ന്യൂഡൽഹി : ഓഗസ്റ്റ് 4-ന് തായ്‌ലാന്റിലെ ഫുക്കറ്റിൽ നിന്ന് ന്യൂഡൽഹിയിലേക്ക് സർവീസ് നടത്തുന്നതിനിടെ അപകടത്തിൽപ്പെട്ട എയർ ഇന്ത്യ വിമാനത്തിന്റെ പൈലറ്റിനെ എയർലൈൻ പിരിച്ചുവിട്ടു. വിമാനം പറത്തുന്നതിനിടെ പൈലറ്റ് ലഹരിമരുന്ന് ഉപയോഗിച്ചിരുന്നതായി എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ സമർപ്പിച്ച പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കിയതിനെ തുടർന്നാണ് മാനേജ്‌മെന്റിന്റെ കടുത്ത നടപടി.
വിമാനം അപകടത്തിൽപ്പെട്ട സംഭവത്തെ തുടർന്ന് നടത്തിയ ആൽക്കഹോൾ, ലഹരിപരിശോധനകളിലാണ് കമാൻഡിംഗ് പൈലറ്റിൽ നിരോധിത ലഹരിവസ്തുവിന്റെ സാന്നിധ്യം വീണ്ടും സ്ഥിരീകരിച്ചത്. തുടർന്ന് നടത്തിയ വിദഗ്ദ്ധ രക്തപരിശോധനാ റിപ്പോർട്ടും ഇയാൾ ലഹരി ഉപയോഗിച്ചിരുന്നു എന്ന കാര്യം ശരിവെക്കുകയായിരുന്നു. സംഭവത്തിൽ സഹപൈലറ്റിന്റെ പരിശോധനാ ഫലങ്ങൾ നെഗറ്റീവാണ്.
യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിൽ എയർ ഇന്ത്യ യാതൊരു വിട്ടുവീഴ്ചയും വരുത്തില്ലെന്നും തെറ്റ് ചെയ്തവർക്കെതിരെ സീറോ ടോളറൻസ് നയമാണ് സ്വീകരിക്കുന്നതെന്നും കമ്പനി വ്യക്തമാക്കി. വ്യോമയാന മേഖലയിലെ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച പൈലറ്റിന്റെ ലൈസൻസ് റദ്ദാക്കുന്നതടക്കമുള്ള കടുത്ത നടപടികൾ സ്വീകരിക്കാൻ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനോട് ശുപാർശ ചെയ്തിട്ടുണ്ട്.
സംഭവിച്ചത് എന്ത്?
ഓഗസ്റ്റ് 4-ന് 137 യാത്രക്കാരും 8 വിമാനജീവനക്കാരുമായി ഫുക്കറ്റിൽ നിന്ന് പുറപ്പെട്ട എയർ ഇന്ത്യയുടെ എ320 നിയോ വിമാനമാണ് അപകടത്തിൽപ്പെട്ടത്. വിമാനം 36,000 അടി ഉയരത്തിൽ സഞ്ചരിക്കവെ സാങ്കേതിക തകരാറുകൾ മൂലം വിമാനത്തിന്റെ മൂന്ന് ഹൈഡ്രോളിക് സിസ്റ്റങ്ങളുടെയും നിയന്ത്രണം നിമിഷനേരത്തേക്ക് നഷ്ടപ്പെടുകയും ഓട്ടോപൈലറ്റ് വിച്ഛേദിക്കപ്പെടുകയുമായിരുന്നു. തുടർന്ന് വിമാനം പെട്ടെന്ന് നൂറുകണക്കിന് അടി താഴേക്ക് പതിച്ചു. ഈ സമയം ‘സീറ്റ് ബെൽറ്റ്’ സൈൻ ഓഫായിരുന്നതിനാൽ 20 യാത്രക്കാർക്കും 4 ക്യാബിൻ ക്രൂ അംഗങ്ങൾക്കും തെറിച്ചുവീണ് ഗുരുതരമായി പരിക്കേൽക്കുകയുണ്ടായി. പിന്നീട് വിമാനത്തിന്റെ നിയന്ത്രണം വീണ്ടെടുത്ത് ഡൽഹിയിൽ സുരക്ഷിതമായി ലാൻഡ് ചെയ്യുകയായിരുന്നു.സുരക്ഷ കൂടുതൽ കർശനമാക്കുന്നതിന്റെ ഭാഗമായി നിലവിൽ എയർ ഇന്ത്യയിലെ മുഴുവൻ പൈലറ്റുമാരെയും ലഹരിപരിശോധനയ്ക്ക് വിധേയരാക്കാൻ മാനേജ്‌മെന്റ് തീരുമാനിച്ചിട്ടുണ്ട്.

















