വാഷിംഗടണ്‍: 2001 സെപ്റ്റംബര്‍ 11 ലെ ഭീകരാക്രമണത്തിന് ഒരാഴ്ച മുന്‍പ് അല്‍ഖൊയിദയുടെ ഭീഷണിയെക്കുറിച്ച് വൈറ്റ് ഹൗസിന് മുന്നറിയിപ്പ് ലഭിച്ചിരുന്നതായി റിപ്പോര്‍ട്ട്. അന്നത്തെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് കോണ്ടലീസ റൈസിനോട് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥനായ റിച്ചാര്‍ഡ് എ. ക്ലാര്‍ക്ക് അല്‍ഖായിദയെ നേരിടുന്നതില്‍ അമേരിക്ക ഗൗരവമുള്ള സമീപനം സ്വീകരിക്കുന്നുണ്ടോയെന്ന് ചോദിച്ചിരുന്നു.
9/11 ആക്രമണത്തിന് ഒരാഴ്ച മുന്‍പ് പ്രസിഡന്റ് ജോര്‍ജ് ഡബ്ല്യു. ബുഷ് വൈറ്റ് ഹൗസിലെ സിറ്റുവേഷന്‍ റൂമില്‍ ഭരണകൂടത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി അല്‍ഖായിദയെക്കുറിച്ച് ചര്‍ച്ച നടത്തിയിരുന്നു. അല്‍ഖായിദ അമേരിക്കയ്ക്ക് വലിയ ഭീഷണിയാണോ എന്നതായിരുന്നു യോഗത്തിലെ പ്രധാന വിഷയമായി ചര്‍ച്ച ചെയ്തത്. യോഗത്തില്‍ പങ്കെടുത്ത ക്ലാര്‍ക്ക് റൈസിന് അയച്ച വ്യക്തിഗത കുറിപ്പിലാണ് സംഘടന അമേരിക്കക്കാരെ കൊല്ലാന്‍ മടിക്കാത്ത ശക്തിയാണെന്ന് മുന്നറിയിപ്പ് നല്‍കിയത്.
2000 ഒക്ടോബറില്‍ യെമനിലെ യുഎസ്എസ് കോള്‍ ആക്രമണത്തില്‍ 17 അമേരിക്കക്കാര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ അല്‍ഖൊയിദയ്‌ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതിനുള്ള പദ്ധതി ക്ലാര്‍ക്ക് തയ്യാറാക്കിവരികയായിരുന്നു. 2001 ജനുവരിയില്‍ റൈസിന് നല്‍കിയ മെമ്മോയില്‍ അല്‍ഖായിദയെ സംഘടിതമായ ശക്തി എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. അമേരിക്ക തിരിച്ചടിക്കാതിരുന്നത് അല്‍ഖായിദയ്ക്കും താലിബാനും കൂടുതല്‍ ആത്മവിശ്വാസം നല്‍കുമെന്നും ക്ലാര്‍ക്ക് മുന്നറിയിപ്പ് നല്‍കി.
അല്‍ഖൊയ്ദയുടെ ആക്രമണങ്ങള്‍ തടയുന്നതില്‍ പരാജയപ്പെട്ട് ഭാവിയില്‍ വിവിധ രാജ്യങ്ങളിലായി നൂറുകണക്കിന് അമേരിക്കക്കാര്‍ കൊല്ലപ്പെട്ടാല്‍, നേരത്തെ എന്ത് നടപടിയാണ് സ്വീകരിക്കേണ്ടിയിരുന്നതെന്ന് അന്നത്തെ തീരുമാനമെടുക്കുന്നവര്‍ ചിന്തിക്കേണ്ടിവരുമെന്നും ക്ലാര്‍ക്ക് കുറിപ്പില്‍ മുന്നറിയിപ്പ് നല്‍കി. അഫ്ഗാനിസ്ഥാന്റെ പ്രാധാന്യം കുറച്ചുകാണുന്നതിന് പെന്റഗണിനെയും സിഐഎയെയും അദ്ദേഹം വിമര്‍ശിക്കുകയും അവരുടെ ഭരണസംവിധാനത്തെ ”നിഷ്‌ക്രിയ-ആക്രമണാത്മക പെരുമാറ്റത്തില്‍ പ്രാവീണ്യം നേടിയവര്‍” എന്ന രീതിയില്‍ വിശേഷിപ്പിക്കുകയും ചെയ്തു.
ദേശീയ സുരക്ഷാ കൗണ്‍സിലില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചിരുന്ന ക്ലാര്‍ക്ക് താന്‍ നിര്‍ദേശിച്ച നടപടികള്‍ക്ക് ആവശ്യമായ പിന്തുണ ലഭിക്കാത്തതില്‍ നിരാശനായിരുന്നുവെന്നും അവര്‍ വിലയിരുത്തി. അല്‍ഖായിദയ്‌ക്കെതിരായ തന്ത്രം ഫലപ്രദമാകാന്‍ ഏകദേശം മൂന്ന് വര്‍ഷമെടുക്കുമെന്നാണ് റൈസ് പിന്നീട് കരുതിയിരുന്നത്. എന്നാല്‍ അതിന് മുമ്പേ അല്‍ഖായിദ ആക്രമണം നടത്തുകയും ലോകചരിത്രത്തെ തന്നെ മാറ്റിമറിച്ച 9/11 ദുരന്തത്തിന് വഴിയൊരുക്കുകയും ചെയ്തു.
Report: White House received warning about Al-Qaeda a week before the 9/11 attacks.

















