swayamvara
pulimoottil

ശ്രീറാം കോളേജിലെ മോദിയുടെ പ്രസംഗത്തിനെതിരെ രാഹുൽ ഗാന്ധിയും സി.ജെ.പിയും; ബീഹാറിലെ എകെ 47 വെടിവെയ്പ് ഉയർത്തിക്കാട്ടി ചോദ്യങ്ങൾ

ശ്രീറാം കോളേജിലെ മോദിയുടെ പ്രസംഗത്തിനെതിരെ രാഹുൽ ഗാന്ധിയും സി.ജെ.പിയും; ബീഹാറിലെ എകെ 47 വെടിവെയ്പ് ഉയർത്തിക്കാട്ടി ചോദ്യങ്ങൾ

ഡൽഹി ശ്രീറാം കോളേജ് ഓഫ് കൊമേഴ്സിൽ ജെൻസി തലമുറയെ ലക്ഷ്യമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കോക്ക് റോച്ച് ജനത പാർട്ടിയും (സി.ജെ.പി). ബിഹാറിൽ പോലീസ് വെടിവയ്പിന് ഇരയായ വിദ്യാർത്ഥികളുമൊത്തുള്ള പുതിയ വീഡിയോ പങ്കുവെച്ചാണ് രാഹുൽ ഗാന്ധി രംഗത്തെത്തിയത്. എ.കെ-47 തോക്കുകളിലൂടെ തകർത്ത വിദ്യാർത്ഥികളുടെ സ്വപ്നങ്ങൾ തിരികെ നൽകാൻ പ്രധാനമന്ത്രിക്ക് സാധിക്കുമോ എന്ന് രാഹുൽ ചോദ്യമുയർത്തി.

ജന്തർമന്തറിലെ സി.ജെ.പി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ബിഹാറിൽ നടന്ന പ്രക്ഷോഭത്തിന് നേരെ ഉണ്ടായ പോലീസ് അതിക്രമത്തെക്കുറിച്ച് തോളിനും കാലിനും പരിക്കേറ്റ വിദ്യാർത്ഥികൾ വീഡിയോയിൽ വിവരിക്കുന്നുണ്ട്. ഇരകളായ വിദ്യാർത്ഥികൾക്ക് നിയമസഹായം ഉറപ്പുനൽകിയ രാഹുൽ ഗാന്ധി, പെല്ലെറ്റ് ആക്രമണത്തിന് ഇരയായവർക്കായി പാർലമെന്റ് സ്ട്രീറ്റ് പോലീസിൽ നടത്തിയ പ്രതിഷേധത്തിന് തുടർച്ചയായാണ് ബിഹാർ സംഭവത്തിലും നേരിട്ട് ഇടപെടുന്നത്. രാജ്യത്തെ യുവതയ്ക്കൊപ്പം എന്ന് മോദി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് രാഹുൽ വിമർശനം കടുപ്പിച്ചത്.

അതേസമയം, വിദ്യാർത്ഥികളുടെ പ്രതിഷേധം ഭയന്നാണ് മോദി രാത്രികാലങ്ങളിൽ പ്രസംഗിക്കാൻ പോയതെന്ന് കോൺഗ്രസ് പരിഹസിച്ചു. ചോദിക്കുന്ന തലമുറയെ ‘ദിമാഗി നക്സലുകൾ’ എന്ന് വീണ്ടും വിശേഷിപ്പിച്ചത് നാണംകെട്ട പ്രവൃത്തിയാണെന്ന് സി.ജെ.പി കുറ്റപ്പെടുത്തി. യുവജന പിന്തുണ ഉറപ്പാക്കാനായി പ്രധാനമന്ത്രിയും രാഹുൽ ഗാന്ധിയും സി.ജെ.പിയും തമ്മിലുള്ള രാഷ്ട്രീയ പോരാട്ടം ഇതോടെ കൂടുതൽ രൂക്ഷമായിരിക്കുകയാണ്.

Share Email
LATEST excelnclexrn
More Articles
Top