കോഴിക്കോട്: അഞ്ചുദിവസത്തെ ഇന്ത്യ പര്യടനത്തിന്റെ ഭാഗമായി മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം കാരന്തൂർ മർകസിലെത്തി ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസല്യാരുമായി കൂടിക്കാഴ്ച നടത്തി. കരിപ്പൂർ വിമാനത്താവളത്തിൽ മന്ത്രി ടി. സിദ്ദീഖിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചേർന്നാണ് അദ്ദേഹത്തെ സ്വീകരിച്ചത്. മർകസിൽ മർകസ് വർക്കിങ് സെക്രട്ടറി ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി, സെക്രട്ടറി സി. മുഹമ്മദ് ഫൈസി എന്നിവർ അദ്ദേഹത്തിന് സ്വീകരണം നൽകി.
മർകസും മലേഷ്യൻ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും തമ്മിലുള്ള സഹകരണം, വിദ്യാഭ്യാസ-സാംസ്കാരിക വിനിമയങ്ങൾ, മലേഷ്യയിലെ ഇന്ത്യൻ സമൂഹത്തിന്റെ ക്ഷേമം തുടങ്ങിയ കാര്യങ്ങൾ ഇരുവരും ചർച്ച ചെയ്തു. മാനുഷിക സേവനത്തിനും വിദ്യഭ്യാസ ഉന്നമനത്തിനുമായി ശൈഖ് അബൂബക്കർ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ എക്സലൻസ് അവാർഡ് പ്രധാനമന്ത്രിക്ക് കൈമാറി. സ്വഹീഹുൽ ബുഖാരിയുടെ കയ്യെഴുത്ത് പ്രതി കാന്തപുരം അദ്ദേഹത്തിന് സമ്മാനിച്ചു. ശേഷം അത്താഴ വിരുന്നിലും മടവൂർ സി.എം വലിയുല്ലാഹി മഖാം സന്ദർശനത്തിലും പ്രധാനമന്ത്രി പങ്കെടുത്തു.
ചടങ്ങിൽ സംസാരിച്ച മലേഷ്യൻ പ്രധാനമന്ത്രി ‘എന്താ വർത്താനം’ എന്ന് മലയാളത്തിൽ ചോദിച്ച് സദസ്സിനെ അഭിസംബോധന ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശംസകൾ കാന്തപുരത്തെ അറിയിച്ച അദ്ദേഹം, കേരള മുഖ്യമന്ത്രി വി.ഡി. സതീശനുമായി നാളെ കൂടിക്കാഴ്ച നടത്തുമെന്നും കേരളവും മലേഷ്യയും തമ്മിലുള്ള ബന്ധം കൂടുതൽ മെച്ചപ്പെടുത്തുമെന്നും വ്യക്തമാക്കി. മലേഷ്യയും ഇന്ത്യയെപ്പോലെ എല്ലാ മതവിശ്വാസങ്ങളെയും ഒരുമിച്ചു കൊണ്ടുപോകുന്ന മണ്ണാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എ.ഐ ചിലപ്പോൾ മാരായുധങ്ങളേക്കാൾ വലിയ ഭീഷണിയാകുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, മുസ്ലിം സമുദായം പാരമ്പര്യത്തെക്കുറിച്ച് ബോധവാന്മാരാകണമെന്നും നിർദേശിച്ചു. കേവല പഠനം മാത്രമല്ല, മതപരമായ പഠനവും അത് പ്രാവർത്തികമാക്കലുമാണ് പ്രധാനമെന്ന് മലേഷ്യൻ പ്രധാനമന്ത്രി ഓർമിപ്പിച്ചു.

















