ടെഹ്റാൻ: ഹോർമുസ് കടലിടുക്കിലൂടെ അമേരിക്കൻ സഹായത്തോടെ കപ്പലുകൾ കടത്തിവിടാനുള്ള നീക്കങ്ങളെ ഇറാൻ സൈന്യം ശക്തമായി പ്രതിരോധിക്കുകയാണെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഘാലിബഫ്. ഇറാനിയൻ വാർത്താ ഏജൻസികൾ പുറത്തുവിട്ട വീഡിയോ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ചില കപ്പലുകളെ മേഖലയിലൂടെ കടത്തിവിടാൻ ശത്രുക്കൾക്ക് സാധിച്ചിട്ടുണ്ടെന്നത് സത്യമാണെങ്കിലും, ഹോർമുസ് കടലിടുക്കിന്റെ പൂർണ്ണ നിയന്ത്രണം ഇറാന്റെ കൈകളിലാണെന്നും പാത തുറന്നുകൊടുക്കാൻ അനുവദിക്കില്ലെന്നും ഘാലിബഫ് വ്യക്തമാക്കി. കടലിടുക്കിന്റെ തെക്കൻ പാതയിലൂടെ സഞ്ചരിക്കാൻ അമേരിക്ക കപ്പലുകൾക്ക് വ്യാജ ഉറപ്പുകളാണ് നൽകുന്നത്. ഇത്തരം നീക്കങ്ങൾക്ക് മുതിരുന്ന കപ്പലുകളെ ഇറാൻ ലക്ഷ്യമിടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അവകാശ ധാരണാപത്രങ്ങൾ ലംഘിച്ചുകൊണ്ട് ഹോർമുസ് കടലിടുക്കിന്റെ തെക്കൻ മേഖല ഉപയോഗപ്പെടുത്താനാണ് അമേരിക്ക ശ്രമിക്കുന്നത്. എന്നാൽ ഈ നീക്കം വിജയിക്കാൻ ഇറാൻ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

















