ആഗോള ഊർജ്ജവിതരണത്തിന്റെ പ്രധാന പാതയായ ഹോർമുസ് കടലിടുക്കിന് പകരമായി സിറിയ മുന്നോട്ടുവെച്ച എണ്ണപ്പാത പദ്ധതിയെ സ്വാഗതം ചെയ്ത് യു.എസ്. പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇത് അതിഗംഭീരവും മികച്ചതുമായ നീക്കമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പങ്കുവെച്ചുകൊണ്ടാണ് ട്രംപ് പ്രതികരിച്ചത്. അമേരിക്ക-ഇറാൻ സംഘർഷങ്ങളും ഇന്ധനവിതരണത്തിലെ തടസ്സങ്ങളും കാരണം ഹോർമുസ് കടലിടുക്ക് പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തിലാണ് ഈ പുതിയ നീക്കം.
ഗൾഫ് മേഖലയെ യൂറോപ്പുമായി ബന്ധിപ്പിക്കുന്ന കരയിലൂടെയുള്ള പാത വികസിപ്പിക്കാനാണ് സിറിയ ശ്രമിക്കുന്നത്. ഭൂമിശാസ്ത്രപരമായ സ്ഥാനവും മെഡിറ്ററേനിയൻ കടലിലേക്കുള്ള പ്രവേശനസൗകര്യവും ഇതിനായി സിറിയ ഉപയോഗപ്പെടുത്തുന്നു. റോഡ് മാർഗ്ഗമുള്ള എണ്ണക്കടത്തിന് പുറമേ, ദക്ഷിണ ഇറാഖിലെ ബസ്രയിൽനിന്ന് സിറിയൻ മെഡിറ്ററേനിയൻ തുറമുഖമായ ബനിയാസ് വരെ വലിയ പൈപ്പ്‌ലൈൻ നിർമിക്കാനും പദ്ധതിയുണ്ട്. ട്രംപ് ഭരണകൂടം പിന്തുണ നൽകിയ ഈ പൈപ്പ്‌ലൈൻ യാഥാർത്ഥ്യമാകുന്നതോടെ പ്രതിദിനം 20 ലക്ഷം ബാരൽ വരെ അസംസ്‌കൃത എണ്ണ ഇതുവഴി കടത്തിവിടാനാകും.
ഏകദേശം 1600 കിലോമീറ്റർ നീളം വരുന്ന ഈ പദ്ധതിക്ക് 5.7 ബില്യൺ യു.എസ്. ഡോളറാണ് ചെലവ് പ്രതീക്ഷിക്കുന്നത്. നിർമാണത്തിന് കുറഞ്ഞത് രണ്ടരവർഷമെങ്കിലും സമയമെടുക്കുമെന്നതിനാൽ ഹോർമുസ് കടലിടുക്കിന് പെട്ടെന്നൊരു പകരക്കാരനാകാൻ ഈ പാതയ്ക്ക് കഴിയില്ലെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. ദക്ഷിണ ഇറാഖിൽനിന്നും ബനിയാസ് തുറമുഖത്തേക്ക് നിലവിൽ ഓയിൽ ടാങ്കറുകൾ സർവീസ് നടത്തുന്നുണ്ടെന്ന് വാഷിങ്‌ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.















