണ് (Service Sector). വ്യാവസായിക മേഖല (Industry) 25 % വും നിര്‍മ്മാണ മേഖല (Manufacturing) 14% വും പങ്കു വഹിക്കുന്നു. 2047 ല്‍ 10 ട്രില്യണ്‍ എന്ന GDP ലക്ഷ്യം സാക്ഷാത്കരിക്കണമെങ്കില്‍ സമസ്ത മേഖലകളിലും ആനുപാതികമായ വളര്‍ച്ച നേടുകയും രാജ്യത്തിന്റെ വ്യാപാര ലാഭവും വിദേശ നാണ്യ ശേഖരവും വര്‍ധിപ്പിക്കുകയും വേണം.
2014-15 കാലത്തെ ഇന്ത്യയുടെ ആഭ്യന്തര ഉല്‍പ്പാദനം 4600 കോടി രൂപയുടേതായിരുന്നു. 2025 ല്‍ അത് 1.75 ലക്ഷം കോടിയായി വളര്‍ന്നിരിക്കുന്നു.

ഇന്ത്യയുടെ 2013-14 ലെ കയറ്റുമതി 1000 കോടിയില്‍ താഴെയായിരുന്നുവെങ്കില്‍ ഇന്ന് എണ്‍പതിലധികം രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ച കയറ്റുമതി വരവ് 3800 കോടിയിലെത്തിച്ചിരിക്കുന്നു. 2014 ല്‍ വെറും 312 ബില്യണ്‍ വിദേശ നാണയ ശേഖരമുണ്ടായിരുന്ന ഇന്ത്യയുടെ കൈയില്‍ ഇന്ന് 729.33 ബില്യണ്‍ ഡോളറിന്റെ ശേഖരമുണ്ട്. കൂടാതെ റഷ്യയുമായും യു എ ഇ യുമായി ഇന്ത്യന്‍ റുപ്പീയില്‍ വ്യാപാരം ആരംഭിച്ചു വിദേശനാണ്യം സംരക്ഷിക്കുകയും ചെയ്യുന്നു. ദീര്‍ഘ വീക്ഷണമുള്ള വിദേശ നയവും ഊഷ്മളമായ അന്താരാഷ്ട സൗഹൃദങ്ങളും ഇന്ത്യയിലേക്കുള്ള വിദേശ നിക്ഷേപത്തില്‍ (FDI) ചരിത്രപരമായ വര്‍ധനവാണ് ഉണ്ടാക്കിയിരിക്കുന്നത്. 2014 നു ശേഷമുണ്ടായ ഇന്ത്യയിലെ ഭരണസ്ഥിരത വിദേശ നിക്ഷേപകരുടെ ആത്മവിശ്വാസത്തെയും വര്‍ധിപ്പിച്ചിട്ടുണ്ട്.

ഓട്ടോ മൊബൈല്‍ ഇലക്ട്രോണിക്‌സ് ഔഷധ നിര്‍മ്മാണം പ്രതിരോധം റിന്യൂവബിള്‍ എനര്‍ജി തുടങ്ങിയ മേഖലകളില്‍ ആഗോള കമ്പനികള്‍ വന്‍ നിക്ഷേപങ്ങള്‍ നടത്തിയിരിക്കുന്നു. മൊബൈല്‍ ഫോണ്‍ നിര്‍മ്മാണത്തില്‍ ലോകത്തെ രണ്ടാമത്തെ പദവി ഇന്ത്യക്ക് ഇന്ന് സ്വന്തമാണ്.
വിദേശ ആശ്രിതത്വം പരമാവധി ലഘൂകരിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യ ആരംഭിച്ച make in India
പദ്ധതി പ്രതിരോധ രംഗത്ത് കൈവരിച്ച സ്വാശ്രയത്വത്തോടെ രാജ്യത്തിന്റെ സ്വയം പര്യാപ്തതക്കും വന്‍ കയറ്റുമതികള്‍ക്കും സാദ്ധ്യതകള്‍ തുറന്നിരിക്കുന്നു. പിറന്നു വീണതുമുതല്‍ യുദ്ധരംഗത്തേക്കു വലിച്ചിഴക്കപ്പെട്ട ഇന്ത്യ പ്രതിരോധ ചെലവുകള്‍ക്കായി വലിയ ബഡ്ജറ്റ് വിഹിതമാണ് മാറ്റിവച്ചുകൊണ്ടിരുന്നത്. എന്നാല്‍ ഇന്ന് സ്ഥിതിയാകെ മാറുകയും ഇരുപതില്പരം രാജ്യങ്ങളിലേക്ക് പ്രതിരോധ സാമഗ്രികളും ഡ്രോണുകളും കയറ്റിയയക്കുന്ന രാജ്യമായി ഇന്ത്യ മാറിയിരിക്കുന്നു. പൂര്‍ണ്ണമായി തദ്ദേശീയമായി രൂപകല്‍പ്പന ചെയ്തു നിര്‍മ്മിച്ച വിമാനവാഹിനി കപ്പലായ INS വിക്രാന്ത്, ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍, ആകാശ് എയര്‍ ഡിഫന്‍സ് സിസ്റ്റം, പിനാക മള്‍ട്ടി ബാരല്‍ റോക്കറ്റു ലോഞ്ചര്‍, ധനുഷ് പീരങ്കികള്‍, ലൈറ്റ് കോമ്പാക്റ്റ് എയര്‍ ക്രാഫ്റ്റായ തേജസ്സ് യുദ്ധവിമാനങ്ങള്‍, ആര്‍ട്ടിലറി ഗണ്ണുകള്‍, ഡ്രോണുകള്‍ തുടങ്ങി നീളുന്ന പട്ടിക.

സൈനിക സാമഗ്രികളുടെ ഇറക്കുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ഓര്‍ഡനന്‍സ് ഫാക്ടറി ബോര്‍ഡിനെ പ്രത്യേക പ്രതിരോധ പൊതുമേഖല സ്ഥാപനങ്ങളായി (DPSUs) വിഭജിച്ചു യു പിയിലെയും തമിഴ്‌നാട്ടിലെയും ഡിഫന്‍സ് ഇന്‍ഡസ്ട്രിയല്‍ കോറിഡോറുകള്‍ക്കു രൂപം കൊടുത്തതും കര നാവിക വ്യോമസേനാ വിഭാഗങ്ങളെ സംയോജിപ്പിക്കാനായി ചീഫ് ഡിഫന്‍സ് സ്റ്റാഫ് (CDS)എന്ന സൈനിക പദവി സൃഷ്ടിച്ചതും ആ രംഗത്തെ വിപ്ലവാത്മക പരിവര്‍ത്തനങ്ങളായിരുന്നു.

Production Linked Incentive (PLI ) പദ്ധതിയിലൂടെ GDP യിലെ വ്യാവസായിക മേഖലയുടെ വളര്‍ച്ചക്കായി പ്രത്യേക സാമ്പത്തിക ആനുകൂല്യങ്ങളും സബ്‌സിഡികളും നല്‍കി സോളാര്‍ മോളിക്യു്‌ളുകള്‍
ടെക്‌സ്റ്റെയില്‍ നിര്‍മ്മാണം മെഡിക്കല്‍ ഉപകരണങ്ങളുടെ നിര്‍മ്മിതി ഡ്രോണുകളുടെ ഉല്‍പ്പാദനം തുടങ്ങി 14 മേഖലകള്‍ തെരഞ്ഞെടുത്തു സര്‍ക്കാര്‍ നടത്തിയ ഇടപെടലുകള്‍ ആ രംഗങ്ങളെയാകെ അഭിവൃദ്ധിപ്പെടുത്തി. Ease of Doing Business ഉറപ്പുവരുത്തിയ സിംഗിള്‍ വിന്‍ഡോ ക്ലിയറന്‍സ് മുഖേന ഇന്ത്യക്ക് ലോകത്തെ മൂന്നാമത്തെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പ് ആവാസ വ്യവസ്ഥക്ക് രൂപം കൊടുക്കാന്‍ സാധിച്ചു.

ഒരു ദശകത്തിനുള്ളില്‍ രാജ്യത്തെ സ്വര്‍ണ്ണ നിക്ഷേപ മൂല്യം 31 ബില്യണ്‍ ഡോളറില്‍ നിന്നും 114.22
ബില്യനായി ഉയര്‍ത്തിയതോടൊപ്പം ലോകോത്തര നിലവാരമുള്ള അനേകം നിര്‍മ്മിതികള്‍ക്കും രാജ്യം സാക്ഷ്യം വഹിച്ചു. ജമ്മുകശ്മീരിലെ ചെനാബ് നദിക്കു മുകളിലായി നിര്‍മ്മിച്ച ലോകത്തെ ഏറ്റവും ഉയരം കൂടിയ റയില്‍വേ മേല്‍പ്പാലം, ന്യൂയോര്‍ക്കിലെ സ്റ്റാച്യു ഓഫ് ലിബെര്‍ട്ടിയെ പിന്നിലാക്കി ഗുജറാത്തിലെ നര്‍മ്മദാ തീരത്തു നിര്‍മ്മിച്ച 182 മീറ്റര്‍ ഉയരമുള്ള ലോകത്തിലെ ഏറ്റവും ഉയരംകൂടിയ സ്റ്റാച്യു ഓഫ് യൂണിറ്റി, അമേരിക്കന്‍ പ്രതിരോധ ആസ്ഥാനമായ പെന്റഗണിനെക്കാള്‍ വലുപ്പമുള്ള ലോകത്തിലെ ഏറ്റവും വലിയ അറുപത്തിയേഴ് ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള സൂററ്റ് ഡയമണ്ട് ബൗര്‍സ് എന്ന ഒറ്റ ഓഫീസ് സമുച്ചയം, ഹിമാചല്‍ പ്രദേശിലെ ലോകത്തിലെ ഏറ്റവും വലിയ അടല്‍ ടണല്‍ എന്ന ഹൈ വേ തുരങ്കം, മുംബൈ മുതല്‍ നയി മുംബൈ വരെ 21.8 കിലോമീറ്റര്‍ നീളത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന അടല്‍ സേതുവെന്ന ഇന്ത്യയിലെ നീളമേറിയ കടല്‍പ്പാലം, കൊല്‍ക്കത്തയിലെ ആദ്യത്തെ നീളം കൂടിയ ഇന്ത്യന്‍ അണ്ടര്‍ മെട്രോ, അഹമ്മദാബാദില്‍ പണി പൂര്‍ത്തിയാക്കിയ നരേന്ദ്ര മോദി അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം 1,32,000 കാണികളെ ഉള്‍ക്കൊള്ളാന്‍ കഴിയുമെന്ന ശേഷികൊണ്ട് ലോകത്തിലെ ഏറ്റവും വലിയ സ്റ്റേഡിയമായി മാറി, അങ്ങനെ തുടരുന്ന അനേകം നിര്‍മ്മിതികള്‍. ആധുനിക ഇന്ത്യയുടെ മുഖച്ഛായ തന്നെ മാറ്റി വരച്ചിരിക്കുന്നു.

അഭിവൃദ്ധിയുടെ ആനുകൂല്യങ്ങള്‍ ജനസംഖ്യാനുപാതികമായി കാശ്മീര്‍ മുതല്‍ കന്യാകുമാരിവരെയുള്ള ജനങ്ങളില്‍ എത്തിക്കാനായി സംസ്ഥാന സര്‍ക്കാരുകളും കേന്ദ്ര സര്‍ക്കാരും തമ്മില്‍ രാഷ്ട്രീയേതര നവീനമായൊരു വികസന സംസ്‌കാരം ഇന്ത്യയില്‍ ഇതിനകം രൂപപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. അതിന്റ മറ്റൊരു കാരണം ഗതാഗത രംഗത്തും ചരക്കു നീക്കങ്ങളിലും രാജ്യം കൈവരിച്ച വേഗതയാണ്.

2014 ല്‍ നിന്നും 2026 ലേക്ക് എത്തുമ്പോള്‍ 91287 കി.മീ.ഹൈവേനീളം 1,46,572 കി.മീ. ആയും 93 കി.മീ. എക്‌സ്പ്രസ്സ് ഹൈവേ 3000 കി.മീ. ആയും വര്‍ധിച്ചു. കണക്റ്റിവിറ്റി കാര്യത്തില്‍ റയില്‍വേ ലൈനുകള്‍ 91287 കി. മീ. ല്‍നിന്നും 1,46572 കി.മീ ആയും ഉയര്‍ന്നു.അന്ന് 74 എയര്‍പോര്‍ട്ടുകള്‍ ഉണ്ടായിരുന്ന ഇന്ത്യയില്‍ ഇന്ന് 166 എയര്‍പോര്‍ട്ടുകള്‍ ഉണ്ടായിരിക്കുന്നു.
ഇന്ത്യയുടെ ജിഡിപി വളര്‍ച്ച പലവിധ ലോകാന്തര വെല്ലുവിളികളെ അതിജീവിച്ചു കൈവരിച്ച നേട്ടവും ഭാരതത്തിന്റെ 2047 ലേക്കുള്ള വികസന കുതിപ്പുമാണ്. ഇന്നത്തെ നൂറ്റാണ്ടു നിങ്ങളുടേതെങ്കില്‍ അടുത്ത നൂറ്റാണ്ട് ഭാരതത്തിന്റേതായിരിക്കും എന്ന് പടിഞ്ഞാറന്‍ ലോകത്തെ നോക്കി സ്വാമി വിവേകാനന്ദന്‍ അന്ന് പറഞ്ഞത് ഇന്ന് യാഥാര്‍ഥ്യമാകുന്നതില്‍ ഓരോ ഭാരതീയനും അഭിമാനം കൊള്ളാം.

India’s GDP growth and a decade of developmental surge

Share Email
LATEST excelnclexrn
More Articles
Top