ടെഹ്റാൻ: മിഡിൽ ഈസ്റ്റിൽ യുഎസ് സൈനിക സാന്നിധ്യമുള്ള കുറഞ്ഞത് ഏഴ് സൈനിക താവളങ്ങളെങ്കിലും ലക്ഷ്യമിട്ട് പ്രത്യാക്രമണം നടത്തിയതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സും (ഐആർജിസി) ഇറാന്റെ കേന്ദ്ര സൈനിക കമാൻഡും അവകാശപ്പെട്ടു. ജോർദാനിലെ ക്യാമ്പ് തബ്രിൻ, പ്രിൻസ് ഹസ്സൻ എയർ ബേസ് എന്നിവയുൾപ്പെടെയുള്ള കേന്ദ്രങ്ങളിലാണ് രാത്രിയോടെ ആക്രമണം നടത്തിയതെന്ന് ഇറാൻ അവകാശപ്പെട്ടു.
ക്യാമ്പ് തബ്രിന് നേരെ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ നിരവധി യുഎസ് സൈനികർ കൊല്ലപ്പെട്ടതായി ഐആർജിസി അവകാശപ്പെട്ടെങ്കിലും, ഈ വാദം യുഎസ് സെൻട്രൽ കമാൻഡ് പൂർണ്ണമായും തള്ളി. മാത്രമല്ല, ഇറാൻ ആരോപിക്കുന്നത് പോലെ ക്യാമ്പ് തബ്രിൻ ഒരു യുഎസ് സൈനിക താവളമല്ലെന്നും അധികൃതർ വ്യക്തമാക്കി. ജോർദാനിൽ അമേരിക്കയ്ക്ക് സ്വന്തമായി സൈനിക താവളങ്ങളില്ല. എന്നാൽ കഴിഞ്ഞ ജൂലൈയിൽ മൂന്ന് യുഎസ് സൈനികർ കൊല്ലപ്പെട്ട മുവഫാഖ് സൽതി എയർ ബേസ്, പ്രിൻസ് ഹസ്സൻ എയർ ബേസ് തുടങ്ങി ജോർദാൻ സൈന്യത്തിന് കീഴിലുള്ള കേന്ദ്രങ്ങളിൽ യുഎസ് സൈനികർ തങ്ങുന്നുണ്ട്.
ഇതിന് പുറമെ വടക്കൻ ഇറാഖിലെ അർബിൽ, കുവൈറ്റിലെ അലി അൽ സലേം, ബഹ്റൈനിലെ യുഎസ് നാവികസേനാ താവളം, യുഎഇയിലെ അൽ ധാഫ്ര, അൽ മിൻഹാദ് എയർ ബേസുകൾ എന്നിവയ്ക്ക് നേരെയും ആക്രമണം നടത്തിയതായി ഇറാൻ സേന അവകാശപ്പെട്ടു. എന്നാൽ ഇറാനിയൻ ആയുധങ്ങൾ സൈനിക താവളങ്ങളിൽ പതിച്ചതായി യുഎസ് മിലിട്ടറി സ്ഥിരീകരിച്ചിട്ടില്ല. ഇറാന്റെ മിസൈലുകളും ഡ്രോണുകളും വ്യോമപ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് തടയുകയോ നാശനഷ്ടങ്ങളില്ലാതെ വിജനമായ പ്രദേശങ്ങളിൽ പതിക്കുകയോ ചെയ്തതായി ബഹ്റൈനും ജോർദാനും വ്യക്തമാക്കി.

















