മാസപ്പടി അഴിമതി ആരോപണങ്ങളിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനും മുൻ മന്ത്രി മുഹമ്മദ് റിയാസിനും എതിരെ പ്രാഥമിക അന്വേഷണം നടത്താതെ കേസെടുക്കാനാകില്ലെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി. അഭിഭാഷകൻ കെ.എം. ഷാജഹാൻ സമർപ്പിച്ച ഹർജി പരിഗണിക്കവേയാണ് സർക്കാർ ഈ നിലപാട് അറിയിച്ചത്. ഇ.ഡി. നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്ത് കേസെടുത്തില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയത്. ഒരു ഡയറിയുടെ അടിസ്ഥാനത്തിൽ മാത്രം എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യാനാവില്ലെന്ന് അഡ്വക്കേറ്റ് ജനറൽ വാദിച്ചു.
ഹർജിയെ എതിർത്തുകൊണ്ട് സർക്കാർ, ഇ.ഡിയുടെ പ്രധാന തെളിവ് ഡയറി മാത്രമാണെന്നും അതിനാൽ കേസെടുക്കാൻ കഴിയില്ലെന്നും വ്യക്തമാക്കി. പ്രാഥമിക അന്വേഷണത്തിന് ശേഷം മാത്രമേ കേസെടുക്കാൻ സാധിക്കൂ എന്നും സർക്കാർ കോടതിയിൽ ചൂണ്ടിക്കാട്ടി. ഹർജി നിലനിൽക്കില്ലെന്ന് സർക്കാർ ആവർത്തിച്ചു. എന്നാൽ ഡയറി മാത്രമല്ല, മൊഴികളും ഹാജരാക്കിയിട്ടുണ്ടല്ലോ എന്ന് കോടതി ചോദിച്ചു.
അതേസമയം പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡി.ജി.പിക്ക് നൽകിയ കത്ത് ഇ.ഡി. കോടതിയിൽ ഹാജരാക്കി. മൊഴി പകർപ്പടക്കമുള്ള തെളിവുകളും കോടതിയിൽ സമർപ്പിച്ചു. പൂർണമായ മൊഴി പകർപ്പ് സർക്കാരിന് കൈമാറിയിട്ടില്ലെന്ന് ഇ.ഡി. മറുപടി നൽകി. കേസെടുക്കാൻ മൊഴി വിവരങ്ങൾ ആവശ്യമില്ലെന്നും തെളിവുകൾ കത്തിലുണ്ടെന്നും ഇ.ഡി. ചൂണ്ടിക്കാട്ടി. ബന്ധപ്പെട്ടവരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും പൊലീസ് ആവശ്യപ്പെട്ടാൽ മൊഴി പകർപ്പ് നൽകാൻ തയ്യാറാണെന്നും ഇ.ഡി. അറിയിച്ചു.
കേസെടുക്കണമെന്ന നിലപാട് ഇ.ഡി. കോടതിയിൽ ആവർത്തിച്ചു. ഇല്ലെങ്കിൽ കോടതിയെ നേരിട്ട് സമീപിക്കാൻ അവകാശമുണ്ടെന്നും വാദിച്ചു. ഇ.ഡി. പൊലീസിനെപ്പോലെ അന്വേഷണ ഏജൻസിയല്ല, വിവരശേഖരണവും തുടർനടപടികളുമാണ് അതിന്റെ പരിധിയിലുള്ളതെന്ന് സർക്കാർ പറഞ്ഞു. എന്നാൽ ഇ.ഡി. അന്വേഷണ ഏജൻസി തന്നെയാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
















