രുവനന്തപുരം: സംസ്ഥാനത്ത് നിലനിൽക്കുന്ന രൂക്ഷമായ വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിന് സർക്കാർ എ എല്ലാവിധ ശ്രമങ്ങളും നടത്തിവരികയാണെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് അറിയിച്ചു. ലഭ്യതക്കുറവും ഉപഭോഗത്തിലുണ്ടായ വൻ വർധനവും ഒരേപോലെ എല്ലാ സംസ്ഥാനങ്ങളെയും ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷത്തേക്കാൾ ആയിരം മെഗാവാട്ടിലധികം വൈദ്യുതിയുടെ അധിക ഉപയോഗമാണ് നിലവിൽ സംസ്ഥാനത്ത് രേഖപ്പെടുത്തുന്നത്. അതിനനുസരിച്ച് ആഭ്യന്തര ഉൽപ്പാദനം നടത്താൻ സാധിക്കാത്തതാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്. പ്രതിസന്ധി പരിഹരിക്കാനായി മറ്റ് സംസ്ഥാനങ്ങളിലേക്ക് പോയി വൈദ്യുതി ലഭ്യത ഉറപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രി നേരിട്ട് അനുമതി നൽകിയിട്ടുണ്ടെന്നും എല്ലാവരെയും ഗൗരവമായി ചിന്തിപ്പിക്കാൻ പ്രേരിപ്പിക്കുന്ന തരത്തിലാണ് സ്ഥിതിഗതികൾ എത്തിനിൽക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
പ്രതിസന്ധി മറികടക്കാൻ പുതിയ ഊർജ നയം രൂപീകരിക്കേണ്ടതുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഇതിന്റെ ഭാഗമായി പൊതുജനങ്ങളുടെ ഭാഗത്തുനിന്ന് സ്വയം ബോധവൽക്കരണവും കരുതലും അത്യന്താപേക്ഷിതമാണ്. രാത്രികാലങ്ങളിലെ ആഢംബര ലൈറ്റുകളുടെ ഉപയോഗം പരമാവധി കുറയ്ക്കേണ്ടതുണ്ട്. മുൻ മന്ത്രി എ.കെ. ബാലൻ മുന്നോട്ടുവെച്ച ഇത്തരം നിർദേശങ്ങൾ താനും അംഗീകരിക്കുന്നുണ്ടെന്ന് സണ്ണി ജോസഫ് പറഞ്ഞു.
പവർകട്ട് വേണ്ടിവരുന്ന സാഹചര്യങ്ങളിൽ ജനങ്ങൾക്ക് മുൻകൂട്ടി മുന്നറിയിപ്പ് നൽകണമെന്ന് കെ.എസ്.ഇ.ബിക്ക് കൃത്യമായ നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ, മുൻകൂട്ടി അറിയിക്കാനാകാത്ത അടിയന്തര സാങ്കേതിക സാഹചര്യങ്ങളിലും വൈദ്യുതി വിച്ഛേദിക്കേണ്ടി വന്നേക്കാമെന്ന് അദ്ദേഹം വ്യക്തമാക്കി.
താൻ പങ്കെടുത്ത പൊതുപരിപാടികളിൽ കറണ്ട് പോയ സംഭവങ്ങളെക്കുറിച്ചും മന്ത്രി പ്രതികരിച്ചു. എറണാകുളത്ത് ഒരു ചടങ്ങിൽ പ്രസംഗം അവസാനിപ്പിച്ചയുടൻ വൈദ്യുതി തടസ്സപ്പെട്ടത് അന്വേഷിച്ചപ്പോൾ അത് മനപ്പൂർവമല്ലെന്ന് വ്യക്തമായിരുന്നു. എന്നാൽ ഇന്ന് സംസാരിച്ച മറ്റൊരു പരിപാടിയിലും സെക്കൻഡുകൾ നേരം കറണ്ട് പോവുകയുണ്ടായി. ഇത് മനപ്പൂർവം ചെയ്തതാണോ എന്ന് പ്രത്യേകമായി പരിശോധിക്കും. പൊതുപരിപാടിയിൽ ഒരു മിനിറ്റ് കറണ്ടുപോകുന്നത് തമാശയായി കാണാമെങ്കിലും വേണമെങ്കിൽ അത് ഗൗരവമായി എടുക്കാമെന്നും അദ്ദേഹം പറഞ്ഞു.
സത്യസന്ധമായി വിലയിരുത്തുന്ന ആരും സർക്കാരിനെ കുറ്റം പറയില്ലെന്നും, മുൻപ് ആര്യാടൻ മുഹമ്മദിന്റെ കാലത്തുണ്ടായ കരാർ റദ്ദാക്കിയതിന്റെ ആഘാതമാണ് ഇപ്പോൾ അനുഭവിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചിലർ മനപ്പൂർവം പവർകട്ട് ഉണ്ടാക്കുന്നുവെന്ന മുഖ്യമന്ത്രിയുടെ പരാമർശത്തെക്കുറിച്ചുള്ള ചോദ്യത്തിന്, “മുഖ്യമന്ത്രി തെറ്റ് പറയില്ലല്ലോ” എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. പകൽ സമയങ്ങളിൽ പവർകട്ടിന് സാധ്യതയില്ലെന്നും മന്ത്രി ഉറപ്പുനൽകി.

















